അപ്പൂപ്പന്താടിപോലെ പറന്നുപറന്ന് നാല്‍പ്പത്തഞ്ച് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം പെട്ടന്നൊരു സുപ്രഭാതത്തില്‍ ആ പഴയ കഥാപാത്രങ്ങള്‍ എന്റെ മുന്നില്‍ നിന്ന് ചിരിക്കുകയാണ്. അത്ഭുതത്തോടെ, അതിലുപരി അമ്പരപ്പോടെ ഞാന്‍ കണ്ണടച്ചും തിരുമ്മിയും വീണ്ടും തുറന്നു നോക്കി. സംശയമില്ല, അവര്‍ തന്നെ. ഉണ്ടായിരിക്കണം എന്നാജ്ഞാപിച്ച ഓര്‍മകളൊന്നും അനുസരിച്ചിട്ടില്ല. പക്ഷേ, മറവിയുടെ കയങ്ങളില്‍ നിന്നും അവയ്ക്ക് ജീവനോടെ പൊങ്ങിവരാനാകും. തീര്‍ച്ച. ഒരൊഴിവു ദിവസത്തിന്റെ ആലസ്യത്തില്‍ ചപ്പാത്തി മാവു കുഴയ്ക്കുകയായിരുന്നു ഞാന്‍. കൈ കഴച്ചതിനൊപ്പം മനസിനും ഒരു മടുപ്പ്. കാര്യമെന്തന്നല്ലേ? അവര്‍, ആ പഴയ കഥാപാത്രങ്ങള്‍ ജീവന്‍വച്ച് നടന്നുകയറി. ചവിട്ടി മെതിച്ച്, ഉഴുതുമറിച്ച് എന്റെ മനസ്സിനെ ഓര്‍മയുടെ ഞാറ്റടിയാക്കി മാറ്റിയിരിക്കുന്നു. ക്ഷീണം പിടിപ്പിച്ച ഓര്‍മയില്‍ ബേബിച്ചനും ലില്ലിയും സൗദാമിനി ടീച്ചറും ഒക്കെ ഒരു നൂറു പകലുകള്‍ക്കും അതിലേറെ രാവുകള്‍ക്കും ശേഷം എന്തിനാണാവോ എന്റെ മനസ്സിലേക്ക് ചേക്കേറിയത്! പഴയൊരു നൊമ്പരത്തിന്റെ ചെറുതോണിയിളക്കം.
അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ ആയിരിക്കണം ആ പുസ്തകം പഠിക്കാനുണ്ടായിരുന്നത്-ഒരു കഥയും കുഞ്ഞുപെങ്ങളും. മുട്ടത്തുവര്‍ക്കിയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിഷ്കളങ്കാഖ്യായിക ഏതെന്നു ചോദിച്ചാല്‍ ഉത്തരവും ഇതുതന്നെ. വല്യമ്മയുടെ ക്രൂരതയില്‍ നിന്നും രക്ഷനേടാന്‍ നാട്ടുവഴിയിലേക്കിറങ്ങിയ ബേബിയും സഹോദരി ലില്ലിയും. അവര്‍ വേര്‍പിരിഞ്ഞ് അന്യോന്യമറിയാതെ വളര്‍ന്ന് വലുതാകുന്നു. കുഞ്ഞുപെങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്ന, ഒരു കുഞ്ഞിക്കുട-സ്വര്ണപക്ഷിയുടെ പിടിയുള്ള ആ കുട ബേബി മനസ്സില്‍ എന്നും സൂക്ഷിച്ചുവച്ചു, അവള്‍ക്കുകൊടുക്കാന്‍.
വര്‍ഷങ്ങള്‍ കഴിഞ്ഞ് അവര്‍ കണ്ടുമുട്ടുന്നു, ഞങ്ങളാഗ്രഹിച്ച പോലെ. ഓരോ പേജും കഴിയുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി എത്ര പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നോ! സഹോദരിയെക്കണ്ട ബേബി മറക്കാതെ സമ്മാനിക്കുന്നത് ആ സ്വപ്നക്കുടതന്നെയാണ്. ഒരായുഷ്കാലം മുഴുവന്‍ സഹോദരിയുടെ സ്വപ്നം സൂക്ഷിച്ച സഹോദരന്റെ കഥയായി ആ നോവല്‍ പര്യവസാനിക്കുന്നു. ആ രണ്ടാം കൂടിച്ചേരല്‍ കണ്ണുനിറച്ച് ഞാന്‍ കണ്ടു, കസേരയില്‍ ചാഞ്ഞിരുന്ന്. ഒരു മധുരനൊമ്പരത്തിന്റെ നിശ്വാസം.
ഞാനോര്‍ത്തു, എന്താണ് ഈ ആങ്ങളയേയും പെങ്ങളെയും ഞാന്‍ ഓര്‍ക്കാനുള്ള കാരണം?. വര്‍ഷങ്ങളെത്ര കടന്നുപോയി! വെളുത്ത മുടിയിഴകള്‍ കണ്ണിനുമുകളില്‍ ഇളകിയാടാന്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും ഇപ്പോള്‍…അധികം മിനക്കെടേണ്ടി വന്നില്ല. മനസ്സില്‍ ഉത്തരമായി തെളിഞ്ഞത് മറ്റൊരു ചിത്രം. സുഹൃത്തിന്റെ മകന്റെ പെണ്ണുകാണല്‍ ചടങ്ങാണ്. ബന്ധുക്കളൊക്കെയുണ്ടെങ്കിലും എല്ലാത്തിനും ഞാന്‍ കൂടെവേണം. ദൂരെയൊരു ഗ്രാമത്തിലാണ് പെണ്‍വീട്. വീട്ടില്‍ നിറയെ കുട്ടിയുടെ ബന്ധുക്കള്‍. ചെറുക്കന് നേരത്തെ കുട്ടിയെ കണ്ടതിനാല്‍ കാര്യങ്ങള്‍ ഏതാണ്ട് ഉറച്ചതുപോലെയാണ്. സാമാന്യമര്യാദ കുശലപ്രശ്നങ്ങളും മറ്റും കഴിഞ്ഞപ്പോള്‍ വളരെപ്പെട്ടന്ന് ഞങ്ങള്‍ അന്യോന്യം ബന്ധുക്കളായി മാറി. സ്നേഹമുള്ള കുടുംബം. എന്റെ സുഹൃത്തിന്റെ മനസ്സിലും മുഖത്തും സന്തോഷം തന്നെ. പോരാന്‍ നേരത്ത്, അനാവശ്യമായിട്ടായിരിക്കണം ഞാന്‍ ചോദിച്ചു. പെണ്‍കുട്ടിക്ക് ഒരു സഹോദരനല്ലേ കൂടപ്പിറപ്പായിട്ടുള്ളത്; അവനെ കണ്ടില്ലല്ലോ? പെണ്ണിന്റെ അമ്മ ചിരിച്ചുകൊണ്ട്(ലൈറ്റില്ലാത്തതുകൊണ്ടും പുറത്ത് മഴക്കാറുള്ളതുകൊണ്ടും അത് വിളറിയ ചിരിയാണോ എന്ന് മനസ്സിലായില്ല) പറഞ്ഞു: അവന്റെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമാണ് ഇന്ന്. അവന് അങ്ങോട്ടുപോയി, വരാന്‍ കുറച്ചുവൈകും. എന്റെ നെഞ്ചിലെന്തിനാണ് പിടപ്പ് അനുഭവപ്പെട്ടതെന്ന് എനിക്കറിയില്ല. ഒരു വിങ്ങല്‍. അവര്‍ക്കില്ലാത്ത കണ്നനവ് എനിക്കെന്തിനാണ് എന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചു.
ഏകസഹോദരിയുടെ പെണ്ണുകാണലും വിവാഹമുറപ്പിക്കലും നടക്കുന്ന സമയത്ത് ഏക സഹോദരന് വലുത് തന്റെ കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹമായിരുന്നു എന്ന തിരിച്ചറിവ് എനിക്ക് താങ്ങാവുന്നതിലും കൂടുതലായിരുന്നു. ഇതാണോ ന്യൂജെന്‍ എന്നവകാശപ്പെടുന്ന നവതലമുറ?. കൂടുവിട്ടു കൂടുമാറുന്ന ബന്ധങ്ങള്‍ എന്റെ തലമുറയ്ക്ക് മനസ്സിലാവാഞ്ഞിട്ടാണോ? സ്വന്തം വീട്ടില്‍ കാണിക്കാത്ത സ്നേഹവും അടുപ്പവും സുഹൃത്തിനോടായിക്കൊള്ളട്ടെ. മറ്റുള്ളവരോടുവേണോ?. വെറുതെയാണോ പഴയ കുടയും കുഞ്ഞുപെങ്ങളും എന്റെ ചങ്കിടിപ്പിലേക്ക് ചേക്കേറിയത്.
കുടുംബ ബന്ധങ്ങളും കുടുംബ ബോധവും ഇന്നത്തെ കുട്ടികള്‍ക്ക് വെറും കടംകഥയാവുന്നുണ്ടോ എന്നു സംശയിക്കേണ്ടയിരിക്കുന്നു. സ്വന്തം ശരികളുടെ ലോകത്താണ് സ്ഥിതപ്രജ്ഞരായി അവര്‍ വിലസുന്നത്. അതുമാത്രമാണവരുടെ ശരി. ഇന്നത്തെ കുഞ്ഞുങ്ങള്ക്കെന്തുപറ്റി. സ്വാര്‍ത്ഥത, സ്വന്തം സന്തോഷം?. ആലോചിച്ചപ്പോള്‍ കിട്ടിയത് ഒരു മറുചോദ്യമാണ്. നിങ്ങളെന്തിനാണ് ഇത്തരം ചിന്തകളിലേക്ക് കൂപ്പുകുത്തുന്നത്. ലോകമേ തറവാട് എന്നൊക്കെ പറഞ്ഞാല്‍ മതിയോ?. പക്ഷേ സ്വന്തം വീട്ടില്‍ തുറക്കാത്ത സ്നേഹം എങ്ങനെ മറ്റൊരാള്‍ക്കു കൊടുക്കാനായി കയ്യിലുണ്ടാകും?. നിങ്ങള്‍ കാണിക്കുന്നത് സ്നേഹമല്ല, കാട്ടിക്കൂട്ടലാണ്. അടിപൊളിയായി ജീവിച്ചുതീര്‍ക്കല്‍. അവിടെ സ്നേഹബന്ധമോ ഉത്തരവാദിത്തമോ ഇല്ല. കൂട്ടുകൂടി ജീവിതം അടിച്ചുപൊളിച്ചു തീര്‍ക്കുക. അത് ജീവിതം കൂട്ടിത്തീര്ക്കലല്ല, കിഴിച്ചു തീര്‍ക്കലാണ് എന്ന് മനസിലാക്കുമ്പോഴേക്കും ഒരൂപാടു വൈകും. ജീവിതത്തിന് റീടേക്കുകളില്ല എന്ന പരസ്യവാചകമെങ്കിലും ഓര്‍ക്കണ്ടേ?. കഷ്ടം പുതിയ തലമുറയുടെ വിധി നിഷേധ സങ്കല്പങ്ങളിലേക്ക് ഓട്ടക്കണ്ണിട്ടുനോക്കിയാല്, ഓടിത്തീര്‍ത്ത കാല്പാടുപോലും അവിടെ കാണാനുണ്ടാവില്ല.
സ്വന്തം സന്തോഷത്തിന് വേലികളും വരമ്പുകളും ഇടുന്ന തരത്തിലേക്ക് നമ്മുടെ കുട്ടികളെത്തിയത് എങ്ങനെയാണാവോ. സ്വന്തം കാര്യത്തിനുമാത്രം സിന്ദാബാദു വിളിക്കുന്ന സങ്കുചിത മനോഭാവത്തിലേക്ക് എങ്ങനെയാണവരെത്തിയത്. സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തില്‍ തകര്‍ത്തു സന്തോഷിക്കലാണ് പരമപ്രധാനമെന്ന് ചിന്തിക്കുന്നവന് സ്വന്തം പെങ്ങള് എന്നത് ഒരു ഹൃദയവികാരമല്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. ഒന്നുമാത്രം മനസ്സിലാക്കുന്നു. നമ്മുടെ കുട്ടികള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളിലേക്ക് മാത്രം ഒതുങ്ങുകയാണ്. ശക്തമായ ഒരു കുടിയേറ്റം. അവിടെ വിട്ടുവീഴ്ചകളില്ല. അവരുടെ മനസ്സിന്റെ കടലാസിന് മാര്‍ജിനുകളുണ്ട്. അവര്‍ക്ക് വീട്, വീട്ടുകാര്‍, ബന്ധം, ഉത്തരവാദിത്തം തുടങ്ങിയവയൊന്നും ബാധകവുമല്ല. സ്വാതന്ത്ര്യബോധത്തിന്റെ ആറാംപടിയില്‍ നില്ക്കുന്ന ഇവരുടെയിടയില്‍ വിവാഹമോചനങ്ങളുടെ പെരുമഴക്കാലം എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?. വിട്ടുവീഴ്ചകളില്ലാത്ത കൊണ്ടാടലുകള്‍ മാത്രമായി ജീവിതത്തെ പുനരടയാളപ്പെടുത്തുന്ന തിരക്കിലാണവര്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: