കേശിനിയില്‍ വിശ്രവസ്സിനുണ്ടായ പുത്രനും രാവണന്റെ അനുജനുമാണ് കുംഭകര്‍ണ്ണന്‍. ഒട്ടേറെ അപ്‌സരസുകളേയും മഹര്‍ഷിമാരേയും അയാള്‍ കൊന്നു തിന്നിട്ടുണ്ട്. പിന്നീട് ഐരാവതത്തിന്റെയും ദേവേന്ദ്രന്റെയും നേരേ തിരിഞ്ഞ് നന്നായി അധിക്ഷേപിക്കയും ചെയ്തു. അതിനാല്‍തന്നെ ബ്രഹ്മാവിന്റെ ശാപം ധാരാളം കുംഭകര്‍ണന് കിട്ടിയിട്ടുമുണ്ട്.
പിന്നീട് രാവണാദികളെല്ലാവരും ചേര്‍ന്ന് വരസിദ്ധിക്കായി ബ്രഹ്മാവിനെ തപസുചെയ്യുവാന്‍ പുറപ്പെട്ടു. പഞ്ചാഗ്നി മദ്ധ്യത്തില്‍ നിന്നായിരുന്നു ഇവരുടെ തപസ്. ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് വരങ്ങള്‍ നല്‍കി. നിര്‍ദേവത്വം(ദേവന്മാരില്ലാതാവാന്‍)എന്നവരം ചോദിക്കുവാനൊരുങ്ങി കുംഭകര്‍ണ്ണന്‍. ഇതുമനസ്സിലാക്കിയ സരസ്വതീദേവി രാക്ഷസന്റെ നാറുന്ന വായ്‌ക്കകത്തു കയറി. മൂക്കുപൊത്തിപ്പിടിച്ചിരുന്നു ബ്രഹ്മാവിനോട് ചോദിച്ചത് നിദ്രാവത്വമായി. അങ്ങനെ അയാള്‍ എപ്പോഴും ഉറക്കംതന്നെയായി. ആകെക്കൂടി ഒരുദിവസമാണ് ഉണര്‍ന്നിരിയ്‌ക്കുക. അന്നാണെങ്കില്‍ ഭയങ്കരമായ തീറ്റയുമാണ്.
ഒരുതവണ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വീണ്ടും ഉറക്കം തുടങ്ങി അധികമാവും മുന്‍പായിട്ടാണ് രാമ -രാവണ യുദ്ധം നടന്നത്. രാവണനെകൊല്ലുമെന്നമട്ടുവന്നപ്പോള്‍ നല്ല ശക്തിയുള്ള കുംഭകര്‍ണ്ണനെ രാവണന്‍ ഉണര്‍ത്തി വിടുകയായിരുന്നു. പക്ഷേ ശ്രീരാമന്റെ കൈകൊണ്ട് മരിയ്‌ക്കാനായിരുന്നു വിധി.
















