ബത്തേരി :നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ റയില്‍പാതയുടെ പുതിയ അലൈന്‍മെന്റിനായുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ കമ്പനി രൂപീകരണ നടപടികള്‍ ആരംഭിക്കാമെന്ന് ഡോ:ഇ.ശ്രീധരന്. നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോ:ഇ.ശ്രീധരന് ഈ കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള 2004 ലെ സര്‍വ്വേയിലെ അപാകതയാണ് നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാതയുടെ പ്രധാന തടസ്സമെന്നാണ് ഡോ:ഇ.ശ്രീധരന്റെ വിലയിരുത്തല്‍. നിലമ്പൂരിനും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലെ പാതയുടെ ഉയരവര്ദ്ധത നിലവിലെ 100 മീറ്ററിന് ഒരു മീറ്റര്‍ എന്നതിനു പകരം 50 മീറ്ററിന് ഒരു മീറ്റര്‍ എന്ന നിലയിലാക്കിയാല്‍ പാതയുടെ ദൂരത്തില്‍ 80 കി.മീ യിലധികവും ചെലവില്‍ 2000 കോടി രൂപയിലധികം ലാഭിക്കാനാവും. ഇത്തരത്തില്‍ വീണ്ടും സര്‍വ്വേ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെടുകയും അതിന്റെ ചെലവ് വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പാതക്ക് സംസ്ഥാനസര്‍ക്കാര്‍ പകുതി ചെലവ് വഹിക്കാമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പാതനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കമ്പനി രൂപീകരിച്ച് നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത നടപ്പാക്കുന്നതാണ് പ്രായോഗികമെന്ന് ഡോ:ഇ.ശ്രീധരന് അഭിപ്രായപ്പെട്ടു. ഇനപ്പോള് നടക്കുന്ന സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഈ റയില്‍പാതക്ക് ജപ്പാനില്‍നിന്നുള്ള ജെക്ക ധനസഹായം ലഭ്യമാക്കണമെന്ന് ഡോ:ഇ.ശ്രീധരനോട് ആവശ്യപ്പെട്ടു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മെട്രോപദ്ധതികള്‍ക്ക് ജെക്ക ധനസഹായം ഡോ:ഇ.ശ്രീധരന് മുഖേനയാണ് ലഭിക്കുന്നത്. ഈ ആവശ്യം സര്‍വ്വേ കഴിഞ്ഞാല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും ഡോ:ഇ.ശ്രീധരന് ഉറപ്പു നല്കി. ചര്‍ച്ചയില്‍എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, ഭാരവാഹികളായ വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ.മത്തായി, അഡ്വ:പി.വേണുഗോപാല്‍, ഫാ:ടോണി കോഴിമണ്ണില്‍, റാം മോഹന്‍, എ.കുഞ്ഞിരാമന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: