മൂലമറ്റം: യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് ആരോപിച്ചു. അഴിമതിക്കും നിയമന നിരോധനത്തിനും പ്രീണന രാഷ്ട്രീയത്തിനും എതിരെ യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ് രതീഷ് നേതൃത്വം നല്കുന്ന രാഷ്ട്രീയ പ്രചരണ സൈക്കിള്‍ ജാഥ മൂലമറ്റത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ മികച്ച വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്രഖ്യാപിതമായ നിയമനിരോധനത്തനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫും നടത്തുന്ന ഈ ഒത്തുകളി രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ പ്രതികരിച്ചതിന് ഉദാഹരണമാണ് അരുവിക്കരയില്‍ ബിജെപി നടത്തിയ വന്‍ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ എല്ലാ പഞ്ചായത്തുകളിലും ബിജെപിയുടെ പ്രതിനിധി ഉണ്ടാകുന്ന എന്ന ലക്ഷത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതെന്നും വേലുക്കുട്ടന് പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറിപി.ആര് വിനോദ്, വൈസ് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്, യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം കെ.കെ രാജു, ബി. ശരവണന്, യു. അനീഷ് എന്നിവര്‍ സംസാരിച്ചു. അനുകൂലമല്ലാത്ത കാലാവസ്ഥയിലും നൂറുകണക്കിന് യുവാക്കളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. സൈക്കിള്‍ ജാഥയ്ക്ക് തൊടുപുഴ നിയോജകമണ്ഡലത്തിലെ അമ്പതോളം സ്ഥലങ്ങളില്‍ സ്വീകരണം നല്കി.വൈകിട്ട് തൊടുപുഴയില്‍ നടന്ന സമാപന സമ്മേളണം യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. സുധീര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: