അഗളി: ബാങ്ക് വായ്പക്ക് ഈടായി നല്കിയ ഭൂമി പണയവിവരം മറച്ചുവച്ച് വില്പന നടത്തി. ഭൂമിവാങ്ങിയ വിധവയും മക്കളും ജപ്തി ഭീഷണിയില്‍. അട്ടപ്പാടി പുതൂര്‍ ആനക്കല്ല് കിഴക്കേപാലിയത്ത് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മയും മക്കളുമാണ് തങ്ങള്‍ക്ക് ബന്ധമില്ലാത്ത വായ്പയുടെ പേരില്‍ ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്നത്.
2010 മേയ് 18ന് പാക്കുളം സ്വദേശിയായ അഫ്സല് എന്നയാളില്‍ നിന്നാണ് അന്നമ്മ പതിനാലര സെന്റ് സ്ഥലം വാങ്ങിയത്. ഇതില്‍ പിന്നീട് പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീട് നിര്‍മിച്ചത്. ഏതാനും ദിവസം മുമ്പ് പാലക്കാട്ടെ ഒരു ഷെഡ്യൂള്‍ ബാങ്ക് മാനേജരും കോടതി അഡ്വ.കമ്മിഷനുമെത്തി വീടും സ്ഥലവും ജപ്തി ചെയ്യുകയാണെന്ന നോട്ടീസ് നല്കി. അന്വേഷണത്തില്‍ അന്നമ്മയ്ക്ക് സ്ഥലം വില്‍ക്കുന്നതിന് മൂന്ന് മാസം മുന്‍പ് ഇതുള്‍പ്പടെയുള്ള വസ്തു പണയപ്പെടുത്തി അഫ്സലും പിതൃസഹോദരന് അബ്ദുല്‍ റഹ്മാനും 20 ലക്ഷം രൂപ വായ്പയെടുത്തിരുന്നതായറിഞ്ഞു. പലിശയുള്‍പ്പെടെ 35 ലക്ഷത്തിലേറെ രൂപ ബാങ്കിന് കിട്ടാനുണ്ടത്രെ. വായ്പാ വിവരം മറച്ചുവച്ച് ഭൂമി വില്പന നടത്തി തന്നെ വഞ്ചിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് അന്നമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: