പാലക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിലവിലെ ജനറല്‍ വാര്‍ഡുകള്‍ വനിതാ വാര്‍ഡുകളാകും. സംവരണ വാര്‍ഡുകള്‍ ജനറല്‍ വാര്ഡുകളുമാകും. വനിതാ വാര്‍ഡുകളും സംവരണവാര്‍ഡുകളും നിശ്ചയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് 26ന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്താനും തീരുമാനിച്ചു. കളക്ടറേറ്റില്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്. വിജയകുമാര്‍ ഇക്കാര്യമറിയിച്ചത്.
ഒറ്റയക്കം വരുന്ന വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ സീറ്റുകള്‍ വനിതകളായിരിക്കും. ഉദാഹരണത്തിന് 19 വാര്‍ഡുള്ള ഒരു പഞ്ചായത്തില്‍ നിലവില്‍ ജനറലായിട്ടുള്ള 9 വാര്‍ഡുകളും വനിതകള്‍ക്ക് സംവരണംചെയ്യും. നിലവില്‍ വനിതാ വാര്‍ഡുകളായിരുന്ന 10 വാര്‍ഡുകളില്‍ ഒരെണ്ണം നറുക്കെടുപ്പിലൂടെ വനിതകള്‍ക്കായി സംവരണംചെയ്യും. 50 ശതമാനം സംവരണതത്ത്വം പാലിക്കാനാണിത്.
ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ പഞ്ചായത്തിലെയും പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുത്തത്. ഇത്തവണയും അത് തുടരും.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷവും നീതിപൂര്‍വവും സുതാര്യവുമാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച കളക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു.
26ന് 88 ഗ്രാമപ്പഞ്ചായത്തുകളുടെ നറുക്കെടുപ്പ് മാത്രമാണ് നടക്കുക. രാവിലെ ഒമ്പതിന് നറുക്കെടുപ്പ് തുടങ്ങും. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, മണ്ണാര്‍ക്കാട് തുടങ്ങിയ ബ്ലോക്ക്പരിധിയിലുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ യഥാക്രമം പങ്കെടുക്കണം. ഉച്ചയ്ക്ക് ഒന്നുമുതല്‍ നെന്മാറ, ആലത്തൂര്‍, കൊല്ലങ്കോട്, ചിറ്റൂര്‍, കുഴല്‍മന്ദം, മലമ്പുഴ, പാലക്കാട് ബ്ലോക്ക്പരിധിയിലുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ പങ്കെടുക്കണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ജില്ലാപഞ്ചായത്തിന്റെ മണ്ഡലങ്ങളുടെ വിഭജനം സംബന്ധിച്ച കരടുവിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളില്‍ പരിശോധനയ്ക്ക് ലഭ്യമാണെന്ന് ജില്ലാപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: