ഇടുക്കി: മുല്ലപ്പെരിയാറില്‍ പോലീസ് സ്റ്റേഷന് സ്ഥാപിക്കുമെന്ന് ആഭ്യന്തരവകുപ്പ് പ്രഖ്യാപനം നടത്തി രണ്ട് മാസം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനമാണ് മുല്ലപ്പെരിയാറില്‍ ഉണ്ടാകുക എന്നാണ് ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരുന്നത്. പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു നടപടിയും നടപ്പിലായിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമിന് സമീപം പോലീസ് ക്യാമ്പും കുമളിക്ക് സമീപം പ്രത്യേക പോലീസ് സ്റ്റേഷനും സ്ഥാപിക്കാനാണ് നീക്കം. ഇതിനായി വാടക മന്ദിരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
കെട്ടിടമോ സംവിധാനങ്ങളോ ഒന്നുമില്ലെങ്കിലും മുല്ലപ്പെരിയാറിലെ സ്പെഷ്യല്‍ സ്റ്റേഷനിലേക്ക് മൂന്ന് സി.ഐമാരെ ഒരാഴ്ച മുന്‍പ് നിയമിച്ചിരുന്നു. ഓമനക്കുട്ടന്, ഇ പി റെജി, മുഹമ്മദ് നിസാര്‍ എന്നീ സി.ഐമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ ഇ.പി റെജി മാത്രമാണ് നാല് ദിവസം മുന്‍പ് ചാര്‍ജ്ജെടുത്തത്. മറ്റ് ഉദ്ദ്യോഗസ്ഥരുടെ കാര്യത്തില്‍ ഒരു വ്യക്തതയും ഇതുവരെ ഉണ്ടായിട്ടില്ല. ചാര്‍ജ്ജെടുത്തിരിക്കുന്ന സി.ഐ കുമളി പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ എത്തുന്നത്. തന്ത്രപ്രധാനമായ മുല്ലപ്പെരിയാറില്‍ പ്രത്യേക പോലീസ് സ്റ്റേഷനും പോലീസ് ഫോഴ്സും വേണമെന്ന് ഇടുക്കി എസ്.പിയാണ് ആഭ്യന്തരവകുപ്പിന് മുന്നില്‍ നിര്‍ദ്ദേശം വച്ചത്.
ഈ നിര്‍ദ്ദേശം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയായിരുന്നു. പുതിയ പോലീസ് സംവിധാനം ഈ സീസണില്‍ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രത ഒരു കാലഘട്ടത്തിലും കേരള സര്‍ക്കാര്‍ പുലര്‍ത്തിയിട്ടില്ല. ഡാമുകളുടെ സുരക്ഷ വിലയിരുത്തുന്നതിനുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. സുപ്രീകോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഉന്നതാധികാര സമതിയിയോട് മാസത്തിലൊരിക്കല്‍ യോഗം ചേരാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നത്. തമിഴ്നാടിന് സ്വാധീനമുള്ള ഉന്നതാധികാര സമിതി വഴിതെറ്റിപ്പോയിട്ടും ഈ വിവരം സുപ്രീ കോടതിയെ കേരളം അറിയിക്കുന്നില്ല. ഇത്തരം ഉത്തരവാദിത്വമില്ലായ്മയാണ് മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷന്റെ കാര്യത്തിലും കേരളം പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: