കൊച്ചി: പിന്നണി ഗായിക രാധിക തിലകിന് സംഗീത ലോകത്തിന്റെ അന്ത്യാഞ്ജലി. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ രാധിക തിലകിന്റെ മൃതദേഹം എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു.
പനമ്പള്ളി നഗറിലെ ആര്വിന് റോസ് ഡെയ്ല്‍ അപ്പാര്‍ട്ട്മെന്റില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിനിമാ, സംഗീത, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു, എംഎല്‍എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, സിനിമാ മേഖലയില്‍ നിന്ന് നടന്മാരായ മമ്മൂട്ടി, സിദ്ധിക്, സംവിധായകന് രഞ്ജിത്ത്, സംഗീത സംവിധായകന്മാരായ എം.കെ.അര്ജുനന് മാസ്റ്റര്‍, ദീപക് ദേവ്, ഗായകരായ മധു ബാലകൃഷ്ണന്, സുജാത മോഹന്‍, ശ്വേതാ മോഹന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
വൈകുന്നേരം അഞ്ചേകാലോടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്നും മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ആറോടെ സംസ്കാരം നടന്നു. രാധികയുടെ ഭര്‍ത്താവ് സുരേഷിന്റെ സഹോദരപുത്രന് സതീഷാണ് സംസ്കാര കര്‍മ്മങ്ങള്‍ നടത്തിയത്.
അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്ന രാധിക ഞായറാഴ്ച്ച രാത്രി 8.15 ഓടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി സംഗീത ലോകത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ലളിതഗാനത്തിലൂടെ സിനിമാ സംഗീത ലോകത്തെത്തിയ രാധിക എഴുപതോളം സിനിമാ ഗാനങ്ങളും അതിലേറെ ലളിത, ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പറവൂര്‍ ചേന്ദമംഗലം പി ജെ തിലകന് വര്‍മയുടെയും പരേതയായ ഗിരിജാദേവിയുടെയും മകളാണ്. നിയമ വിദ്യാര്‍ഥിനിയായ ദേവികയാണ് മകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: