കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ നാദം 2015 ന് നാളെ തുടക്കമാകുമെന്ന് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് ഡയറക്ടറും രജിസ്ട്രാറുമായ എം.ആര്.ഉണ്ണി അറിയിച്ചു.
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന പഞ്ചദിന അന്താരാഷ്ട്ര സംഗീത ശാസ്ത്ര സംഗമം മാമ്മന്‍ മാപ്പിള ഹാളില്‍ 23ന് ആരംഭിക്കും. ആദിമ-അത്യാധുനിക വാദ്യോപകരണശേഖര പ്രദര്‍ശനം, അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാല സംഗീതോല്‍സവം, പ്രശസ്ത കലാകാരന്മാരുടെ കലാസന്ധ്യകള്‍ നടക്കും.
സംഗീതത്തിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ 25ന് ഹോട്ടല്‍ ക്രിസോബറില്‍ നടക്കും. ശാസ്ത്രത്തിന് സംഗീതലോകത്തിന് നല്കുവാന് കഴിയുന്ന സംഭാവനകളെയും സംഗീതം മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങളെയും പറ്റിയുള്ള ഗവേഷണങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള സംഗീത ശാസ്ത്ര കേന്ദ്രത്തിനാവശ്യമായ അക്കാദമിക, വിജ്ഞാനാടിത്തറ സൃഷ്ടിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തെ വിവിധ സംഗീതസ്മൃതികളില്‍ നിന്നുമായി തെരഞ്ഞെടുത്ത 600ല്‍പ്പരം സംഗീതോപകരണങ്ങള്‍ കാണുവാനും അവയുടെ വാദനരീതി പരിചയപ്പെടാനുമുള്ള അവസരവും ലഭിക്കും. വിവിധ കേരളീയ സംഗീതോപകരണങ്ങളുടെ നിര്‍മ്മാണം നേരിട്ട് മനസ്സിലാക്കാനും നാദം 2015 ല്‍ അവസരമുണ്ട്.
23ന് രാവിലെ 9 ന് എം.ജി സര്‍വ്വകലാശാലയുടെ മേഖലാതലത്തില്‍ വിജയികളായ കലാകാരന്മാര് മാത്രം പങ്കെടുക്കുന്ന കലാമത്സരങ്ങള്‍ നടക്കും. 24 മുതല്‍ 27 വരെ അന്തര്‍സര്‍വ്വകലാശാല സംഗീതോത്സവം നടക്കും.
23ന് വൈകിട്ട് 6.30ന് കര്‍ണ്ണാടക സംഗീതജ്ഞന് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരി, 24ന് വൈകിട്ട് 5 മുതല്‍ എം.ജി സര്‍വ്വകലാശാല ബാന്‍ഡിന്റെ പാശ്ചാത്യ സംഗീത പരിപാടി, 6ന് രത്നശ്രീ അയ്യരുടെ തബല വാദനം, 7ന് സൈലേഷ് ഭഗവതിന്റെ ഷെഹനായ് കച്ചേരി ഉണ്ടാകും. 25ന് വൈകിട്ട് 6 ന്് സംഗീത ഗവേഷകനായ സ്വരവീണ പാണിയുടെ 72 മേളകര്‍ത്താ രാഗങ്ങള്‍ ഒന്നിച്ച് അവതരിപ്പിക്കുന്ന റിസര്‍ച്ച് ഡെമോണ്സ്ട്രേഷന് നടക്കും. 6.45ന് ഉദയ് ശങ്കറിന്റെ ചിത്രവേണു വാദനവും പ്രഭാഷണവും ഉണ്ടാകും. 7.45ന് അമേരിക്കയിലെ വിസ്കോണ്സണ് യൂണിവേഴ്സിറ്റിയുടെ കോറല്‍ മ്യൂസിക് പ്രോഗ്രാം. 26ന് വൈകിട്ട് 5.30ന് വിഖ്യാത ഗസല്‍ വാദകന്‍ ഷഹ്ബാസ് അമന്റെ ഗസലും, 7 ന് കലാമണ്ഡലം ഗോപിയുടെ കര്‍ണ്ണശപഥം കഥകളി. സമാപന ദിവസമായ 27ന് അസ്ട്രാ13 ബാന്‍ഡിന്റെ സംഗീത പരിപാടിയും നടക്കും.
നാദം 2015 25ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബസ്റ്റ്യന്റെ അദ്ധ്യക്ഷതവഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അന്താരാഷ്ട്ര സംഗീത പ്രദര്‍ശനവും സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സംഗീതോത്സവവും അന്തര്‍സര്‍വ്വകലാശാല സംഗീത മല്‍സരം ജോസ്.കെ.മാണി എം.പി.യും ആര്‍ക്കൈവ്സ് കെ.സുരേഷ്കുറുപ്പ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.
27ന് പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ അദ്ധ്യക്ഷത വഹിക്കും. സമാപന യോഗം മന്ത്രി പി.കെ.അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, എം.ജി സര്‍വ്വകലാശാല സ്റ്റാഫ് ക്രിക്കറ്റ് ക്ലബ്ബ്, സാഖ്യ വില്ലേജ് എന്നിവരുടെ സഹകരണത്തോടെയാണ് നാദം 2015 സംഘടിപ്പിച്ചിരിക്കുന്നത്.
എസ്.ബി.റ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷെര്‍ളി മാത്യു, ബ്രാഞ്ച് മാനേജര്‍ ആഷാ അശോക്, സര്‍വ്വകലാശാല പി.ആര്.ഒ ജി.ശ്രീകുമാര്‍, സംഗീത ശാസ്ത്ര പഠനകേന്ദ്രത്തിലെ അനീഷ് നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: