അമ്പലപ്പുഴ കേന്ദ്രമാക്കി മാനുഷിക ധ്യാനവും മൈത്രീഭാവനയും കൊണ്ട് സാര്‍വ്വ ലൗകികമായ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വിശുദ്ധ മാനവികതയുടെ വിളക്കുമാടമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്. വിഭാഗീയതയ്‌ക്കതീതമായി ജനങ്ങളെ നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എല്ലാവരും വേണ്ടപ്പെട്ടവരാണെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞ് ചെറു സമൂഹങ്ങളായി അന്യോന്യം ജീവിതം നയിക്കുകയെന്നതായിരുനനു അദ്ദേഹത്തിന്റെ ദര്‍ശനസിദ്ധാന്തം. അത് സാക്ഷാത്കരിക്കാന്‍ അയല്‍ക്കൂട്ടങ്ങള്‍ വിളിച്ചുകൂട്ടി തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരുജന്മതന്നെ ഉഴിഞ്ഞുവച്ചു. ഇന്നത്തെ കുടുംബശ്രീ സങ്കല്പത്തിന്റെയും നാട്ടുകൂട്ടായ്‌മകളുടെയും ഒക്കെ പിതൃത്വം പങ്കജാക്ഷക്കുറുപ്പിന് അവകാശപ്പെട്ടതാണ്. ആത്മസമര്‍പ്പിതമായ കര്‍മ്മംകൊണ്ട് യജ്ഞസദൃശമായ ആ ജീവിതത്തിന് 2004 സപ്തംബര്‍ 20ന് തീരശീല വീണു. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാര്‍ഷികം അമ്പലപ്പുഴ നീര്‍ക്കുന്നം സ്‌കൂളില്‍ ഇന്നാചരിക്കും. 1923 ജനുവരി 14ന് കഞ്ഞിപ്പാടത്ത് വട്ടപ്പായിത്ര കൃഷ്ണപ്പണിക്കരുടെയും കുട്ടിയമ്മയുടെയും മകനായാണ് ജനനം. 33 വര്‍ഷം പുന്നപ്ര യൂപി സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹംതികഞ്ഞ ഗാന്ധിയനായിരുന്നു. നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദര്‍ശനം എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ മുഖപത്രം ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പറഞ്ഞ മഹാത്മജിയെപ്പോലെ വാക്കിലും നോക്കിലും കര്‍മ്മത്തിലും സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തി ഒരു കാലഘട്ടത്തിന്റെ ചൈതന്യമായിരുന്ന ആ ഗുരുനാഥന്റെ പവിത്ര സ്മൃതികള്‍ക്കു മുന്നില്‍ സാദരപ്രണാമം.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍
















