പുന്നപ്ര: ദേശീയപാതയില്‍ പുന്നപ്ര പോലീസ്‌സ്റ്റേഷന് സമീപത്തെ ഗര്‍ത്തം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീതിയുളവാക്കുന്നു. ആറുമാസക്കാലമായി മുന്നടി വിസ്തീര്‍ണ്ണത്തില്‍ പൊട്ടിപ്പൊളിഞ്ഞുകിടന്നിട്ടും, അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ദേശീയപാത അധികൃതരില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്കുശേഷം ദേശീയപാത പൊട്ടിപ്പൊളിയുകയാണെങ്കില്‍ ഇതുവീണ്ടും പുനരുദ്ധരിക്കാണമെന്നുള്ള സര്‍ക്കാര്‍ നിയമം ദേശീയപാത അധികൃതരും കരാറുകാരും അട്ടിമറിച്ചിരിക്കുകയാണ്. അപകടം വരുത്തുന്ന വാഹനങ്ങള്‍ സംഭവസ്ഥലത്തു നിര്‍ത്താതെപോകുമ്പോള്‍ വാഹനങ്ങള്‍ പിടികൂടാന്‍ പോലീസുകാര്‍ക്ക് വയര്‍ലെസ് മെസേജ് ലഭിയ്‌ക്കുമെങ്കിലും ദേശീയപാതയോരത്തെ പടുകുഴി അപകടം വരുത്തിവയ്‌ക്കുന്നതിനാല്‍ പുന്നപ്ര പോലീസ്‌സ്റ്റേഷനുസമീപം പരിശോധന നടത്താന്‍പോലും സാധിക്കാത്ത അവസ്ഥയാണ്. ജില്ലാഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയരുന്നു.
















