തിരുവനന്തപുരം: പക്ഷിസംഗീതവും ഉപകരണസംഗീതവും സമന്വയിപ്പിച്ചുകൊണ്ട് അമേരിക്കന്‍ സംഗീതജ്ഞന് ബെന്‍മിറിന്‍ ചിട്ടപ്പെടുത്തിയ പക്ഷിപ്പാട്ടുകളുടെ അവതരണം ഹൃദ്യമായ സംഗീതവിരുന്നായി. വനംവകുപ്പ് ആസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ച ഈ സംഗീവിരുന്ന് ആസ്വദിക്കാന്‍ പക്ഷിസ്നേഹികളും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. പശ്ചിമഘട്ടത്തിലെ അപൂര്‍വ പക്ഷികളുടെ സംഗീതം ഉപകരണങ്ങളുടെ സഹായത്തോടെ താളാത്മകമായി മിശ്രണം ചെയ്ത് ശ്രോതാക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ലോകപ്രശസ്ത അമേരിക്കന്‍ സംഗിതജ്ഞനായ ബെന്മിറിനും സംഘവും. വനംവകുപ്പ് സാമൂഹ്യവനവത്ക്കരണ വിഭാഗമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സംഗീതാത്മകമായ ഒട്ടേറെ ശബ്ദങ്ങള്‍ പ്രകൃതിയില്‍ നിന്നെടുത്ത് കൂട്ടിക്കലര്‍ത്തി ഇവിടെ അവതരിപ്പിക്കുകയായിരുന്നു. ഊട്ടിയിലെ പര്‍വതനിരകളില്‍ മാത്രം കാണുന്ന അപൂര്‍വ ഇനം തവളകളുടെയും പക്ഷികളുടെയും ശബ്ദവും റെക്കോഡുചെയ്തിട്ടുണ്ട്. മൂന്നാര്‍, കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളില്‍ പക്ഷികള്‍ ചിരിക്കുന്നത് അനുഭവവേദ്യമാകുമെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ ഉയര്‍ന്ന പര്‍വതപ്രദേശങ്ങളില്‍ മാത്രം കാണുന്ന ലാഫിംഗ് ത്രഷ്, ഷോര്‍ട്ട് വിങ്, ബഌക്ക് ആന്‍ഡ് ഓറഞ്ച് ഫ്ളൈകാച്ചര്‍, നീലഗിരി പിപ്പറ്റ്്, ഷിമിട്ടര് ബാബഌ തുടങ്ങിയ പക്ഷികളുടെ പാട്ടുകളാണ് അവതരിപ്പിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇവിടെ മാത്രമേ ഇത്തരം പക്ഷികളെ കണ്ടെത്താനായുള്ളൂ. ഇണയെ ആകര്‍ഷിക്കാനാണ് ഇത്തരം സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുക. ജനസാന്ദ്രതയും വനങ്ങളിലെ അധിനിവേശവും കാരണം പക്ഷികളുടെ സംഗീതത്തിലും മാറ്റം വരാം. ജാപ്പനീസ് അമേരിക്കന്‍ സംഗീതസമന്വയത്തിലൂടെ തന്റെ കഥയാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് കേരളത്തിലെ വിവിധ വനപ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് ഇവര്‍ പക്ഷിപ്പാട്ടുകള്‍ റിക്കാര്‍ഡു ചെയ്തത്. സ്വന്തം ശബ്ദം പക്ഷികളുടെ ശബ്ദവുമായി ചേര്‍ക്കുക എന്നത് തന്റെ ജീവിതവൃതമാക്കിയിരിക്കുകയാണ്. നാഷണല്‍ ജ്യോഗ്രാഫിക് ചാനലിനുവേയിയും ബെന്മെറിന് സംഗീതം ചെയതിട്ടുണ്ട്. ബെന്നിന്റെ സംഗീതം ലോകത്തിലെ പല ജീവജാലങ്ങള്‍ക്കും സംവേദനത്തിന് പ്രചോദനമായിട്ടുണ്ട്. വിവിധ പക്ഷികളുടെ സംഗീതം കൂട്ടിച്ചേര്‍ത്ത് ഒരു വ്യത്യസ്ഥ സംഗീതത്തിനു രൂപം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ പക്ഷി ശാസ്ത്രജ്ഞനായ റോബിന് (ബാംഗ്ലൂര്‍) വന്യജീവി ഫോട്ടോഗ്രാഫറായ പ്രസേന്‍ജിത്ത് യാദവ് (ബാംഗ്ലൂര്‍) എന്നിവരാണ് ബന്മിറനൊപ്പമുണ്ടായിരുന്നത്. പരിപാടിയില്‍ പ്രസേന്‍ജിത്ത് യാദവ് പക്ഷികളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ ചിത്രവും പ്രദര്‍ശിപ്പിച്ചു. ബാംഗഌര് സ്വദേശിയായ പസേന്ജിത്ത് യാദവ് വന്യജീവിഫോട്ടോഗ്രഫറും സിനിമാനിര്‍മ്മാതാവുമാണ്. നാഷണല്‍ ജ്യോഗ്രാഫിക് ചാനലിനുവേണ്ടി ഉയര്‍ന്ന മലനിരകളെക്കുറിച്ച് ബെന്മിറിന്റെ സംഗീതസംവിധാനത്തില്‍ ചിത്രം നിര്‍മ്മിച്ചുവരുന്നു. ഇന്ത്യന്‍ പക്ഷിശാസ്ത്രജ്ഞനായ റോബിന് പക്ഷികളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും പശ്ചിമഘട്ടമലനിരകളെക്കുറിച്ചും 15 വര്‍ഷമായി ഗവേഷണം നടത്തിവരികയാണ്. ലോകത്ത് മറ്റെവിടെയും കാണാത്തപക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ലഭിച്ചതായി റോബിന് പറഞ്ഞു. പ്രസേന്‍ജിത്ത് യാദവ് പക്ഷികളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ ചിത്രവും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സംഗീതസമന്വയത്തെക്കുറിച്ചും പക്ഷിസംഗീതത്തെക്കുറിച്ചുമുള്ള വിദ്യര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ബെന്‍മിറിന്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: