ചെറുതോണി: വ്യത്യസ്ത പരിശോധനകള്‍ക്കിടയില്‍ രണ്ടിടങ്ങളില്‍ നിന്നായി ഇടുക്കി പോലീസ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ശേഖരം പിടികൂടി. ചെറുതോണി സിപിഎം ഓഫീസ് കെട്ടിടത്തില്‍ ബേക്കറി നടത്തി വരുന്ന കൂരപ്പള്ളില്‍ കാസീം മുഹമ്മദ് (72), സമീപത്ത് വീടിനോട് ചേര്‍ന്ന് പെട്ടിക്കട നടത്തി വരുന്ന പുത്തന്‍വിളയില്‍ സുശീല ചെല്ലപ്പന് (57) എന്നിവരെ ഇടുക്കി എസ്ഐ ഷൈന്‍ എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെ പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. കാസീമിന്റെ കടയില്‍ നിന്നും 200 പായ്ക്കറ്റ് ഹാന്‍സും, സുശീലയുടെ വീട്ടില്‍ നിന്ന് 287 പായ്ക്കറ്റുകളും കണ്ടെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് കാസീമിനെ ഹാന്‍സ് വിറ്റതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്ന കേസ് നിലനില്‍ക്കുന്നുണ്ട്. ഹാന്‍സിന് പുറമേ ചെറിയ തോതില്‍ കഞ്ചാവ് വില്‍പ്പനയും ഇയാള്‍ നടത്തി വരുന്നതായി നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ ചെറുതോണി ടൗണില്‍ എത്തുന്ന ചില വ്യാപാരികള്‍ക്കും, മറ്റ് ജോലിയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കുമെല്ലാം നല്‍കുന്നതിനായി സഞ്ചിയില്‍ മയക്കുമരുന്നുകളും, പുകയില ഉല്‍പ്പന്നങ്ങളുമായി കാസീം പതിവായി എത്താറുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. പോലീസ് പരിശോധന അറിഞ്ഞെത്തിയ ചില മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ ചീത്ത വിളിക്കുകയും, നടുറോഡില്‍ വച്ച് തല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പോലീസ് കേസ് രജ്സ്റ്റര്‍ ചെയ്ത് പ്രതികളെ ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: