കുമളി : കാര്‍ഷിക മേഖലയായ കുമിളിയില്‍ കൃഷിരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കുന്നതിനുള്ള വിവിധ പദ്ധതികളുമായി മുന്നേറുകയാണ് കുമളി ഗ്രാമപഞ്ചായത്ത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പുമായി സഹകരിച്ച് ജൈവകൃഷി വികസനം, ജൈവപരിപാലനം, മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം തുടങ്ങിയ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പഞ്ചായത്തിനെ ജൈവകൃഷി മേഖലയാക്കി മാറ്റാനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായി സംയോജിത കീടനിയന്ത്രണ പദ്ധതിയിലൂടെ കുരുമുളകിന്റെയും ഏലത്തിന്റെയും ഉല്‍പ്പാദന രംഗത്ത് മികച്ച മുന്നേറ്റം സാധ്യമാക്കുന്ന പദ്ധതികള്‍ക്കാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നത്. കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്കായി 10000 കുരുമുളക് വള്ളികള്‍ കൃഷിവകുപ്പ് വഴി വിതരണം ചെയ്തുകഴിഞ്ഞു. 53 ലക്ഷം രൂപയുടെ ജൈവവള വിതരണവും എല്ലാ കര്‍ഷകര്‍ക്കും ജൈവവള പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രോത്സാഹനവും പഞ്ചായത്ത് നല്‍കുന്നുണ്ട്. പഞ്ചായത്തിലെ ജൈവമാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ശുചിത്വ ഗ്രാമങ്ങളായി മാറ്റുന്നതിനും ജൈവവള സമ്പുഷ്ട കാര്‍ഷിക മേഖലയായി മാറ്റുന്നതിനുള്ള പദ്ധതികള്‍ക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുന്നുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തരിശ് ഭൂമികള്‍ കണ്ടെത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടുകൂടി മരച്ചീനി, കാച്ചില്, ചേമ്പ്, ചേന, വാഴ തുടങ്ങിയ വാര്‍ഷികവിള കൃഷിരീതി പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത്. ഒപ്പം സംഘകൃഷിയിലൂടെയും പാട്ടകൃഷിയിലൂടെയും ഇത്തരം വിളകളെ സംരക്ഷിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്തുന്നു. കൃഷിക്കാവശ്യമായ ജലസേചനത്തിനായി പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ജലസേചന സൗകര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെയും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്നുണ്ട്. ജലം ശേഖരിക്കുന്നതിനായി മഴവെള്ള സംഭരണി, പടുതാക്കുളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും മികച്ച പ്രോത്സാഹനമാണ് പഞ്ചായത്ത് നല്‍കുന്നത്. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിര്‍മ്മിച്ച് പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനുള്ള പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പച്ചക്കറിക്കൃഷി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായുള്ള ഗ്രോബാഗുകളുടെ വിതരണം ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: