ആലപ്പുഴ: ചെറിയ കാര്യങ്ങളുടെ പേരില്‍ കേരളത്തിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുന്ന കാഴ്ച ഏറെ ആശങ്കപ്പെടുത്തുന്നതായി വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി. നിസ്സാര കാര്യങ്ങളുടെ പേരില്‍ കുടുംബന്ധങ്ങള്‍ തകരുന്നത് നമുക്ക് അപമാനമാണ്. കുടുംബബന്ധങ്ങള്‍ക്കായി എന്തു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുന്ന പഴയതലമുറയുടെ പാഠങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും കമ്മിഷനംഗം പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വനിതാകമ്മിഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മദ്യപാനിയായിരുന്ന ഭര്‍ത്താവ് സ്വത്തുക്കളും വസ്തുക്കളും നശിപ്പിച്ചെന്നും രണ്ടു പെണ്‍മക്കള്‍ മാത്രമുള്ള തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ മരണശേഷം കമ്മിഷനെ സമീപിച്ചകേസില്‍ ഭര്‍ത്താവിന്റെ പെങ്ങളും ഭര്‍ത്താവും ചേര്‍ന്ന് ഒരുലക്ഷം രൂപ നല്‍കാന്‍ തയ്യാറായത് ഏറെ ചാരിതാര്‍ഥ്യം നല്‍കിയതായി കമ്മിഷന്‍ പറഞ്ഞു.
നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരത്തില്‍ ആലപ്പുഴ സ്വദേശിനിക്ക് സഹായം നല്‍കാന്‍ തയ്യാറായതില്‍ കമ്മിഷന്‍ സംതൃപ്തി രേഖപ്പെടുത്തി. തുക കമ്മിഷന്റെ മുന്നില്‍വച്ച് കൈമാറി. കുടുംബവഴക്കും സ്വത്തുതര്‍ക്കവുമാണ് കമ്മിഷന്റെ മുമ്പിലെത്തിയ കൂടുതല്‍ കേസുകളും. വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭാര്യയും ഭര്‍ത്താവും പോലും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ആകെ 68 കേസുകളാണ് കമ്മിഷന്റെ പരിഗണനയ്‌ക്ക് വന്നത്. ഇതില്‍ 37 എണ്ണത്തിന് പരിഹാരം കണ്ടു. 11 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. 20 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.
















