കണിയാമ്പറ്റ : കാര്‍ഷികമേഖല ഇന്ന് നേരിടുന്ന തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലയില്‍ ഇനി അഗ്രോ സര്‍വ്വീസ് സെന്ററുകള്‍. കര്‍ഷകരെ സഹായിച്ച് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കൃഷി വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അഗ്രോ സര്‍വ്വീസ് സെന്ററുകള്പ്രവര്ത്തിക്കുക.
കേരളത്തില്‍ ആകെ അനുവദിച്ച 15 സെന്ററുകളില്‍ ഒന്നാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചിത്രമൂലയില്‍ ആരംഭിച്ച അഗ്രോ സര്‍വ്വീസ് സെന്റര്‍. 2014/15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സെന്ററിന് ഭരണാനുമതി ലഭിച്ചത്.
കൃഷിയെ ഉപജീവനമാര്‍ഗമാക്കി ജീവിക്കുന്നവരാണ് ജില്ലയിലേറെയും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും, വസ്തുക്കളുടെയും തൊഴിലാളികളുടെയും ലഭ്യതക്കുറവും കാര്‍ഷികവൃത്തിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയുന്നതിന് പ്രധാന കാരണങ്ങളായി. അതിനാല്‍ തന്നെ ആധുനിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും യുവതലമുറയെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുകയുമാണ് സെന്ററിന്റെ പ്രവര്‍ത്തനലക്ഷ്യം. 25 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികളാണ് സെന്ററിന്റെ കൈവശമുള്ളത്. ടാക്ടര്‍ ഡിസ്ക്, ചെളിപ്പൂട്ട്, ടില്ലര്‍, കാട് വെട്ട് യന്ത്രം, മെതിയന്ത്രം, പവ്വര്‍ സ്പ്രേയര്‍, നാപ്സാക്ക് സ്പ്രേയര്‍, കുഴിക്കല്‍ യന്ത്രം, നടീല്‍ യന്ത്രം, പമ്പ് സെറ്റ്, വാള്, തെങ്ങു കയറ്റ യന്ത്രം, അറബാന തുടങ്ങിയ 31 ഓളം ഉപകരണങ്ങളാണ് കര്‍ഷകര്‍ക്ക് സെന്ററില്‍ നിന്ന് ലഭ്യമാകുക. യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച 25 തൊഴിലാളികളും സെന്ററിന്റെ ഭാഗമാണ്. യന്ത്രങ്ങള്ക്കനുസരിച്ച് മണിക്കൂറിന് 150 രൂപ മുതല്‍ 1200 രൂപ വരെയാണ് വാടകയിനത്തില്‍ ഈടാക്കുന്നത്. റെയ്ഡ്കോ, കെയ്കോ എന്നിവിടങ്ങളില്‍ നിന്നാണ് യന്ത്രസാമഗ്രികള്‍ വാങ്ങിയിട്ടുള്ളത്.
ആസ്ക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ ചെയര്‍മാനായും, കൃഷി അസി.ഡയറക്ടര്‍ ലൗലി അഗസ്റ്റിന് കണ്‍വീനറായും ഹൈപവ്വര്‍ കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ആസ്ക് പ്രസിഡന്റ് റെജിമോന്, സെക്രട്ടറി അനില്‍ കുമാര്‍, പനമരം എ.ഡി.എ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി മാനേജ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കണിയാമ്പറ്റ കൃഷി ഓഫീസര്‍ ആസ്കിന്റെ നോഡല്‍ ഓഫീസറാണ്.
നടീല്‍ വസ്തുക്കളും പച്ചക്കറിത്തൈകളും ഉല്‍പ്പാദിപ്പിക്കുന്നതിനും, കര്‍ഷകര്‍ക്കാവശ്യമായ ബയോ കണ്ട്രോള് ഏജന്റ്സ്, ബയോ വളങ്ങള്‍, കെണികള്‍, ജൈവവളങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനും അവ സെന്ററില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിള സംരക്ഷണ സേന രൂപീകരിക്കല്‍, കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയറിംഗ് എന്നിവ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. മണ്ണ് പരിശോധനയ്ക്ക് സംവിധാനമൊരുക്കുന്നതിനും, മൈക്രോ ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍, റെയിന്‍ ഷെല്‍ട്ടര്‍, പോളി ഹൗസ്, തൊഴുത്ത്, ഫിഷ് പോണ്ട് എന്നിവയുടെ നിര്‍മ്മാണം എന്നിവയില്‍ പരശീലനം നല്‍കാനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങളായ തൊഴിലാളി ക്ഷാമം, കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണ സംവിധാനങ്ങളുടെ കുറവ്, ഇതുമൂലമുണ്ടാകുന്ന നഷ്ടം എന്നിവ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അഗ്രോ സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ രൂപത്തിലെത്തുമ്പോള്‍ കര്‍ഷകര്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍, ഉല്പ്പാദനോപാദികള്, ക്രഡിറ്റ് സംവിധാനം, സംസ്ക്കരണ-വിതരണ സംവിധാനങ്ങള്‍ എന്നവ തയ്യാറാക്കി കാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സെന്ററായും മൊബൈല്‍ ഫാം ക്ലിനിക്കായും പ്രവര്‍ത്തിക്കാന്‍ സെന്ററിനെ സജ്ജമാക്കുന്നതിനായാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ കഴിയുന്ന ഒരിടമായി അഗ്രോ സര്‍വ്വീസ് സെന്റര്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: