കല്‍പ്പറ്റ : ജില്ലയിലെ റോഡുകളില്‍ സീബ്രാലൈനും മറ്റ് സുരക്ഷാ അടയാളങ്ങളും സ്ഥാപിക്കുന്നതിന് തടസം സാങ്കേതികമായ നൂലാമാലകളെന്ന് അധികൃതര്‍. പ്രവൃത്തി ആരും ഏറ്റെടുക്കാനില്ലാത്തതാണ് പ്രധാന തടസമെന്ന് വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. സീബ്രാലൈന്‍ വിഷയത്തില്‍ ഇടപെട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി)ക്ക് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വിവിധ പത്ര റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സിഡബ്ല്യൂസി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്. സ്കൂള്‍ മേഖല മാര്‍ക്ക് ചെയ്യുന്ന മൂന്ന് ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ സബ് ഡിവിഷന് തലത്തില്‍ പല പ്രാവശ്യം ടെണ്ടര്‍ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ആരും തന്നെ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ തയാറാവുന്നില്ലെന്ന് മറുപടിയില്‍ പറയുന്നു. ചെറിയ അളവുകളിലായി വിവിധ സ്ഥലങ്ങളില്‍ പ്രവൃത്തി ചെയ്യുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് കരാറുകാരുടെ പ്രതികരണം. ഇതിനാല്‍ തന്മൂലം ചെറിയപ്രവൃത്തികളെല്ലാംചേര്ത്ത് ഒറ്റപ്രവൃത്തിയായി ടെണ്ടര്‍ ചെയ്യാനാണ് ശ്രമമെന്നും മറുപടിയില്‍ വിശദീകരിക്കുന്നു. ഇക്കഴിഞ്ഞ ജുലൈ 23ന് ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗ തീരുമാന പ്രകാരം റോഡുകളില്‍ സീബ്രാ ലൈന്‍ വരക്കുന്നതിനും സ്കൂള്‍ മേഖല അടയാളപ്പെടുത്തുന്നതിനും റോഡ് സുരക്ഷാ ഫണ്ടില്‍ ഉള്‍പ്പെടുത്തി 14,30,000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഈ ഫയല്‍ ഭരണാനുമതിക്കായി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറക്ക് ഒറ്റ പ്രവൃത്തിയായി ടെണ്ടര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് സി ഡബ്ല്യൂസിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: