ആലപ്പുഴ:കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കയര്‍വ്യവസായം. ആ കയര്‍വ്യവസായം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടാണ് പോകുന്നത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഉല്പാദനത്തിന്റെ 90% വും കേരളത്തിനായിരുന്നു എങ്കില്‍ ഇന്ന് അത് കേവലം 20% ആയി കുറഞ്ഞിരിക്കുകയാണ്. അതിന്റെ ഉത്തരവാദിത്വം വേണമെങ്കില്‍ നമുക്ക് ഓരോരുത്തരുടേയും മേല്‍ പരസ്പരം പഴിചാരാം. എങ്ങനെയൊക്കെ പരസ്പരം കുറ്റം പറഞ്ഞാലും എല്ലാവരും ഒരു കാര്യം സമ്മതിക്കും
ഈപോക്ക് പോയാല്‍ അധികനാള്‍ കയര്‍വ്യവസായത്തിന് പിടിച്ച്നില്‍ക്കാനാവില്ല. കയര്‍ മുതലാളിമാര്‍ക്ക് പരസ്പരം മത്സരിക്കുവാനും, തൊഴിലാളികള്‍ക്ക് കൂലിയ്ക്ക് വേണ്ടി സമരം ചെയ്യുവാനും സമരത്തിലൂടെ വളരുവാന്‍ തൊഴിലാളി യൂണിയനുകള്‍ക്ക് കഴിയണമെങ്കില്‍ ഈ വ്യവസായം ഇവിടെ നിലനില്‍ക്കേണ്ടതായിട്ടുണ്ട്.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഈ വ്യവസായം ഏറെ നിലനില്ക്കുന്നതും അതുകൊണ്ട് തന്നെ യൂണിയന് പ്രവര്‍ത്തനം ശക്തമായി നിലനില്ക്കുന്നതും ഇവിടെതന്നെയുമാണ്. ആലപ്പുഴയുടെ സമ്പത്ത്ഘടനയെ തന്നെ ഏറെ സ്വാധീനിക്കുന്നതായിരുന്നു ഇവിടുത്തെ കയര്‍വ്യവസായം. പതിനായിരക്കണക്കിന് തൊഴിലാളികള്‍ കയര്‍പിരി, കയര്‍ഉല്‍പന്ന, കയര്‍വിതരണ മേഖലകളിലായി തൊഴില്‍ ചെയ്തിരുന്നു എങ്കില്‍ ഇന്ന് അത് എത്രമാത്രം ശോഷിച്ചുപോയിരിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.
കയര്‍മേഖലയിലെ ഓരോ വിഭാഗത്തിലും പണിയെടുത്തിരുന്ന തൊഴിലാളികളുടെ കൂട്ടായ്മ അവരുടെ നിത്യജീവിതത്തിന്റെ അതിജീവനത്തിനുവേണ്ടി മാത്രമായിരുന്നില്ല, മറിച്ച് വിശ്രമവേളകള്‍ ഒരു നാടിന്റെ തന്നെ പരിവര്‍ത്തനത്തിന്റെ ചര്‍ച്ചാവേദികള്‍ കൂടിയായിരുന്നു. കേരളത്തിലെ വലിയ മാറ്റങ്ങള്‍ക്കുള്ള പഠനകളരികളും, പരിശീലന കേന്ദ്രങ്ങളുമായിരുന്നു. കയര്‍ ഫാക്ടറികള്‍ കേരളത്തിലെ രാഷ്ട്രീയ
പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം കൂടിയായിരുന്നു ഈ വ്യവസായം. അതിന്റെ നാശം രാഷ്ട്രീയപാര്‍ട്ടികളുടെ ജീര്‍ണ്ണതയിലേയ്ക്കും വഴിവെച്ചു. ഇത് രാഷ്ട്രീയ നേതൃത്വം ഇരുത്തിചിന്തിക്കേണ്ടതാണ്.
വ്യവസായത്തോടും, തൊഴിലിനോടുമുള്ള ആത്മാര്‍ത്ഥതയും, വിദേശനാണ്യവരുമാനം ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുള്ള വലിയ സമ്പത്താണെന്ന തൊഴിലാളികളുടെ ഉയര്‍ന്ന ദേശസ്നേഹവുമായിരുന്നു. ചെറുകിടകയര് ഉല്‍പന്നമേഖലയിലെ ഭാഗമായിരുന്ന പലരും വന്‍കിട വ്യവസായികളും, കയര്‍ഉല്‍പന്ന- ഉല്പാദന വിതരണക്കാരും കയറ്റുമതിക്കാരുമൊക്കെയായത് എന്നുള്ള സത്യവും ബന്ധപ്പെട്ടവര്‍ ഓരൊരുത്തരും ഇവിടെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.
അസംഘടിത മേഖലയില്‍പ്പെട്ട തൊഴിലാളികളുടെ സേവന വേതനവ്യവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടതായിട്ടുണ്ട്. ഈ വ്യവസായത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത് അവരാണ്. നല്ല കായികാധ്വാനവും കരവിരുതും വേണ്ട തൊഴിലാളികളെ ഈ വ്യവസായത്തില്‍ തന്നെ ആകര്‍ഷിച്ച് നിര്‍ത്തേണ്ട സാഹചര്യവും നാം ചര്‍ച്ചചെയ്യണം. ഇത്തരം നിരവധി ഘടകങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുള്ള ആരോഗ്യകരമായ ഒരു ചര്‍ച്ചയും, പരസ്പര വിശ്വാസവും, ബഹുമാനവും പുലര്‍ത്തികൊണ്ട്, ആത്യന്തികമായി ഈവ്യവസായം ഇവിടെ തന്നെ നിലനിര്‍ത്തണം എന്നുള്ളതായിരിക്കണം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഓരൊരുത്തരുടേയും ലക്ഷ്യം.
ഈ വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും വ്യവസായികളില്‍ ഭൂരിഭാഗവും ഈഴവസമുദായത്തില്‍പ്പെട്ടവരാണ്. ആരോഗ്യകരമല്ലാത്ത തൊഴിലാളി-മുതലാളി ബന്ധവും ആശ്വാസമല്ലാത്ത വ്യാവസായികാന്തരീക്ഷവും എപ്പോഴും മാറി മാറി ആകുന്ന രാഷ്ട്രീയ സംസ്കാരവും ഒക്കെ ഈ വ്യവസായത്തെ തമിഴ്നാട്ടിലേയ്ക്കും, കേരളത്തിലെതന്നെ വ്യവസായികാന്തരീക്ഷമുള്ള മറ്റിടങ്ങളിലേയ്ക്കും കൊണ്ട് പോകുവാന്‍ പണം മുടക്കുന്നവര്‍ ശ്രമിക്കും. കയര്‍പിരി മേഖലയിലേയും, ഉല്‍പന്നമേഖലയിലേയും തൊഴിലാളികള്‍ മെച്ചപ്പെട്ട സേവനവ്യവസ്ഥകള്‍ ഇല്ലാതാകുമ്പോള്‍ ഈ രംഗത്തുനിന്ന് പിന്മാറുവാന് അവരും തയ്യാറാകും.
സ്വാഭാവികമായും അനുകൂലമായ വ്യവസായ അന്തരീക്ഷവും ഭിന്നമായ തൊഴില്‍ സംസ്ക്കാരവും, വികസനോന്മുഖമായ രാഷ്ട്രീയസംസ്ക്കാരവും ഉള്ള സ്ഥലങ്ങളിലേയ്ക്ക് ഈ വ്യവസായ പറിച്ച് നടീപ്പെടും. ആയതിനാല്‍ ഈ വ്യവസായത്തിലുള്ള വ്യവസായികളും, അസംഘടിതരും, സംഘടിതരുമായ തൊഴിലാളികളും, അവിദഗ്ദ/വിദഗ്ദ തൊഴിലാളികളും, തൊഴിലാളിയൂണിയനുകളും രാഷ്ട്രീയ നേതൃത്വവും ആരെയും കുറച്ച് കാണുന്നില്ല. എല്ലാവര്ക്കും അവരവരുടേതായ പങ്കുണ്ട് ഈ വ്യവസായത്തെ നിലനിര്‍ത്താന്‍ അതുകൊണ്ട് ഇന്നത്തെ ചര്‍ച്ചയില്‍ എല്ലാവരും ഒറ്റക്കെട്ടായി ഈ വ്യവസായം ഇവിടെ നിലനില്‍ക്കണം എന്ന ഒറ്റചിന്തയോടെ പങ്കെടുക്കണം.
വാദിക്കാനും ജയിക്കാനുമാവരുത, വളരുവാനും, വളര്ത്താനുമാവണം ലക്ഷ്യം. ആരും തോല്‍ക്കാതെ എല്ലാവര്ക്കും ജയിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു തീരുമാനം ഉണ്ടാവണം. മൂന്നാറിലെ തോട്ടംമേഖലയിലെ തൊഴില്‍ സമരം എല്ലാവര്ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. “മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെതാന്‍”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: