ഗുരുശിഷ്യബന്ധത്തിന്റെ മികവിന് പി.ജി. ശ്രീകലയെ തേടിയെത്തിയത് ദേശീയ അംഗീകാരം. കഴിഞ്ഞ അദ്ധ്യാപക ദിനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അദ്ധ്യാപക അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയ 16 മലയാളികളില്‍ ഒരാളാണ് പി.ജി. ശ്രീകല. ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപികയായ പി.ജി.ശ്രീകല അങ്ങനെ കേരളത്തിനുതന്നെ അഭിമാനമായി. 20 വര്‍ഷം സര്‍വീസുള്ള ശ്രീകല നാലുവര്‍ഷമായി ഈ സ്കൂളിലെ സോഷ്യാളജി അദ്ധ്യാപികയാണ്. ആറുവര്‍ഷം കേശവദാസപുരം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപികയായിരുന്നു.
കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ കീഴില്‍ കഴിഞ്ഞ 11 വര്‍ഷത്തെ പ്രവര്‍ത്തന മികവാണ് അവാര്‍ഡിനായി പരിഗണിച്ചത്. വിദ്യാര്‍ത്ഥികളുടെ ഫോക്കസ് പോയിന്റില്‍ തുടങ്ങി വി ഹെല്പ്പില് അവസാനിക്കുന്ന- കൗമാരക്കാരായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. 2004 മുതല്‍ കരിയര്‍ ഗൈഡ് ആയി പ്രവര്‍ത്തിച്ചുവരികയാണ്. കരിയര്‍ ഗൈഡന്‍സിന്റെ ജോയിന്റ് കോര്‍ഡിനേറ്ററായി 2011 മുതലും സൗഹൃദ കണ്‍വീനറായി 2013 മുതലും ജില്ലാ പഞ്ചായത്തിന്റെ ഉണര്‍വ് പരിപാടിയിയുടെ കൗണ്‍സലര്‍ ആയും 2009 മുതല്‍ 2012 വരെയും സോഷ്യാളജി തിരുവനന്തപുരം ജില്ലാ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റായി 2012 മുതല്‍ 2014 വരെയും മികച്ചസേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു.
സാധാരണക്കാരായ കുട്ടികള്‍ പഠിക്കുമ്പോള്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് എല്ലാ രക്ഷിതാക്കള്‍ക്കും ആകില്ല. അവര്‍ ഭാവിയില്‍ എന്തു പഠിക്കണം, ഏതു വിഷയം തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഈ രീതിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് ദിശാബോധം നല്‍കിയത്. ഇതിന്റെ ഭാഗമായി അമ്മ അറിയാന്‍ എന്ന പദ്ധതിയുമുണ്ട്. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ നടത്തുന്ന പ്രവര്‍ത്തന മികവിനാണ് അംഗീകാരം ലഭിച്ചത്.
2013-14 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്, ടീച്ചിംഗ് മേഖലയിലെ മെറിറ്റോറിയല്‍ സര്‍വീസിന് ലയണ്‍സ് ക്ബ്ബിന്റെ അവാര്‍ഡ് എന്നിവ ശ്രീകലയെത്തേടിയെത്തിയിട്ടുണ്ട്.
സദ്ഗമയ എന്ന പേരില്‍ സമൂഹത്തിന് പ്രധാന്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് കുട്ടികളെക്കൊണ്ട് വിവിധ മാഗസിനുകള്‍ തയ്യാറാക്കുന്നതിന് കുട്ടികള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ വൃദ്ധരെ സ്നേഹിക്കാനും സഹായിക്കാനും പരിചരിക്കാനും പഠിപ്പിക്കുന്ന ഹംസഗീതം, മെബൈല്‍ ഫോണ്‍ ദുരുപയോഗം പ്രതിപാദിക്കുന്ന മിസ്ഡ്കോള് ഒരു മിസ്റ്റേക്ക്, സ്ത്രീകളുടെ സുരക്ഷിതത്വ നിയമങ്ങള്‍ പ്രതിപാദിക്കുന്ന മുക്തോധാര, തുടങ്ങിയ മാഗസിനുകളും ഇതില്‍പ്പെടും.
കൂടാതെ ജില്ലയിലെ വിവിധ ജയിലുകളില്‍ കുട്ടികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം നല്കി. അതേക്കുറിച്ച് അവര്‍ തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറെ പ്രശംസ പിടിച്ചുപറ്റി. കൂടാതെ സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നാലുദിവസത്തെ അവയര്‍നസ് ക്ലാസ് നടത്തുന്നതിന് നേതൃത്വം നല്കിവരുന്നു.
സോഷ്യോളജി പഠനവിഷയമായി തെരഞ്ഞെടുത്തതിനാലാണ് അദ്ധ്യാപകവൃത്തിയിലുപരി സമൂഹത്തിലേക്കിറങ്ങിച്ചെല്ലാനായതെന്ന് ശ്രീകല പറയുന്നു. ഈ അംഗീകാരം ലഭിക്കാന്‍ കാരണം തന്നെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ പരിപൂര്‍ണ പിന്തുണയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഷമാഭായിയോടും ടീച്ചറിനോടും കേശവദാസപുരം സ്കൂളിലെ പ്രിന്‍സിപ്പല്‍ ശ്രീകുമാരി ടീച്ചറിനോടും കടപ്പാടുണ്ട്. സര്‍വോപരി ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയുമുണ്ട്. ഭര്‍ത്താവ് എന്‍.എന്‍. ശ്രീകുമാര്‍ ശ്രീകാര്യം എസ്ബിടിയുടെ എന്‍ജിനീയറിംഗ് കോളേജ് ശാഖയില്‍ ഓഫീസറാണ്. മക്കള്‍ അഖിലും നിഖിലും എന്‍ജിനീയര്‍മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: