മോഹിനീഭാവത്തില് ഓരോ പദമാടുമ്പോഴും അതിന്റെ വശ്യതയില്‍ കലയുടെ കളിയരങ്ങും നിളയും ആ നര്‍ത്തകിയെ ആദരവോടെ, അതിലേറെ സ്നേഹത്തോടെയും വിസ്മയത്തോടെയും നോക്കി നിന്നു. മോഹിനിയാട്ടം മോഹിപ്പിക്കുന്നതാകണമെന്ന് വിശ്വസിച്ച് അതിലേക്ക് സര്‍വവും സമര്‍പ്പിച്ച് ഒരു ജന്മം കൊണ്ട് ജന്മജന്മാന്തരങ്ങളുടെ പുണ്യം നേടിയ നര്‍ത്തകിയായിരുന്നു കലാമണ്ഡലം സത്യഭാമ. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ പ്രിയപ്പെട്ട സത്യഭാമടീച്ചര്‍. കലയുടെ ചന്ദന സുഗന്ധമുള്ള ചെറുതുരുത്തി കലാമണ്ഡലത്തിലെ മോഹിനിയാട്ടത്തിന്റെ പോറ്റമ്മയായിരുന്നു കഴിഞ്ഞ ദിവസം കലാകേരളത്തോട് വിടപറഞ്ഞ കലാണ്ഡലം സത്യഭാമ. നിളയുടെ കുഞ്ഞോളങ്ങള്‍ക്ക് പോലും ആ പദനിസ്വനമറിയാമായിരുന്നു.
മോഹിനിയാട്ടമെന്നത് സത്യഭാമയ്ക്ക് ജീവവായുവായിരുന്നു. പതിറ്റാണ്ടുകളോളം ആയിരക്കണക്കിന് വേദികളില്‍ മോഹിനിയാട്ടത്തിന്റെ ലാസ്യ ഭംഗി അവതരിപ്പിക്കുമ്പോഴും പരീക്ഷണങ്ങള്‍ നടത്തുമ്പോഴും ഒരിക്കല്‍ പോലും തനിമ നഷ്ടപ്പെടാതിരിക്കാന്‍ സത്യഭാമ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ മോഹിനിയാട്ടത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി പുതിയ അടവുകളും മുദ്രകളും ഉണ്ടാക്കി രംഗത്ത് അവതരിപ്പിച്ചപ്പോള്‍ ഒരു കോണില്‍ നിന്നുപോലും വിമര്‍ശനമോ അപസ്വരമോ ഉയര്‍ന്നില്ല. അതുമാത്രം മതി മോഹിനിയാട്ടമെന്ന കേരളത്തിന്റെ തനതു കലാരൂപത്തെ സത്യഭാമ എത്രത്തോളം ഉള്‍കൊണ്ടാണ് ഒരോ മാറ്റവും വരുത്തിയതെന്ന് മനസിലാക്കാന്‍.
അവഗണനയില്‍പ്പെട്ട മോഹിനിയാട്ടത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മഹാകവി വള്ളത്തോള്‍ നടത്തിയ പരിശ്രമങ്ങളിലെ ഒരു കണ്ണിയായിരുന്നു സത്യഭാമ. ഈ കലാരൂപത്തിന്റെ അടവുകളും അഭിനയവും രണ്ട് ധ്രുവങ്ങളിലുടെയാണ് നീങ്ങിയിരുന്നത്. ഇതിനെ ഒരേ രൂപത്തിലാക്കാന്‍ സത്യഭാമയ്ക്ക് സാധിച്ചു. മറ്റ് കലാരൂപങ്ങള്‍ക്ക് ഒപ്പം കിടപിടിയ്ക്കുന്ന തരത്തിലേക്ക് മോഹിനിയാട്ടത്തെ എത്തിക്കാന്‍ സത്യഭാമയിലൂടെ സാധിച്ചു. പഴയന്നൂര്‍ ചിന്നമ്മുവിന്റെ ശിക്ഷണത്തില്‍ മോഹനിയാട്ടത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും സ്വായത്തമാക്കിയ സത്യഭാമ തന്റെ അറിവ് കലാമണ്ഡലത്തിലെത്തിയ എണ്ണമറ്റ ശിക്ഷ്യഗണങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതില്‍ അവര്‍ കാണിച്ച താല്പര്യം എക്കാലവും സ്മരിക്കപ്പെടുമെന്ന് തീര്‍ച്ച.
മോഹിനിയാട്ടത്തോടൊപ്പം ഭരതനാട്യത്തിലും സത്യഭാമ തന്റെ മികവ് കലാകേരളത്തിന് മുന്നില്‍ അവതരിപ്പിച്ചു. ധന്യാസി, കല്ല്യാണി രാഗങ്ങളിലുള്ള വര്‍ണ്ണങ്ങള്‍ക്ക് പുറമേ സ്വാതിതിരുനാളിന്റെ സുമസായക എന്ന പദവര്ണ്ണത്തിനും ദൃശ്യാഖ്യാനം നല്‍കുന്നതിലും സത്യഭാമ വിജയിച്ചു. മോഹിനിയാട്ടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ നാല്പതോളം അടവുകളാണ് അവര്‍ ചിട്ടപ്പെടുത്തിയത്. നൃത്തതിന് അവര്‍ നല്കിയ സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൃത്തനാട്യ പുരസ്കാരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഒരവാര്‍ഡ് ലഭിക്കുന്ന ആദ്യ കലാകാരിയെന്ന ബഹുമതിയും സത്യഭാമയ്ക്ക് സ്വന്തം. ‘മോഹിനിയാട്ടം ചരിത്രം, സിദ്ധാന്തം, പ്രയോഗം’ എന്ന പുസ്തകം കലാവിദ്യാര്‍ത്ഥികള്‍ക്ക് ഒരു പഞ്ചാംഗമാണ്. മോഹിനിയാട്ട ശൈലിയില്‍ കണ്ണകി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങളും അവര്‍ ഒരുക്കി.
കലാമണ്ഡലത്തില്‍ പഠിച്ച്, വളര്‍ന്ന് അവിടെത്തന്നെ അധ്യാപികയായി എത്തിയ സത്യഭാമ നൃത്ത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് മോഹിനിയാട്ടത്തിലെ ഇനങ്ങള്‍ വികസിപ്പിക്കുന്നതിനും മണിക്കൂറുകള്‍ നീളുന്ന നൃത്തപരിപാടികള്‍ക്ക് രൂപം നല്‍ക്കുന്നതിനാണ് പ്രാമുഖ്യം നല്‍കിയത്. മഹാകവിയുടെ സാമൂഹ്യപ്രാധാന്യമുള്ള പലകവിതകളും ‘നാഗില’ തുടങ്ങിയ പ്രസിദ്ധ കൃതികളും അവര്‍ നൃത്തരൂപത്തില്‍ സംവിധാനം ചെയ്തു. മോഹിനിയാട്ടത്തിന്റേയും ഭരതനാട്യത്തിന്റേയും സങ്കരമാര്ഗങ്ങളും അവര്‍ ഇതിനായി തെരഞ്ഞെടുത്തു.
ഈ നൃത്തവിസ്മയത്തിന്റെ വിടപറയല്‍ കലാകേരളത്തിന് തീരാനഷ്ടമാണെങ്കിലും അവര്‍ നല്കിയ സംഭാവന ഒരിക്കലും വിസ്മരിക്കാന്‍ മലയാള നാടിന് സാധിക്കില്ല. മഹാകവിയുടെ കൈയൊപ്പുപതിഞ്ഞ ഈ കലാമണ്ഡലവും കാലങ്ങള്‍ ഒഴുകിപ്പരന്ന ഈ നിളാതീരവും വിട്ട് സത്യഭാമ ടീച്ചര്ക്കെവിടേയ്ക്കും പോകാനാകില്ല. അരങ്ങുകളെയെല്ലാം മോഹിപ്പിച്ച ആ അനുഗ്രഹീത കലാകാരിയുടെ നിശ്ചലശരീരം നിളാതീരത്തെ ശാന്തിതീരത്തൊരുക്കിയ ചിതയിലെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അത് സത്യഭാമടീച്ചറുടെ ജീവിതത്തിന്റെ പൂര്‍ണ്ണവിരാമമായിരുന്നില്ല. കലാമണ്ഡലത്തിലെ വരും തലമുറകള്‍ പദങ്ങളാടുന്നതും ചുവടുകള്‍ വയ്ക്കുന്നതും മുദ്രകളാല്‍ മോഹിപ്പിക്കുന്നതും മോഹിനിയാട്ടത്തിന്റെ മേന്മ ഇനിയുമിനിയും ഉയരുന്നതും ഒരു വിളിപ്പാടകലെ ഈ ശാന്തിതീരത്തു നിന്ന് സത്യഭാമ ടീച്ചര്‍ കാണും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: