ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി പദവിയിലേക്കു ഉയരാനുള്ള ആദ്യ കടമ്പ കടന്നു. 150 കോടിയുടെ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ ടെന്‍ഡര്‍ അനുമതി നല്കിയതോടെയാണ് സ്വപ്‌നം പൂവണിയുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ യോജന പദ്ധതിപ്രകാരം സമര്‍പ്പിച്ച പദ്ധതിയാണ്. 50 കോടി രൂപയ്‌ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും 80 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും 20 കോടി മറ്റാവശ്യങ്ങള്‍ക്കും ചെലവഴിക്കാനാണ് പദ്ധതി തയാറാക്കി നല്‍കിയത്. 2014ല്‍ ആണ് ആലപ്പുഴയെ പദ്ധതിയില്‍പ്പെടുത്തിയത്. ഇതനുസരിച്ച് 150 കോടിയുടെ പദ്ധതി തയാറാക്കി അതേവര്‍ഷം തന്നെ അനുമതിക്കായി കേന്ദ്രത്തിനു സമര്‍പ്പിച്ചു.
നെഫ്രോളജി, കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ന്യൂറോ സര്‍ജറി, യൂറോളജി, കാര്‍ഡിയാക് തൊറാസിക് സര്‍ജറി എന്നീയൂണിറ്റുകളുടെ വിപുലമായ സംവിധാനമാകും പദ്ധതി വരുമ്പോള്‍ നടപ്പിലാകുക. വിശദമായ പദ്ധതിരേഖ തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കുകയാണ് അടുത്ത നടപടി. പദ്ധതി നടത്തിപ്പിനുള്ള നോഡല്‍ ഓഫീസറായി മെഡിസിന്‍ വിഭാഗത്തിലെ പ്രഫസര്‍ ഡോ. ടി.കെ.സുമയെ സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു.
















