കൊച്ചി:കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് എറണാകുളം സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. വെന്റിലേറ്ററിലാണ് സിദ്ധാര്‍ത്ഥ്. തലച്ചോറിലെ രക്തസമ്മര്‍ദ്ദം നിരീക്ഷിച്ച് വരികയാണെന്നും ഇന്നലെ തലച്ചോറില്‍ പുതിയ രക്തസ്രാവമില്ലാതിരുന്നത് ശുഭസൂചനയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചത് പരിഹരിക്കാന്‍ ഇന്ന് മരുന്നുകള്‍ നല്കിത്തുടങ്ങും. ശരീരം പ്രതികരിക്കുന്നതിനനുസരിച്ചായിരിക്കും പിന്നീടുള്ള ചികിത്സ. ഏറെ നിര്‍ണായകമായിരുന്ന ഇന്നലെ രക്തസ്രാവമില്ലാതിരുന്നത് ഡോക്ടര്‍മാരില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് ഭരതനുവേണ്ടി പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകവും. അപകടവിവരമറിഞ്ഞത് മുതല്‍ നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തുന്നുണ്ട്. ഇന്നലെ മമ്മൂട്ടി, സായ്കുമാര്, ബിന്ദുപണിക്കര്‍, പ്രിയങ്ക, കല്‍പ്പന, ദേവന്, ആന്‍ അഗസ്റ്റിന്, ഗീതുമോഹന്‍ദാസ്, രഞ്ജിത്ത് എന്നിവര്‍ ആശുപത്രിയിലെത്തി. സത്യന് അന്തിക്കാട്, ദിലീപ്, കാവ്യാമാധവന്, കമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു.
അമ്മ കെപിഎസി ലളിതയും അടുത്ത സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. പുതിയ സിനിമയ്ക്കുള്ള തയ്യാറെടുപ്പിനിടെയാണ് സിദ്ധാര്‍ത്ഥ് ഭരതനെത്തേടി ദുരന്തമെത്തിയത്. ശനിയാഴ്ച എറണാകുളത്ത് നിന്നും പേട്ടയിലെ വീട്ടിലേക്ക് പോകുമ്പോള്‍ തൈക്കൂടംകപ്പേളക്ക് സമീപം സിദ്ധാര്‍ത്ഥ് സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ചായിരുന്നു അപകടം.
നടി കെപിഎസി ലളിതയുടെയും അന്തരിച്ച സംവിധായകന് ഭരതന്റെയും മകനായ സിദ്ധാര്‍ത്ഥ് ‘നമ്മള്’ എന്ന സിനിമയില്‍ അഭിനയത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. പിന്നീട് സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു. ദിലീപിനെ നായകനാക്കി അടുത്തിടെ സംവിധാനം ചെയ്ത ‘ ചന്ദ്രേട്ടന് എവിടെയാ’ എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: