തുറവൂര്‍: കളിക്കുന്നതിനിടെ തല സ്റ്റീല്‍ കലത്തില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരി ആമേയയെ അഗ്നിശമനസേനയെത്തി രക്ഷപെടുത്തി. പട്ടണക്കാട് കരിമ്പന്‍തറ നികര്‍ത്തില്‍ ബിജുമോന്റെ മകളുടെ തലയാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്റ്റീല്‍ കലത്തിനകത്ത് കുടുങ്ങിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
കലം തലയില്‍ കമഴ്‌ത്തി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ തല കലത്തിനുള്ളില്‍പ്പെടുകയായിരുന്നു. പരിഭ്രാന്തരായ രക്ഷിതാക്കള്‍ കുട്ടിയേയും കൊണ്ട് സമീപത്തെ വര്‍ക്ക് ഷോപ്പിലെത്തി കലം മുറിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് പത്തരയോടെ ചേര്‍ത്തലയില്‍ നിന്ന് ഫയര്‍ അസിസ്റ്റന്റ് കെ.പി. സന്തോഷിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന സ്ഥലത്തെത്തി കലം മുറിച്ചു നീക്കിയാണ് കുട്ടിയെ രക്ഷപെടുത്തിയത്.
















