ആലപ്പുഴ: അഴിമതി ആരോപണം നേരിട്ട വിവാദ ജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം സിപിഎം ഏകപക്ഷീയമായി നിശ്ചയിച്ചതില്‍ വിവാദമുയരുന്നു. ഘടകകക്ഷിയായ സിപിഐയ്‌ക്കും കടുത്ത എതിര്‍പ്പ്. കോണ്‍ഗ്രസിലെ ഒരുവിഭാഗം സിപിഎമ്മിന് അനുകൂലം. കോടികളുടെ അഴിമതിയാണ് ജന്‍ഡര്‍ പാര്‍ക്കിനെതിരെ നേരത്തെ ഉയര്‍ന്നത്. സര്‍ക്കാരിന്റെ അനുമതി പോലുമില്ലാതെയാണ് ജന്‍ഡര്‍ പാര്‍ക്കിനായി സ്ഥലവും കെട്ടിടവും വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം സ്ഥിതിചെയ്യുന്ന മതിയായ ഗതാഗത സൗകര്യം ഇല്ലാത്ത സ്ഥലമാണ് ജന്‍ഡര്‍ പാര്‍ക്കിനായി കണ്ടെത്തിയത്. സിപിഐ തുടക്കം മുതല്‍ തന്നെ ഈ സ്ഥലം വാങ്ങുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. സ്ഥലത്തിനും കെട്ടിടത്തിനും വില നിശ്ചയിച്ചതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് പൊതുപ്രവര്‍ത്തകര്‍ വിജിലന്‍സില്‍ പരാതി നല്‍കി. കോട്ടയം വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഒന്നാം പ്രതിയും അന്നത്തെ സെക്രട്ടറി എസ്. സി കലേശന്‍ രണ്ടാംപ്രതിയുമാണ്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉദ്യാഗസ്ഥനെതിരെ കേസെടുത്തതിനെതിരെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ മറവിലാണ് സിപിഐയെപ്പോലും അറിയിക്കാതെ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ ഒത്താശയോടെ ജന്‍ഡര്‍ പാര്‍ക്ക് 15ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. അഴിമതി ആരോപണം നേരിടുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് അഴിമതി വിരുദ്ധനാണ് താനെന്ന് കൊട്ടിഘോഷിക്കുന്ന ജി. സുധാകരന്‍ എംഎല്‍എയാണ്. കോണ്‍ഗ്രസിന്റെ ഒത്താശ വെളിവാക്കി കെ.സി. വേണുഗോപാല്‍ എംപിയുടെ പേരും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഉദ്ഘാടനം ചട്ടലംഘനമായതിനാല്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തന്റെ പേരില്‍ നോട്ടീസ് ഇറക്കാന്‍ തയ്യാറായില്ല. നേരത്തെ കോണ്‍ഗ്രസും പദ്ധതിയിലെ അഴിമതിക്കെതിരെ രംഗത്തു വന്നിരുന്നു. സിപിഐ ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് സിപിഎം ജില്ലാ കമ്മറ്റി ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.
നിലവില്‍ വിജിലന്‍സില്‍ കേസ് നടക്കുമ്പോള്‍ ജില്ലാ പഞ്ചായത്ത് തീരുമാനമില്ലാതെ 95ലക്ഷം രൂപ മുടക്കി കെട്ടിടം നവീകരിച്ചത് കേസിലെ തെളിവു നശിപ്പിച്ചതിനു തുല്യമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളസിപിഐയുടെ രണ്ടു ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്ഘാടനത്തിനെതിരെ രംഗത്തെത്തി. സിപിഐ ജില്ലാ സെക്രട്ടറി ഉദ്ഘാടനം നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മറ്റിക്ക് കത്തു നല്‍കി.
അഴിമതിക്കാര്യത്തില്‍ സിപിഎമ്മിലെ ഒരുവിഭാഗവും കോണ്‍ഗ്രസിലെ ഒരുവിഭാഗവും കൈകോര്‍ക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഘടകകക്ഷിയായ സിപിഐയെപ്പോലും വിശ്വാസത്തിലെടുക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.
















