കൊച്ചി: ഭക്ഷണാവശ്യങ്ങള്‍ക്കും മറ്റുമുള്ള പത്തു സുഗന്ധദ്രവ്യങ്ങളുടെ ഗുണനിലവാരത്തിന് മാനദണ്ഡം നിശ്ചയിക്കാന്‍ വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം ചേരുന്നു. ഇവയുടെ വില, വ്യാപാരം എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ നടക്കും.
വറ്റല്‍മുളക്, ഇഞ്ചി(രണ്ടിനം), വെളുത്തുള്ളി, തുളസി, മല്ലി, ജാതി, ഗ്രാമ്പൂ, കുങ്കുമപ്പൂ, പാപ്രിക (ഒരു തരം കാപ്സിക്കത്തിന്റെ കുരു) എന്നിവയുടെ ഗുണനിലവാരമാണ് നിശ്ചയിക്കപ്പെടുക. 36 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരടങ്ങിയ 120 പ്രതിനിധികളും മൂന്ന് നിരീക്ഷണ സംഘടനകളും പങ്കെടുക്കുന്ന കോഡക്സ് കമ്മറ്റി ഓണ്‍ സ്പൈസസ് ആന്‍ഡ് ക്യൂലിനിയറി ഹെര്‍ബ്സ് (സി.സി.എസ്.സി.എച്ച്) സമ്മേളനം ഗോവയില്‍ സെപ്റ്റംബര്‍ 14 മുതല്‍ 18 വരെയാണ് നടക്കുന്നത്. സ്പൈസസ് ബോര്‍ഡാണ് ആതിഥേയര്‍.
സിസിഎസ്സിഎച്ചിന്റെ രണ്ടാമത്തെ സെഷനില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം സുഗന്ധദ്രവ്യങ്ങളുടെ മാനദണ്ഡങ്ങളായ ‘കോഡക്സ് സ്റ്റാന്ഡാര്ഡ്സി’ന് രൂപം നല്‍കും. ഇറ്റലിയിലെ റോം ആസ്ഥാനമായ കോഡക്സ് അലിമെന്റേറിയസ് കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് ചര്‍ച്ച നടക്കുക. ഈ കമ്മീഷന് രൂപം നല്കിയ വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളുമാണ് രാജ്യാന്തര തലത്തില്‍ ഭക്ഷ്യസുരക്ഷയ്ക്കായി നിശ്ചയിക്കപ്പെടുന്നത്. മാന്യമായ വ്യാപാര സമ്പ്രദായങ്ങളും ഈ സുഗന്ധദ്രവ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും ഉറപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും ഇതിന്റെ ഭാഗമാകും.
ചര്‍ച്ചയ്ക്കുവേണ്ട ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത് ഇന്ത്യ(വറ്റല്‍മുളക്, ഇഞ്ചി, വെളുത്തുള്ളി), ഈജിപ്റ്റ് (തുളസി, മല്ലി), ഇന്‍ഡൊനീഷ്യ(ജാതി), നൈജീരിയ (ഗ്രാമ്പൂ, ഇഞ്ചി), ഇറാന് (കുങ്കുമപ്പൂ), അര്‍ജന്റീന (പാപ്രിക) എന്നീ രാജ്യങ്ങളാണ്.
സുഗന്ധദ്രവ്യങ്ങള്‍ക്കും പാചകാവശ്യങ്ങള്ക്കുപയോഗിക്കുന്ന ഔഷധച്ചെടികള്‍ക്കുമുള്ള ഗുണനിലവാരത്തിന് ആഗോള മാനദണ്ഡങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിസിഎസ്സിഎച്ച് മുഖേന ഈ സംരംഭത്തിന് ഇന്ത്യയും സ്പൈസസ് ബോര്‍ഡും മുതിരുന്നതെന്ന് കമ്മറ്റിയുടെ കോഓര്‍ഡിനേറ്ററും സ്പൈസസ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.ജയതിലക് അറിയിച്ചു.
കോഡക്സ് മാനദണ്ഡങ്ങളിലൂടെ സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇവയുടെ കയറ്റുമതിക്ക് പൊതുവായ ഗുണനിലവാരം സൃഷ്ടിക്കാന്‍ കഴിയും. രാജ്യങ്ങള്‍ അവരുടേതായ നിയമങ്ങളുണ്ടാക്കിയാലും കയറ്റുമതിയില്‍ നിലവാരം ഒന്നുതന്നെയായിരിക്കുമെന്ന് ഈ മാനദണ്ഡങ്ങളിലൂടെ ഉറപ്പാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ രൂപം കൊടുക്കുന്ന ഇലക്ട്രോണിക് വര്‍ക് ഗ്രൂപ്പ് സുഗന്ധദ്ര്യവങ്ങളുടെ വര്‍ഗീകരണം, കറുപ്പ്, വെള്ള, പച്ച കുരുമുളക്, ജീരകം, തോട്ടതുളസി, കാട്ടുമറുവ എന്നിവയുടെ നിലവാരം നിശ്ചയിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.
കേന്ദ്ര ഭക്ഷ്യസുരക്ഷാനിലവാര നിര്‍ണയ അതോറിറ്റി ചെയര്മാന് ആശിഷ് ബഹുഗുണ 14ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: