ഈയിടെ ദല്‍ഹിയില്‍ നടന്ന സംഘപരിവാറിന്റെ മൂന്നുദിവസത്തെ സമന്വയ ബൈഠകിനോളം മാധ്യമചര്ച്ചയ്ക്കു വിധേയമായ പരിപാടി അടുത്തകാലത്തെങ്ങും നടന്നതായി തോന്നുന്നില്ല. സംഘത്തില്‍ മണ്ഡലതലം മുതല്‍ അഖിലഭാരതീയതലംവരെ എല്ലാവര്‍ഷവും നടക്കുന്ന പരിപാടിയാണത്. ഓരോ പ്രസ്ഥാനത്തിലും നിന്ന് അതതു തലത്തില്‍ ആരാണ് പങ്കെടുക്കേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും.
സ്വാഭാവികമായും സംഘവുമായി ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്ന രംഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ പരസ്പരം അറിയിക്കുക, പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വരാവുന്ന പ്രശ്നങ്ങള്‍ക്ക് സമന്വയത്തിലൂടെ പരിഹാരമുണ്ടാക്കുക തുടങ്ങിയ അനേകം കാര്യങ്ങള്‍ അവിടെ നടക്കാറുണ്ട്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി അതിലെ ഒരു സത്രത്തില്‍ സംബന്ധിച്ച് സംസാരിച്ചത് വലിയ വാര്‍ത്തയായി. കേന്ദ്രസര്‍ക്കാരിനെതിരെ എന്തെല്ലാം വിഷലിപ്തമായ വാര്‍ത്തകള്‍ പടച്ചുവിടാമെന്നു നോയമ്പ് നോറ്റിരിക്കുന്ന പത്രമുതലാളിമാര്‍ക്ക് നല്ല അവസരം ലഭിച്ചു. തങ്ങളുടെ സമൃദ്ധമായ ഭാവനാശക്തി മുഴുവന്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ എഴുതിയും പറഞ്ഞും സംതൃപ്തിയടഞ്ഞു.
‘ദ ഹിന്ദു’ വിനെപ്പോലുള്ള പത്രങ്ങളാകട്ടെ, പ്രധാനമന്ത്രിയും മറ്റും അധികാരമേല്‍ക്കുന്ന സമയത്ത് ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനമാണ് സമന്വയ ബൈഠകില്‍ ചെയ്ത പ്രസ്താവനയെന്ന ആശങ്കയും ഉയര്‍ത്തി. അവിടെ അദ്ദേഹം സംസാരിച്ച കാര്യങ്ങള്‍ പുറത്തുവിടാത്തതിനെയും അവര്‍ വിമര്‍ശിച്ചു. പ്രതിജ്ഞാലംഘനം എന്താണെന്നും ഒരവസരത്തില്‍ എന്തുപറയണമെന്നും എന്തുപറയരുതെന്നും നന്നായി അറിയാവുന്നവര്‍ തന്നെയാണ് ഭാഗ്യവശാല്‍ ജീവിതം രാഷ്ട്രത്തിനായി ചെറുപ്പത്തില്‍ത്തന്നെ സമര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന നരേന്ദ്രമോദിയെപ്പോലുള്ള നൂറുകണക്കിനു പ്രവര്‍ത്തകര്‍.
പാക്കിസ്ഥാനോട് കര്‍ക്കശമായ നയം സ്വീകരിക്കണമെന്നും സംഭാഷണത്തിനു പുറപ്പെടരുതെന്നും സംഘനേതൃത്വം ശക്തമായി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചുവത്രേ. സര്‍ക്കാരിനെ നേരിട്ടു ആര്‍എസ്എസിന്റെ നിയന്ത്രണത്തില്കൊണ്ടുവരികയായിരുന്നു സമന്വയ ബൈഠകിന്റെ ഉദ്ദേശമെന്നും ചിലര്‍ ആരോപിച്ചു. സംഘത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ അഥവാ ഭരണകൂടം രാഷ്ട്രജീവിതത്തിന്റെ അസംഖ്യം കര്ത്തവ്യമേഖലകളില് ഒന്നുമാത്രമാകുന്നു. നൂറ്റാണ്ടുകള്‍ നീണ്ട വിദേശീയ ഭരണത്തിന്റെയും വൈദേശികാശയങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ മൂലം രാഷ്ട്രജീവിതത്തിന്റെ സമസ്തമേഖലകളും ജീര്‍ണാവസ്ഥയിലെത്തിയ കാലഘട്ടത്തിലാണ് 1925 ല്‍ ഡോ.കേശവബലിറാം ഹെഡ്ഗേവാര്‍ സംഘത്തിനു തുടക്കമിട്ടത്.
ആ സേതു ഹിമാചലം വ്യാപിച്ചുകിടക്കുന്ന ഭാരതജനതയുടെ ബഹുമുഖമായ ജീവിതമേഖലകളിലാകമാനം, ആന്തരീക ചൈതന്യത്തെ നിറച്ച് ഉജ്ജ്വലമായ പരമവൈഭവ സമ്പന്നമായ ഭാവികാലം കൈവരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിന് പ്രാപ്തരായ ഉത്തമവ്യക്തികളെ സൃഷ്ടിക്കുവാനുള്ള പ്രായോഗിക കാര്യ പദ്ധതി അദ്ദേഹം ആവിഷ്കരിച്ചു. സകലവിധ പ്രലോഭനങ്ങളെയും നിരസിച്ചുകൊണ്ട് ഏകാഗ്രചിത്തരായ പ്രവര്‍ത്തകരെ സൃഷ്ടിച്ചുകൊണ്ടുള്ള ആ നീക്കം പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഉദ്ദേശിച്ചഫലം കണ്ടുതുടങ്ങി. സമസ്തജീവിതമേഖലകളിലും നവചൈതന്യം പ്രസരിപ്പിക്കുന്നതിനുപ്രാപ്തിയുള്ള നിരവധി പ്രസ്ഥാനങ്ങള്‍ അങ്ങനെയാണുണ്ടായത്. അവയുടെ സമന്വയത്തിനുള്ള ബൈഠക്കായിരുന്നു ദല്‍ഹിയില്‍ നടന്നത്. അതില്‍ ആരും അരിശംകൊള്ളേണ്ട കാര്യമില്ല.
ജനാധിപത്യവും മതേതരത്വവും കൂടുതല്‍ കൂടുതല്‍ ഭീഷണിയെ നേരിടുമെന്ന ആശങ്ക ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ത്തവര്‍ തന്നെയാണ് ആരോപകര്‍. ജനാധിപത്യം തകര്‍ത്തു അടിയന്തരാവസ്ഥ നടപ്പാക്കിയവര്ക്കത് പറയാന്‍ അവകാശമില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന ജനതാഭരണത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എല്‍.കെ.അദ്വാനിയായിരുന്നല്ലൊ. പ്രധാനമന്ത്രിപദമേറ്റെടുത്ത ശേഷം മൊറാര്‍ജിദേശായി രാഷ്ട്രത്തോടായി ആകാശവാണിയിലൂടെ പ്രസംഗം നടത്തിയിരുന്നു. അതു കഴിഞ്ഞയുടന്‍ പ്രതിപക്ഷനേതാവായിരുന്ന സി.എം.സ്റ്റീഫനെ പ്രസംഗിക്കാനായി അദ്വാനിജി ക്ഷണിക്കുകയുണ്ടായി.
ഭാരതചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്. അദ്ദേഹം അന്തംവിട്ടു തന്റെ പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പു വേളയില്‍ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താന്‍ അവസരമുണ്ടാക്കിയതും അദ്വാനിയായിരുന്നു. അതാണ് ജനാധിപത്യബോധം.
പാക്കിസ്ഥാനുമായി യുദ്ധം പ്രഖ്യാപിക്കുമെന്നും ഭാരതത്തിലെ മുസ്ലിങ്ങള്‍ അരക്ഷിതരാകുമെന്നും പ്രചരണം നടത്തിയവരും നിരാശരായി. വിഭജനകാലത്ത് പാക്കിസ്ഥാനില്‍ പെട്ടുപോയ മലപ്പുറത്തും കോഴിക്കോട്ടുമുള്ള മുസ്ലിം കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് നാട്ടില്‍ വരാനുള്ള അവസരമുണ്ടാക്കിയത് വിദേശമന്ത്രിയായിരുന്ന വാജ്പേയി ആയിരുന്നു. അദ്ദേഹം കേരള പര്യടനം നടത്തിയപ്പോള്‍ കൊണ്ടോട്ടിയിലെയും മലപ്പുറത്തെയും പല മുസ്ലിങ്ങളും സന്തോഷാശ്രുക്കളോടെ സ്വീകരണം നല്‍കിയത് ഓര്‍ക്കുന്നു.
ഭാരതവിഭജനം അസ്വാഭാവികവും അനാവശ്യവുമാണെന്നായിരുന്നു എന്നും സംഘത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ ആഗസ്ത് പതിനഞ്ചിനെ അഖണ്ഡഭാരത ദിനമായി ആചരിച്ചിരുന്നു. പതിനായിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയും രക്തച്ചൊരിച്ചിലും നടന്നുവെങ്കിലും ഇരുഭാഗത്തെയും ജനങ്ങള്‍ ഒരേ വര്‍ഗക്കാരാണെന്നും ഒരേ പാരമ്പര്യവും സംസ്കാരവുമാണവരുടെതെന്നുമാണ് സംഘത്തിന്റെ നിലപാട്. ജനതകളുടെ ഐക്യം സാധ്യമാകുന്ന കാലമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും കൈവിട്ടിട്ടില്ല.
വിഭജിച്ചുപോയ രാഷ്ട്രങ്ങള്‍ വീണ്ടും ഒന്നായിത്തീര്‍ന്ന അനുഭവം നമ്മുടെ ഓര്‍മയില്‍ത്തന്നെ ഉണ്ടായി. 1990 കളില്‍ കിഴക്കന്‍-പടിഞ്ഞാറന്‍ ജര്‍മന്‍ ജനങ്ങള്‍ തങ്ങള്ക്കിടയില്നിന്ന മതില് ഇടിച്ചുനിരത്തി ഒന്നായി എന്നുമാത്രമല്ല, പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍നിന്നും പലായനം ചെയ്തെത്തുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സ്വീകരിച്ച് സംരക്ഷിക്കാന്‍ കൂടി തയ്യാറായിരിക്കുന്നു.
ഭാരത വിഭജനം തെറ്റായിരുന്നുവെന്നും വീണ്ടും വിട്ടുപോയ രാജ്യങ്ങള്‍ ഒന്നിക്കണമെന്നും വിശ്വസിച്ചവരില്‍ സോഷ്യലിസ്റ്റ് നേതാവും ഇന്നത്തെ ജനതാ സമാജവാദി നേതാക്കളുടെ രാഷ്ട്രീയ ആചാര്യനുമായിരുന്ന ഡോ.രാം മനോഹര്‍ ലോഹ്യയും പെട്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ഭാരതീയ ജനസംഘത്തിന്റെ താത്വികാചാര്യനുമായിരുന്ന ദീനദയാല്‍ ഉപാധ്യായയും അതേ അഭിപ്രായക്കാരനായിരുന്നു. 1964 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്ന് (ഇന്നു ബംഗ്ലാദേശ്) രണ്ടുലക്ഷത്തില്‍പ്പരം ഹിന്ദുക്കള്‍ കലാപത്തെ ഭയന്ന് ഭാരതത്തില്‍ അഭയാര്‍ത്ഥികളായി എത്തിയസമയത്ത് അവരിരുവരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഹൃദയംഗമമായി, വിഭജനം അവസാനിക്കണമെന്നും ജനങ്ങള്‍ മതഭേദം മറന്ന് സാംസ്കാരികധാരയില്‍ ഒന്നുചേരണമെന്നും അഭ്യര്‍ത്ഥിച്ചു.
”ഇന്ത്യന്‍ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം മറ്റെല്ലാവരെയും പോലെ അവരുടെ ജീവനും സ്വത്തും ഏതുപരിതസ്ഥിതിയിലും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും പൊറുക്കപ്പെടാവുന്നതല്ല. മതവ്യത്യാസമെന്യേ ഓരോ പൗരന്റെയും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് ഭാരതത്തിന്റെ പവിത്രധര്മമാകുന്നു…
ഭാരതവിഭജനം അവസാനിക്കണമെന്നും ഇരുരാജ്യങ്ങളും ചേര്‍ന്നു ഒരു കോണ്ഫെഡറേഷനാകാന് പറ്റിയ അന്തരീക്ഷമുണ്ടാക്കണമെന്നും, ദീനദയാല്‍ജിയും ഡോ.ലോഹ്യയും ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.
സമന്വയ ബൈഠകിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ, സഹസര്‍കാര്യവാഹ് ദത്തത്രയ ഹൊസബാളേ ഈ സംയുക്ത പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് ഇന്നും സംഘത്തിന്റെ ഈ നിലപാടു തുടരുന്നതായി പറഞ്ഞുവെന്നു ഹിന്ദുപത്രം റിപ്പോര്‍ട്ടു ചെയ്തു. ആ സംയുക്ത പ്രസ്താവനയിലെ മര്‍മപ്രധാനമായ ഭാഗങ്ങള്‍ പത്രം ഉദ്ധരിക്കുകയും ചെയ്തു. തങ്ങളുടെ സോഷ്യലിസ്റ്റ് മതേതര നിലപാടുകള്‍ക്ക് സാക്ഷ്യപത്രവുമായി ലോഹ്യയയെ ഉദ്ധരിക്കുന്ന സമാജവാദി, ജനതാ നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ ഈ അഭിപ്രായം ഇപ്പോഴുമുണ്ടാവുമോ ആവോ?
ഈയിടെയായി ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പാക്കധീന കാശ്മീരിലും നിന്നു പുറത്തുവരുന്ന ചില അഭിപ്രായങ്ങള്‍ ഒറ്റപ്പെട്ടവയാണെങ്കില് കൂടി ഈ മനോഭാവം പ്രകടനമാക്കുന്നവയാണ്. പാക്കധീന കാശ്മീരിലെ ജനങ്ങളില്‍ ഇസ്ലാമാബാദിന്റെ നയങ്ങളോട് എതിര്‍പ്പുള്ളതായും ജമ്മുകാശ്മീരിനോടും ഭാരതത്തോടും ചേര്ന്നുനില്ക്കണമെന്നുമുള്ള അഭിലാഷം വളരുന്നതായും കാണുന്നു. അവിടം ചീനക്ക് താവളമുണ്ടാക്കാന്‍ പാക്കിസ്ഥാന് അവസരമുണ്ടാക്കിയതിലും അവര്ക്കെതിര്പ്പാണ്.
പാക്കിസ്ഥാനിലെ ചരിത്രകാരന് അക്ബര്‍ സെയിദി കറാച്ചിയിലെ ഡോണ്‍ പത്രത്തില്‍ 1965 ലെ ഭാരത പാക് യുദ്ധത്തെപ്പറ്റി എഴുതിയ വിശകലനത്തിലും ഇതേ മനോഭാവം വ്യക്തമാകുന്നു. യുദ്ധത്തില്‍ പാക്കിസ്ഥാന് അമ്പേ പരാജയമടഞ്ഞുവെന്നു അദ്ദേഹം വ്യക്തമാക്കുക മാത്രമല്ല ഭൂമിശാസ്ത്രപരമായി ഭാരത ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്ക് മതവിശ്വാസത്തിനപ്പുറം പൊതുവായ ചരിത്രവും പാരമ്പര്യങ്ങളും വിശ്വാസപ്രമാണങ്ങളും സംസ്കാരവുമുണ്ടെന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നു. ഭാരതം, പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്, ലങ്ക, മ്യാന്മര് എന്നീ രാജ്യങ്ങള്‍ക്കുള്ള പൊതുവായ സാംസ്കാരികധാരയെ പ്രബലമാക്കുന്ന നടപടികള്‍ ഉണ്ടാവാമെന്നും ലേഖനത്തില്‍ അഭിലഷിക്കുന്നു. കറാച്ചിയുടെയും പഞ്ചാബിന്റെയും സിന്ധിന്റെയും വളര്‍ച്ചയില്‍ ഹിന്ദുക്കളും പാര്‍സികളും സിക്കുകാരും വഹിച്ച പങ്കിനെ അദ്ദേഹം എടുത്തുപറയുന്നുണ്ട്. ബിജെപി സര്‍ക്കാരിന്റെ പാക് നയത്തിന്റെ അന്തര്‍ധാരയായി കിടക്കുന്നത് ഇതേ അഭിപ്രായമാണ്. വാജേപേയിയും നരേന്ദ്രമോദിയും സുഷമസ്വരാജും അതുതന്നെ ചെയ്യുന്നു.
”കൂരിരുള്‍ നീങ്ങും പ്രഭാതമാകും
വീണ്ടും ഭാരതമൊന്നാകൂ”മെന്ന അഭിലാഷം തന്നെയാണ് ജനങ്ങളില്‍ ഉണര്‍ത്താന്‍ സംഘം ശ്രമിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: