സ്വന്തം വരയിലെ ലാവണ്യവതിയായ കൃശാംഗിയെപ്പോലെയാണ് നമ്പൂതിരിയുടെ രേഖകള്‍. അവ ആത്മാവിന്റെ നെരിപ്പോടില്‍നിന്ന് സുവര്‍ണ ശലാകപോലെ പുറത്തുവരുന്നു. സ്ഥലകാലങ്ങളുടെ അദ്വൈതത്തിലേക്കാണ് അതിന്റെ പ്രവാഹം.
ആ രേഖാജ്വാല രൂപവിലാസത്തിന്റെ ആരോഹാവരോഹണ ക്രമമനുസരിച്ച് മങ്ങിയും പൊങ്ങിയും നടനം ചെയ്യുന്നു. രൂപീകരണത്തിലൂടെയും രേഖാസങ്കലനത്തിലൂടെയും ഭാവാന്തരീക്ഷത്തിലൂടെയും സൃഷ്ടിക്കപ്പെടുന്ന സൂചകങ്ങളിലൂടെയാണ് നമ്പൂതിരിയുടെ സൃഷ്ടി മൗലികതയുടെ തെളിച്ചമുണ്ടാക്കുന്നത്.
മുഖ്യരൂപങ്ങളും അനുബന്ധരൂപങ്ങളും ഇടകലര്ന്നുണ്ടാകുന്ന ഒരു താളം ചിത്രത്തില്‍ ലയിച്ചുചേരുന്നു. ചിത്രത്തിന്റെ ധ്വനിസാധ്യതയെ ഏകീകരിക്കുന്നതാണ് ഈ താളലയം.
സ്വഭാവദാര്‍ഢ്യം (ശിലേഴൃശ്യേ) നമ്പൂതിരിച്ചിത്രത്തിന്റെ മാറ്റേറുന്ന സവിശേഷതയാണ്. സമഗ്രമായ ചിത്രശൈലീ സങ്കല്‍പ്പവുമായി ഇത് ഇണങ്ങി നില്ക്കുന്നു. അയത്ന ലളിതമെന്നോ സ്വാത്മപ്രചോദിതമെന്നോ വിളിക്കാവുന്ന രചനയുടെ മുഹൂര്ത്തങ്ങളിലാണ് നമ്പൂതിരിച്ചിത്രങ്ങള്‍ പിറവികൊള്ളുക. അവ ആത്മാനുഭൂതിപരമായ സ്മൃതിസങ്കല്പ്പങ്ങളാവുന്നു. നമ്പൂതിരിരേഖയുടെ ഭ്രമണപഥം സൂക്ഷ്മമായി ക്രമപ്പെടുത്തുക കൗതുകകരമാണ്.
1. അടയാള രൂപകങ്ങളായി പരിവര്‍ത്തനം ചെയ്യുന്ന ചിത്രങ്ങള്‍. കവിതകള്ക്കുവേണ്ടിയുള്ള രചനകളാണ് ഇതിന് ഉദാഹരണം.
2. ചിഹ്നഭാഷയായി മാറുന്ന രചനകള്‍.
3. സ്ത്രീത്വത്തിന്റെ തരളവൈകാരികതയില് അലിയുന്ന സൃഷ്ടികള്‍.
4. രേഖകളും അതിന്റെ സങ്കലനവും തനതായി ഒന്നുചേര്‍ന്ന ദൃശ്യപ്രസ്താവനകളായി മാറുന്നവ. 5. കളങ്ങളും നേര്‍ത്ത ഡിസൈനുകളും കോഡുകളും പ്രധാന സ്ഥാനം വഹിക്കുന്ന ചിത്രീകരണങ്ങള്‍, ആകാശവിതാനങ്ങള്‍, മേച്ചില്‍പ്പുറങ്ങള്‍ എന്നിവ ഈ രീതിയവലംബിക്കുന്നവയാണ്.
6. ശില്പ്പചാരുതയില് സൃഷ്ടിക്കുന്ന അനുഭവാംശങ്ങളില് ശക്തിലാവണ്യം സംഭരിക്കുന്ന ഐതിഹാസിക രചനകള്‍. ‘രണ്ടാമൂഴ’ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ പരിഗണിക്കാം.
7. സ്വന്തം അന്തര്‍ജ്ഞാനവും ആത്മനിഷ്ഠമായ കലാദര്‍ശനവും ചേര്‍ന്നുണ്ടാകുന്ന സ്വതന്ത്ര ചിത്രണങ്ങള്‍. ഒ.വി.വിജയന്റെ ‘ബോധവ്രതന്റെ അനുഭവങ്ങള്‍’ എന്ന നീണ്ടകഥയുടെ ചിത്രണം കാണുക.
8. രേഖയെ സ്വതന്ത്രമായി മേയാന്‍ വിട്ട് രൂപപ്പെടുന്ന ചിത്രങ്ങള്‍. ‘തൃശൂര്‍ പൂര’വും ‘കോഴിക്കോട് ഫഌഡ്ലിറ്റ് സ്റ്റേഡിയ’വും ഇത്തരം കൃതികളാണ്.
9. പരീക്ഷണശൈലികളും നൂതനതന്ത്രങ്ങളും മുന്‍നിര്‍ത്തിയുള്ള നവീനചിത്രങ്ങള്.
10. പാരമ്പര്യമായുള്ള ഒരുതരം ക്ലാസിക് ശൈലീബദ്ധമെങ്കിലും ആധുനികമായ രചനാമുഖം പങ്കുവെക്കുന്ന സൃഷ്ടികള്‍. മനകള്‍, മാളികകള്‍, പ്രാചീനക്ഷേത്രങ്ങള്‍ എന്നിവ ഒരുക്കുന്നത് ഈ രചനാമാര്ഗ്ഗത്തിലാണ്.
11. നാടന്‍കലയുടെ അകവും പുറവും ഉള്‍ക്കൊണ്ട് തനതു ചിത്രകലാ സംരംഭങ്ങള്‍.
12. ദൃശ്യ സാധ്യതകളുടെ പരീക്ഷണങ്ങളായി കറുപ്പും വെളുപ്പും വര്‍ണങ്ങളും ചേരുന്ന വൈവിധ്യ പൂര്‍ണമായ രേഖാ സൃഷ്ടികള്‍.
13. കറുപ്പും വെളുപ്പും ഒന്നെന്ന പ്രതീതി സൃഷ്ടിക്കുന്ന വരപ്പുകള്‍. മാധവിക്കുട്ടിയുടെ ‘ആട്ടുകട്ടി’ലിനുള്ള ചിത്രണവിദ്യ ഇത്തരമാണ്.
14. വെളിച്ചം/ഇരുള് സാധ്യതകള്‍ ഷേഡിംഗ്/ഹാച്ചിങ് രീതികള്‍ എന്നിങ്ങനെയുള്ള പരീക്ഷണ കൗതുകങ്ങള്‍.
15. ഗ്രാമീണ മനുഷ്യന്റെ ദൈന്യതകള്, കാര്‍ഷിക വൃത്തി വിനിമയങ്ങള്‍, ദാരിദ്ര്യക്കെടുതികള് എന്നിവ ഉള്‍ക്കൊള്ളുന്ന ഗ്രാമഹൃദയത്തുടിപ്പുകള്. യു.എ.ഖാദറിന്റെ ‘വണ്ണാര്‍ തൊടിക്കല് വൈദ്യന്മാര്’, മലയാറ്റൂരിന്റെ ‘ഹംസനും വത്സനും’ എന്നീ കൃതികളുടെ ചിത്രീകരണം ഇതിനുദാഹരിക്കാം.
16. ക്രൗര്യവും വിപ്ലവസംഹിതകളും വിഹ്വലമാക്കുന്ന സമൂഹത്തിന്റെ ഭീതിദമായ വര്‍ത്തമാനകാലചിത്രങ്ങള്‍.
17. വീതികൂടിയ രേഖകളും കറുപ്പും സമൃദ്ധമായി ചാലിച്ചുണ്ടാക്കിയ കരിച്ചിത്രങ്ങള്‍.
18. മെലിഞ്ഞു നേര്‍ത്ത രേഖകളും വെണ്മയും തീര്‍ക്കുന്ന വെളിച്ചം പകരുന്ന ചിത്രമെഴുത്തുകള്‍. സാഹിത്യ സംബന്ധിയായി ചെയ്യുന്ന രചനകളില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍പ്പെടുന്നു.
19. അനിയന്ത്രിതരേഖകളും നിശ്ചലഭാവ സങ്കലനവും ചേര്‍ന്ന് രചിക്കുന്ന കാല്‍പ്പനിക/ഫാന്റസി ചിത്രങ്ങള്‍.
20. അടിസ്ഥാനരേഖകളും പാറ്റേണുകളും ഉപയോഗിച്ചുള്ള ശൈലീകൃത രചനകള്‍.
21. ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും ആദിബിംബങ്ങളുടെയും ആത്മാവണിയുന്ന കൃതികള്‍.
22. സ്ഥല-കാല സംസ്കൃതിയെ ഉള്‍ക്കൊണ്ട് സാഹിതീയമാനങ്ങള് നല്കുന്ന ആലേഖ്യങ്ങള്‍. കാവാലത്തിന്റെ ‘കരിങ്കുട്ടി’, ‘കാലനെത്തീനി’ (നാടകം) എന്നിവയുടെ ചിത്രണം ഇങ്ങനെയാണ്.
23. ആക്ഷേപഹാസ്യവും ഹാസ്യവിഡംബനവും നര്‍മവും ചാലിച്ച രേഖാചംക്രമണങ്ങള്. വികെഎന്‍ സാഹിത്യത്തിനുവേണ്ടിയുള്ള രചനകള്‍ സാമാന്യമായി ഈ ഇനം തന്നെ.
24. സമൂഹത്തിന്റെ പരിച്ഛേദതലം പോലെ പ്രത്യക്ഷപ്പെടുന്ന ചിത്രണങ്ങള്‍.
25. പ്രകൃതിസത്തയെ സൂക്ഷ്മവും സമ്പന്നവുമായി ആവിഷ്കരിക്കുന്ന രചനകള്‍. വൃക്ഷങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, ജൈവരൂപങ്ങള്‍ എന്നിവയുടെ രേഖാമുദ്രകള് ഇങ്ങനെയുള്ളതാണ്.
26. പോര്ട്രിറ്റുകള്, കാരിക്കേച്ചറുകള്‍, മുഖഭാഗചിത്രങ്ങള്‍ എന്നിവ കൊച്ചുരേഖകളുടെ മിതവും അവ്യവസ്ഥിതവുമായ സഞ്ചാരകൗതുകങ്ങളായി പുനര്‍ജനിക്കുന്നു. ബഷീര്‍, കുട്ടികൃഷ്ണമാരാര്, എന്‍.വി. കൃഷ്ണവാരിയര്‍, അക്കിത്തം, എന്‍.എല്‍.ബാലകൃഷ്ണന്, ഉറൂബ് എന്നിവരുടെ സ്വത്വസാക്ഷാത്കാരം ഇതിന് നിദര്‍ശനമാണ്.
കലാപരമായ സഹജവാസനയില്നിന്നാണ് നമ്പൂതിരിയുടെ ധ്യാനനിലീനമായ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അഭ്യസിത രൂപങ്ങളുടെ ആവര്‍ത്തനം ആ ചിത്രലോകത്ത് കണ്ടെത്താമെങ്കിലും അമൂര്‍ത്തവും അടക്കമുള്ളതും ഇന്ദ്രിയവേദ്യവുമായ ചിത്രഭാഷ മൗലികവും വൈകാരികവുമായ മാനങ്ങളുള്ക്കൊള്ളുന്നു. ചിത്രകലയിലെ ആധുനിക സാങ്കേതിക വിദ്യയൊന്നും പരീക്ഷിച്ചറിയാന്‍ നമ്പൂതിരി കൂട്ടാക്കുന്നില്ല.
അഭ്യസിതമായ സ്വന്തം ഭാഷയും ശൈലിയും തനതായ സമ്പ്രദായത്തില്‍ ആവിഷ്ക്കരിക്കുക, രേഖകളും രേഖാംശങ്ങളും കുറച്ച് കുറച്ച് ഒടുവില്‍ ലാളിത്യത്തിന്റെ ലാവണ്യസന്നിധിയില് ലയിക്കുക എന്ന പരമലക്ഷ്യത്തിലാണ് നമ്പൂതിരിയുടെ കലാദര്‍ശന സാഫല്യം. എഴുത്തുകാരന് സൃഷ്ടിച്ച മനുഷ്യനില്‍ വരയുടെ മാനവികതയാണ് നമ്പൂതിരിചേര്ക്കുക. ജീവിത പരിപ്രേക്ഷ്യത്തിന്റെ സംഗീതാത്മകമായ വായനയാണ് രേഖകലയില് ഈ ചിത്രകാരന് നിര്‍വഹിക്കുന്നത്. സ്നേഹ രസത്തിന്റെ ധര്മസങ്കല്പ്പമുണര്ത്തി ആ രേഖകള്‍ കേരളീയതയില്‍ അലിഞ്ഞുചേരുന്നു.
രാമനാഥന്റെ ഒരു മൂളലില്‍ സംഗീതത്തിന്റെ ആത്മാംശം ഒഴുകിയെത്തുമ്പോലെ നമ്പൂതിരിയുടെ രേഖാഖണ്ഡമൊന്നില് കലയുടെ സത്യശിവ സൗന്ദര്യം ഉണ്മ തേടുന്നു. രൂപധ്യാനത്തിന്റെ തെളിമയും തിളക്കവും രേഖയുടെ താളമിടിപ്പും നടനവൈഭവവും നമ്പൂതിരിയെ മൗലികതയുടെ മൗലിചൂടിക്കുന്നു. ഭൂമിയമ്മയുടെ ലാവണ്യത്തെ ചുറ്റിവരിയാനായി അനന്തതയിലേക്ക് കുതിക്കുകയാണ് നമ്പൂതിരി രേഖകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: