മാനന്തവാടി: പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുക്കള്‍ മരിച്ച വാളാട് എടത്തന കോളനിയിലെ അനിതയുടെ കുടുംബത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഒരുലക്ഷം രൂപ പട്ടികവര്‍ഗ്ഗക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി കൈമാറി. ഇന്നലെ അനിതയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. കഴിഞ്ഞ സെപ്തംബര്‍ രണ്ടിനാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ച അനിതക്ക് ചികില്‍സ ലഭിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് പോകുംവഴി ആംബുലന്‍സിലും വിവിധ ആശുപത്രികളിലുമായി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ഇവര്‍ പിന്നീട് മരിക്കുകയുംചെയ്തത്.
സംഭവത്തില്‍ ബഹുജന പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഒരുലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി ജയലക്ഷ്മി അറിയിച്ചിരുന്നു. ഈ തുകയാണ് ഇന്നലെ കൈമാറിയത്. ഇതുകൂടാതെ ഇവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്കാന് കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഈ തുകയും ഉടനെ ഇവര്‍ക്കു നല്‍കും.
മന്ത്രിയോടൊപ്പം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, മാനന്തവാടി ടി.ഡി.ഒ. വാണിദാസ് എന്നിവരും മന്ത്രിയോടൊപ്പം അനിതയുടെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: