അമ്പലപ്പുഴ: ടിപ്പര്‍ ലോറികള്‍ മണല്വേസ്റ്റുകള് റോഡില്‍ തള്ളുന്നത് ഇരുചക്ര വാഹന യാത്രക്കാരുള്‍പ്പെടെയുള്ള വഴിയാത്രക്കാരെ അപകടത്തിലാക്കുന്നു. ലോറികളില്‍ കൊണ്ടുവരുന്ന ഗ്രാവല്‍, മണല്‍ എന്നിവ ഇറക്കിയശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ വാഹനം കടന്നു പോകുമ്പോള്‍ റോഡിന്റെ മദ്ധ്യഭാഗത്ത് തള്ളുകയാണ്.
ഇത്തരം അവശിഷ്ടങ്ങള്‍ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇതിന്റെ പൊടിപടലങ്ങള്‍ ഓട്ടോറിക്ഷ, ഇരുചക്രവാഹന യാത്രക്കാരുടെ കണ്ണില്‍ വീണ് അപകടങ്ങള്‍ ഉണ്ടാക്കുന്നു.
അമ്പലപ്പുഴ തിരുവല്ല റോഡിലാണ് ഇത്തരത്തില്‍ ടിപ്പര്‍ ലോറിക്കാര് വേസ്റ്റ് തള്ളി അപകടക്കെണി ഒരുക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ അമ്പലപ്പുഴ പോലീസിന് പരാതി നല്‍കിയിട്ടും ടിപ്പര്‍ ലോറിക്കാരെ സഹായിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്.
റോഡപകടം കുറയ്ക്കാന്‍ ഹെല്‍മറ്റ് വേട്ടയും ജാഗ്രതാ ബോര്‍ഡുകളും സ്ഥാപിക്കാന്‍ സമയം കണ്ടെത്തുന്ന പോലീസ് മാസങ്ങളായി ടിപ്പര്‍ ലോറികളുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണമുയരുന്നു.
















