പാലക്കാട്: നഗരസഭയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിലും ഗ്രൂപ്പിസവുമായി ചെര്‍മാന്‍ രംഗത്ത്. നിലവിലെ ചെയര്‍മാനും കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവുമായ പി.വി.രാജേഷാണ് താന്‍ ചുമതലയേറ്റ ശേഷമുള്ള ഒരു വര്‍ഷത്തെ വികസനപദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എതിര്ഗ്രൂപ്പ്കാരന് ചെയര്‍മാനായിരുന്ന മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് മൗനം പാലിച്ചാണ് പദ്ധതികളുടെ നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തത്. എ ഗ്രൂപ്പ്കാരനായ അബ്ദുള്‍ ഖുദ്ദൂസ് ചെയര്‍മാനായിരുന്ന 2010 മുതല്‍ 14 സെപ്തംബര്‍വരെയുള്ള കാലത്തെ നഗരസഭ പദ്ധതികളൊന്നും 365 ദിവസം 403 കോടി എന്നു തുടങ്ങുന്ന നോട്ടീസിലില്ല.
എംഎല്‍എ ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയതും പ്രഖ്യാപിച്ചതുമായ പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്തായിരുന്നു നഗരസഭാ ചെയര്‍മാന്റെ വാര്‍ത്താ സമ്മേളനം. നഗരവികസനത്തിന് ഒട്ടേറെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് സ്ഥലം എംഎല്‍എയുടെ പദ്ധതികളാണെന്നുമുള്ള വൈരുദ്ധ്യം നിറഞ്ഞ പ്രഖ്യാപനം നടത്താനും അദ്ദേഹം മടിച്ചില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്ധതികള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തോടൊപ്പം മുന്‍ ചെയര്മാന് അബ്ദുള്‍ ഖുദ്ദൂസും ഉണ്ടായിരുന്നു.
ഗ്രൂപ്പ്ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം ഐ ഗ്രൂപ്പിന് കൈമാറേണ്ട ചെയര്മാന് സ്ഥാനം വിട്ടുനല്‍കാതിരുന്ന ഖുദ്ദൂസിനെതിരെ അഴിമതി ആരോപണവും വിജിലന്‍സ് പരാതിയും നല്‍കിയാണ് രാജേഷ് ചെയര്‍മാന്‍സ്ഥാനം നേടിയത്. പരാതികള്‍ പിന്‍വലിച്ചാലെ രാജിവയ്ക്കു എന്ന് ഖുദ്ദൂസ് നിലപാടെടുത്തതോടെ സമവായം ഉണ്ടാക്കിയാണ് പരിഹാരം കണ്ടത്ത്. ഇക്കാര്യം വാര്‍ത്തലേഖകര്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊരു പരാതി ഉണ്ടായില്ലെന്നായിരുന്നു ഖുദ്ദൂസിന്റെ പ്രതികരണം.
പാര്‍ട്ട്ണര്‍ കേരള മിഷന് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു യുഡിഎഫ് ചെയര്‍മാനും കൗണ്‍സിലര്‍മാരും പറയുമ്പോഴും നഗരത്തിലെ പല പ്രധാന പ്രശ്നങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. മാലിന്യപ്രശ്നവും തെരുവ് നായശല്യവും പരിഹരിക്കാനും പ്രത്യേക പദ്ധതികളൊന്നുമില്ല.
30 നകം പാലക്കാട് ടൗണ്‍ ഹാള്‍ നവീകരണവും സ്റ്റേഡിയം ബസ് സ്റ്റാന്റ്-കല്‍വാക്കുളം റോഡ് നിര്‍മ്മാണവും ആരംഭിക്കും. 70 കോടി രൂപ ചെലവില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും കണ്വെന്ഷന് സെന്ററും നിര്‍മ്മിക്കും. സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിര്‍മ്മാണം നടന്നതെന്ന് ചെയര്മാന് ആരോപിച്ചു. മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വൈസ് ചെയര്‍പേഴ്സണ്‍ എം സഹീദ, കൗണ്‍സിലര്‍മാരായ ‘ഭവദാസ്, എന്‍ സജിത, സാവിത്രി, അബ്ദുള്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: