ബാലരാമപുരം: അടച്ചിട്ടിരുന്ന ലെവല്‍ ക്രോസ് നിയന്ത്രണം വിട്ട സ്കൂള്‍ ബസിടിച്ച് തെറിപ്പിച്ചു. വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ഗേറ്റ് കീപ്പറുടെയും റെയില്‍വേ ജീവനക്കാരുടെയും മനസാന്നിധ്യമാണ് വന്‍ദുരന്തമൊഴിവാക്കിയത്. നെല്ലിമൂട് ന്യൂഹയര്സെക്കന്ററി സ്കൂളിലെ മുപ്പത്തിഅഞ്ചോളം വിദ്യാര്‍ഥികളുമായി വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം ആലുവിള ലെവല്‍ ക്രോസിലായിരുന്നു അപകടം.
ഇന്നലെ വൈകീട്ട് നാലുമണിയോടെ കുട്ടികളുമായി വന്ന ബസ് നിയന്ത്രണം തെറ്റി ലെവല്‍ക്രോസ് ഇടിച്ച് തെറിപ്പിച്ച് പാളത്തിന് മധ്യത്തായി നിന്നു. നെയ്യാറ്റിന്‍കരയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പുള്ള ആദ്യത്തെ സിഗ്നല്‍ ലഭിച്ച് ക്രോസ് അടച്ചിട്ടിരിക്കുമ്പോഴാണ് അപകടം. തുടര്‍ന്ന് ഗേറ്റ് കീപ്പര്‍ ലത ട്രെയിന്‍ പുറപ്പെടുന്നതിനായി അടുത്ത സിഗ്നല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു വന്നയുടനെയാണ് അപകടവിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നെയ്യാറ്റിന്‍കരയില്‍ പിടിച്ചിട്ടു. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ഉയര്‍ത്താനും കഴിയാത്ത തരത്തിലായിരുന്നു ബസ് അപകടത്തില്‍പ്പെട്ടത്.
നാഗര്‍കോവില്‍ പുനലൂര്‍ പാസഞ്ചര്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു പുറപ്പെടുന്നതിന് മുമ്പ് ലെവല്‍ക്രോസില്‍ ഗേറ്റ്കീപ്പര്‍ക്ക് ആദ്യത്തെ സിഗ്നല്‍ ലഭിച്ചതോടെ ലെവല്‍ ക്രോസ് അടച്ചു. എന്നാല്‍ റെയില്‍വേയില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന മറ്റു ജീവനക്കാര്‍ ബസ് അപകടത്തിലായ ഉടനെ ചുവന്ന കൊടിയുമായി ട്രാക്കിലൂടെ ഒരു കിലോമീറ്ററോളം ഓടി ട്രാക്കില്‍ കൊടി നാട്ടി. ട്രെയിന്‍ പുറപ്പെട്ടിട്ടില്ലെന്ന് അറിഞ്ഞ ശേഷമാണ് ഇവര്‍ തിരികെ എത്തിയത്. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി കുട്ടികളെ ബസില്‍ നിന്ന് വേഗത്തില്‍ പുറത്തിറക്കി. ബാലരാമപുരം എസ്ഐ ടി. വിജയകുമാറും സംഘവും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ബസ് പാളത്തില്‍ നിന്നു മാറ്റിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. സ്കൂള്‍ ബസിന്റെ ഫിറ്റ്നസ് ഇല്ലായ്മയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അനുവദിച്ചതിലുമെറെ വിദ്യാര്‍ഥികളെ കുത്തിനിറച്ചാണ് സ്കൂള്‍ ബസിന്റെ യാത്രയെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: