ഒരു കുഞ്ഞു ജനിക്കുന്നതോടെ സ്ത്രീയുടെ ലോകം മറ്റൊന്നായി മാറും. അമ്മയെന്ന സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നതോടെ ഭാരിച്ച ഉത്തരവാദിത്തമാണ് അവള്‍ക്ക് നിറവേറ്റാനുള്ളത്. കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും പരിചരിക്കാനും വേണ്ടത്ര സമയം കിട്ടാത്ത അവസ്ഥ. ഇന്നത്തെ പരിതസ്ഥിതിയില്‍ ഭാര്യയും ഭര്‍ത്താവും തൊഴില്‍ ചെയ്തെങ്കില്‍ മാത്രമേ കുടുംബം മുന്നോട്ടുപോകൂ. പെണ്‍കുട്ടികളാരും തന്നെ വിവാഹിതയായി വീട്ടില്‍ വെറുതെയിരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ഇങ്ങനെയൊക്കെയാവുമ്പോള്‍ അമ്മയായിക്കഴിഞ്ഞാലുള്ള കാര്യം പറയുകയും വേണ്ട.
പ്രസവാവധി മൂന്ന് മാസം മാത്രം. പ്രസവം സിസേറിയനിലൂടെയാണെങ്കില് ഈ കാലയളവ് അമ്മയുടെ ആരോഗ്യസംരക്ഷണത്തിന് പോലും മതിയാവുകയുമില്ല. പ്രസവാവധി തീര്‍ന്നാല്‍ പിന്നെ നീട്ടിയെടുക്കാനും പല സ്ഥാപനങ്ങളും അനുമതി നല്കുകയുമില്ല. ഈ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരമാകുമെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ മനസിലാകുന്നത്. പ്രസവാവധി മൂന്ന് മാസത്തില്‍ നിന്നും എട്ട് മാസമായി ഉയര്‍ത്താനാണ് കേന്ദ്ര വനിതാ, ശിശുവികസന വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രസവത്തിന് മുമ്പ് ഒരുമാസവും പ്രസവശേഷം ഏഴ് മാസവും എന്ന വിധത്തിലാണ് അവധിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഒരു കുഞ്ഞിന് അമ്മയുടെ സാമിപ്യമാണ് ഏറ്റവും അത്യാവശ്യം. കുഞ്ഞ് ജനിച്ച് ആറ് മാസംവരെ മുലപ്പാല്‍ മാത്രം നല്കുന്നതുമാണ് അഭികാമ്യം. എന്നാല്‍ മൂന്നാം മാസം മുതല്‍ ജോലിക്ക് പോകേണ്ടിവരുമ്പോള്‍ മറ്റ് ഭക്ഷണരീതികള്‍ കുഞ്ഞിനെ ശീലിപ്പിക്കേണ്ടതായി വരും.
വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ ലഭിക്കുന്ന സ്നേഹവും പരിചരണവുമാണ് ഒരു കുഞ്ഞിന്റെ തുടര്‍ന്നങ്ങോട്ടുള്ള ജീവിതപ്രയാണത്തിന് അടിത്തറപാകുന്നത്. കുഞ്ഞും അമ്മയും തമ്മിലുള്ള ആത്മബന്ധം ദൃഢമാകുന്നതും ഈ കാലയളവിലാണ്.
കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കപ്പെടാതെ പോവുകയും എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടതായും വരുന്നു. ഈ അന്തരീക്ഷത്തിലേക്ക് ഒരു കുഞ്ഞുകൂടി വരുമ്പോള്‍ സ്ത്രീയുടെ ജോലി ഇരട്ടിയാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പലരും കുട്ടികളെ പരിചരിക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയാണ് പതിവ്. ജീവിതച്ചെലവുകള്‍ നാള്‍ക്കുനാള്‍ ഏറുമ്പോള്‍ ജോലി ഉപേക്ഷിക്കാനും ആരും സന്നദ്ധരാവുകയുമില്ല.
പ്രസവാവധി മൂന്നില്‍ നിന്ന് എട്ട് മാസമായി നീട്ടുമ്പോള്‍ അതിന്റെ പ്രയോജനം സംഘടിത, അസംഘടിത മേഖലയ്ക്ക് ഒരുപോലെ കിട്ടും എന്നതാണ് മറ്റൊരു നേട്ടം.
എന്നാല്‍ സര്‍ക്കാരിനോടുള്ള ഈ ശുപാര്‍ശ വനിതകള്‍ക്ക് സന്തോഷം നല്‍കുമെങ്കിലും, സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അത്ര സന്തോഷം പകരുന്ന ഒന്നല്ല. ഒരു സ്ഥാപനവും തങ്ങളുടെ ജീവനക്കാര്‍ എട്ട് മാസം വരെ അവധിയെടുക്കുന്നതിനെ അനുകൂലിക്കില്ല എന്നതാണ് വസ്തുത. അങ്ങനെ വരുമ്പോള്‍ സ്ഥാപനങ്ങള്‍ വനിതാ ജീവനക്കാരെ നിയമിക്കുവാന്‍ മടികാണിക്കുകയോ അവരെ പ്രമോട്ട് ചെയ്യുന്നതിനോട് വിമുഖത കാണിക്കുകയോ ചെയ്യും. കാരണം എല്ലാ സ്ഥാപനങ്ങളും ലാഭം മാത്രം ലക്ഷ്യമിടുകയും ജീവനക്കാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നവരുമാണ്. എന്നാല്‍ ഫഌപ്കാര്‍ട്ട് പോലുള്ള ചില സ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി, പ്രസവാവധി നീട്ടുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പാകെ സമര്‍പ്പിച്ചു. ഇതേക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താന്‍ സെക്രട്ടറിമാരുടെ ഉപസമിതിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നതാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, മറ്റു സ്ഥാപനങ്ങളിലും ഈ നിര്‍ദ്ദേശം നടപ്പാക്കണമെന്നാണ് വനിതാ ശിശുക്ഷേമവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, പ്രസവാവധി നീട്ടാന്‍ 1961ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: