ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ എലിവേറ്റഡ് ഹൈവേക്കുള്ള പൈലിങ് ജോലികള്‍ 11ന് ആരംഭിക്കും. കുതിരപ്പന്തിയിലും മാളികമുക്കിലുമുള്ള രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ചുള്ള എലിവേറ്റഡ് ഹൈവേയുടെ തൂണുകള്‍ക്കായുള്ള പൈലിങ് ജോലികളാണ് തുടങ്ങുന്നത്. മാളികമുക്കില്‍ നേരത്തെ നടന്ന ടെസ്റ്റ് പൈലിങ് വിജയമായിരുന്നു. ലോഡ് ടെസ്റ്റ് വിജയമായതോടെയാണ് വര്‍ക്കിങ് പൈലുകളുടെ നിര്‍മാണം വെള്ളിയാഴ്ച തുടങ്ങാന്‍ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്പിനികളായ ആര്‍ഡിഎസ്-സിവിസിയുടെ എന്‍ജിനീയര്‍മാര്‍ തീരുമാനിച്ചത്.
ആലപ്പുഴ ബീച്ചിന്റെ മുഖച്ഛായ മാറ്റുന്നതാണ് ബൈപ്പാസിന്റെ ഭാഗമായി ബീച്ച് റോഡിന് കുറുകെ നിര്‍മിക്കുന്ന എലിവേറ്റഡ് ഹൈവേ. മാളികമുക്കില്‍ 43 മീറ്റര്‍ താഴ്ചയില്‍ 1200 എം.എം. വ്യാസമുള്ള ടെസ്റ്റ് പൈലായിരുന്നു നിര്‍മിച്ചത്. എലിവേറ്റഡ് ഹൈവേയുടെ ഒരു തൂണിന് നാല് പൈലാണ് ഉദ്ദേശിക്കുന്നത്. 92 തൂണുകളാണ് നിര്‍മിക്കേണ്ടി വരുക.
ഏകദേശം 400 പൈലുകള്‍ വേണ്ടിവരുമെന്ന് കരുതുന്നു. പൈലിങ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ബീച്ച് റോഡില്‍ ബാരിക്കേഡ് കെട്ടി ഗതാഗത ക്രമീകരണം വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സര്‍വ്വേ പൂര്‍ത്തിയാക്കി അലൈന്‍മെന്റ് തീരുമാനിച്ച ശേഷം ഡിസൈനും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് പൈലിങ് ആരംഭിക്കുന്നത്. പൈലിങ് ജോലികള്‍ നാലുമാസത്തിനകം തീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പ്രതിനിധി കെ. മനീഷ് അറിയിച്ചു. കെ.സി. വേണുഗോപാല്‍ എംപിയും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറും നിര്‍ മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ബൈപ്പാസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക സാങ്കേതിക നടപടികള്‍ എല്ലാം പൂര്‍ത്തിയായെന്നും നിര്‍മാണ ജോലികള്‍ തടസമില്ലാതെ നടക്കുമെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ഫണ്ടിനെ സംബന്ധിച്ചുള്ള ആകുലതകളെല്ലാം ഇല്ലാതായി. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പകുതി വീതമാണ് ബൈപ്പാസ് നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആദ്യഗഡു ലഭിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൊല്ലം, ആലപ്പുഴ ബൈപ്പാസുകളെ മെഗാ പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഫണ്ടിന് ക്ഷാമമുണ്ടാകുന്ന പ്രശ്‌നമില്ലെന്നും എംപി പറഞ്ഞു. ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ സമിതി രൂപവത്കരിച്ച് എല്ലാ മാസവും പുരോഗതി പരിശോധിക്കുമെന്ന് എംപി കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടു.
















