കല്‍പ്പറ്റ : വയനാട്ടില്‍ പഞ്ചഗവ്യ ഔഷധ നിര്‍മ്മാണയൂണിറ്റ് സ്ഥാപിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് കെ.നന്ദകുമാര്‍. വയനാട് ഒഴക്കോടിയില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഗോശാല നിര്‍മ്മാണ സമിതി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടന്‍ പശുക്കളുടെ സംരക്ഷണമാണ് ഗോശാലയുടെ മുഖ്യലക്ഷ്യം.
കാര്‍ഷിക ജൈവ മണ്ഡലത്തിന്റെ വീണ്ടെടുപ്പിന് ഇത് ആക്കംകൂട്ടും. കേരളാ ക്ഷേത്ര സംരക്ഷണ സമിതി ഏഴേക്കര്‍ ഭൂമിയിലാണ് പദ്ധതി തുടങ്ങുന്നത്. നമ്മുടെ ജൈവ ഘടനയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ നാടന്‍ പശുക്കളുടെ തിരോധാനം കാര്‍ഷികരംഗത്തും ഔഷധകൂട്ടുകളുടെ നിര്‍മ്മാണമേഖലയിലും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് ക്ഷീരസമ്യദ്ധി ലക്ഷ്യം വച്ച് പുതിയ ഇനം പശുക്കളേയും ഇവിടെ പരിപാലിക്കും. ഗോക്കളുടെ സംരക്ഷണത്തിലൂടെ മാത്രമേ ആരോഗ്യപൂര്‍ണ്ണമായ മനുഷ്യ ജീവിതവും കാര്‍ഷിക സമൂഹവും സാധ്യമാകൂ എന്ന സന്ദേശമാണ് ഈ സംരംഭം നല്‍കുന്നത്. ഒരു വീട്ടില്‍ ഒരു പശു എന്ന ലക്ഷ്യത്തോടെ വനവാസി സമൂഹങ്ങളില്‍ പശുപരിപാലനം ഒരു ശീലമാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം എം.ജി.രാമകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി.ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സി.ടി.സന്തോഷ് സ്വാഗതവും രവി കാവുഞ്ചോല നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: