ഒരിക്കല്‍ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ പെണ്‍കുട്ടിയോട് അവിടെയുള്ളവര്‍ ചോദിച്ചു. ഇപ്പോള്‍ തോന്നിയ വരികള്‍ മൂളാമോ? ഉടന്‍ ഈണത്തില്‍ മധുരമൊഴിയായി കവിതയെത്തി.
ആകാശം ചുറ്റുചുറ്റി മെല്ലെ പാറി നടക്കും
വാണീ, ചെല്ലവാണീ
തേന്‍ കുടത്തിലെ തേന്കുടിക്കാന്
നാനിയിവിടെ വന്നപ്പോള്‍
പാട്ടുപെട്ടി തുറന്നു
വാണീ ചെല്ലവാണീ.
ഇത് ഹനാന് ഹനാനി. പാട്ടെഴുത്തുകാരി, നിമിഷ കവയിത്രി… ഇവള്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. അറബിപ്പേരിന്റെ അര്‍ത്ഥം അന്വര്ത്ഥമാകുംപോലെ “ദൈവത്തിന്റെ ദാനമായ പെണ്‍കുട്ടി. പ്ലസ്ടുക്കാരിയായ ഹനാനി കവിയരങ്ങുകളിലെ നിറസാന്നിദ്ധ്യമാണ്.
വിഷയമേതായാലും നിമിഷനേരംകൊണ്ട് എഴുതി വേദിയില്‍ അവതരിപ്പിക്കുന്ന ഹനാനിയുടെ കവിതകള്‍ക്ക് ഒത്തിരി ആരാധകരുണ്ടിവിടെ. തട്ടി കൂട്ടിയ വരികളല്ല, നല്ല തഴക്കവും വഴക്കവുമുള്ള, സന്ദര്‍ഭത്തിന് യോജിക്കുന്ന പാട്ടുകള്‍ സ്വയം ഈണം നല്കി അവള് പാടുമ്പോള്‍ കേട്ടിരിക്കുന്നവര്‍ അത്ഭുതം കൂറും. ഇതിനകം ഇരുനൂറിലധികം പാട്ടുകള്‍ സ്വന്തമായി എഴുതി പാടക്കഴിഞ്ഞു ഈ കൊച്ചുമിടുക്കി. ഏതാണ്ട് അത്രത്തോളം വേദികളില്‍ പാട്ടുകളവതരിപ്പിച്ചു. ഒരു വിഷയം കൊടുത്താല്‍ നിമിഷനേരം കൊണ്ട് സംഗീതവിരുന്നൊരുക്കും ഹനാനി. ചെറുപ്പം മുതല്‍, തൃശൂരുള്ള വൈദ്യനാഥന് മാസ്റ്ററുടെ ശിഷ്യയായതിനാല്‍ ഗാനരചനയ്ക്കു പുറമെ ഗാനാലാപനത്തിലും ഹനാനിയുടെ പ്രതിഭയേറുന്നു.
ദേവ രാജമണി മലരിലെ കണിമലരായിരങ്ങളില്
പൊന്‍ സൂചിയായി, ദേവമിത്രനിന്നു
പുണ്യവായനാദി ഓമനക്കുളിര് തേനല്ലയോ…
ദേവരാജന്‍ മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് മൂകാംബികയിലെ വേദിയില്‍ മാഷെക്കുറിച്ച് പാടിയത് ഏറെ പ്രശംസക്കിടയാക്കി. മണ്മറഞ്ഞുപോയവരെക്കുറിച്ച് എഴുതാനാണ് കൂടുതലിഷ്ടമെന്ന് ഹനാനി പറയുന്നു.
മാപ്പിളപ്പാട്ടുകളും, നാടന്‍ പാട്ടുകളും, കൃഷ്ണ,ശിവ കീര്‍ത്തനങ്ങളുമാണ് എഴുതിയതിലധികവും. ഈ പാട്ടുകള്‍ക്കൊക്കെ സ്വതസിദ്ധമായ ഈണങ്ങള്‍ ഹനാനി തന്നെ കണ്ടെത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിട്ടും പ്രിയം മലയാളത്തോടുതന്നെ. ഇംഗ്ലീഷില്‍ കവിതയെഴുതാറുള്ള ഹനാനിയ്ക്ക് ഫ്രഞ്ച്, ചൈനീസ്, ഹിന്ദി, തമിഴ്, അറബി ഭാഷകളും വശമുണ്ട്. കുട്ടിക്കാലം മുതല്‍ ഭാഷകള്‍ പഠിക്കുന്നതിനോട് വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയും, പത്രങ്ങള്‍ ശേഖരിച്ചുമാണ് ‘ഭാഷകള്‍ സ്വായത്തമാക്കിയത്.
ഒരുവര്‍ഷം മുമ്പാണ് എഴുത്തിനെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്ന് ഹനാനി പറയുന്നു. വ്യത്യസ്ത ഈണങ്ങളില്‍ സ്വന്തം ഗാനസങ്കല്പ്പത്തിനനുസരിച്ച് ഗിത്താറില്‍ താളമിടുകയാണ് ശൈലി. വേദികളില്‍ സാഹചര്യമനുസരിച്ചാണ് പാട്ടെഴുതാറ്. അറബി മലയാളത്തിലുള്ള പടപ്പാട്ടുകളോട് ഏറെ പ്രിയം. ഒരു ചടങ്ങില്‍ നടന് മധുവിനെ കണ്ടു മുട്ടിയപ്പോള്‍ അടൂര്‍‘ഭാസിയെക്കുറിച്ച് അപ്പോളെഴുതിയ ഗാനം കാണിച്ചു. ഹനാനിയെ പ്രശംസിച്ച അദ്ദേഹം ആ പാട്ടും കൊണ്ടുപോയിരുന്നു.
ഹനാനിയുടെ നാടന്‍ പാട്ടുകള്‍ക്കും ആധാരകരേറെയുണ്ട്. ഒരു വേദിയില്‍ 6 പാട്ടുകള്‍ വീതമാണ് അവതരിപ്പിക്കുന്നത്.
മുത്തുപല്ലക്കില് കേറിയെന് കുട്ട്യോളങ്ങനെ
ചേര്‍ന്നിരിക്കുമ്പോള്‍ കുടുകുടുമണി
ചെമ്പഴുക്കേടെ വിത്തൊന്നു ന്തപ്പിലോ
കണ്ണടച്ചാല്‍ കടമിഴിയില്‍ ഇരുളുണര്ന്നല്ലോ.
വേദിയില്‍ കണ്ടുമുട്ടിയ കാഴ്ചയില്ലാത്തയാള്ക്കുവേണ്ടി എഴുതിയവതരിപ്പിച്ച നാടന്പ്പാട്ടാണിത്. കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് ഇത്രയും വേദികളില്‍ പാട്ടുകളവതരിപ്പിക്കാന് കഴിഞ്ഞതിന് പിന്നിലെന്ന് ഹനാനി പറയുന്നു. അമ്മ സുഹറയും എഴുതാറുണ്ട്. പഠിക്കുമ്പോള്‍ കലോല്‍സവങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും അവിടെനിന്ന് പ്രോത്സാഹനമൊന്നും കിട്ടിയില്ല. എങ്കിലും എഴുത്തും പാട്ടും വിട്ടില്ല. റഫീക്ക് അഹമ്മദിന്റെയും വയലാറിന്റെയും പാട്ടുകളുടെ ആരാധികയാണ് ഹനാന്. അറിയപ്പെടുന്ന ഗാനരചയിതാവുകയാണ് ആഗ്രഹം. അതോടൊപ്പം ശാസ്ത്രജ്ഞയാകാനുള്ള മോഹവും ഹനാനി പറയുന്നു. വീട്ടില്‍ ചില്ലറ ശാസ്ത്രീയ പരീക്ഷങ്ങളൊക്കെ നടത്താറുമുണ്ട്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സ്പോക്കണ് ഇംഗ്ലീഷ് ടീച്ചറായും പ്രവര്‍ത്തിച്ചു. ഇടയ്ക്ക് നാടാകാഭിനയവുമുണ്ട്. നാടകത്തിലേക്ക് തുടര്വിളികളുണ്ടായെങ്കിലും എഴുത്താണ് സര്‍വ്വം. എഴുതിയ പാട്ടുകള്‍ പുസ്തകരൂപത്തിലിറക്കുകയാണ് മറ്റൊരു ലക്ഷ്യം.
കൂട്ടുകാരുമൊത്ത് ഹനാനി മ്യൂസിക് ട്രൂപ്പ് തുടങ്ങുകയാണ് ഹനാനിയുടെ അടുത്തലക്ഷ്യം. ഇലക്ട്രീഷ്യനായ പിതാവ് ഹമീദിനും മാതാവ് സുഹറയ്ക്കും സഹോദന് ഹാദിയ്ക്കുമൊപ്പമാണ് ഹനാനിയുടെ താമസം. പഴുവിലിലെ വീട്ടില്‍ നിന്നുയരുന്ന ഈണങ്ങള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങുകയാണ് ഹനാനിയുടെ അഭിലാഷങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: