തലശ്ശേരി: മഞ്ഞോടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ജൂലായ് 14ന് പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ 27കാരിക്ക് 56 ദിവസം പിന്നിട്ടിട്ടും ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പത്രസമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മല ഗിരി പാലാപറമ്പില്‍ വൈശാഖ് വില്ലയില്‍ എം.പി.ഷിജില (27) കോഴക്കോട് മിംസ് ആശുപത്രയില്‍ കഴിയുന്നത്. തലച്ചോറിന്റെ ഭാഗങ്ങള്‍ 75ശതമാനവും പ്രവര്‍ത്തന രഹിതമാണെന്നും യുവതി സാധാരണ നിലയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നുമാണ് മിംസ് ആശുപുത്രിയിലെ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. സിസേറിയനിലൂടെ പുറത്തെടുത്ത ആണ്‍കുഞ്ഞിന്റെ മുഖം കാണാനുള്ള ഭാഗ്യം 56 ദിവസമായിട്ടും ഈ അമ്മയ്ക്ക് കിട്ടിയിട്ടില്ല. ഇതിന് കാരണക്കാര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ അനസ്തനിസ്റ്റ് ഡി.ദീപക്കിന്റെയും ഗൈനക്കോളജിസ്റ്റ് ഡോ.പ്രസന്നാഭായിയുടെയും അലംഭാവവും ശസ്ത്രക്രിയ നടത്തുമ്പോഴുണ്ടായ പിഴവുമാണെന്നും ഷിജിലയുടെ ഭര്‍ത്താവ് സൂരജും സഹോദരി വിജിലയും പറഞ്ഞു.
ജൂലൈ 12നാണ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഷിജിലയെ പ്രവേശിപ്പിച്ചത്., 14ന് രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. ആണ്‍കുഞ്ഞായിരുന്നു. കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുവാനായി കൊണ്ടുവന്ന നെഴ്സ് കുഴപ്പമൊന്നുമില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഓപ്പറേഷനിടയില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടെന്നും ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും വയറ്റിലെ മുഴ നീക്കുവാനും പ്രസവം നിര്‍ത്തുവാനുമുള്ള ശസ്ത്രക്രിയ തുടരുകയാണെന്നും അറിയിച്ചു. ഇതിന് ശേഷം 11 മണിക്ക് മകളെ താഴത്തെ നിലയിലുള്ള കാര്‍ഡിയാക് ഐസിയുവിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ മകളുടെ നില ഗുരുതരമാണെന്നും വെന്റിലേറ്റര്‍ ഘടിപ്പിച്ചതായും അറിയിച്ചു. മറ്റ് ഏതെങ്കിലും വലിയ ആശുപത്രിയിലേക്ക് മാറ്റുവാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒന്നും ചെയ്യാന്‍പറ്റാത്ത അവസ്ഥയാണെന്നും പ്രസവ സമയത്ത് മകള്‍ക്ക് അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസം എന്ന അവസ്ഥ ഉണ്ടാവുകയും അത് വളരെ അപൂര്‍വ്വമായി മാത്രം ഉണ്ടാവുന്ന അവസ്ഥയാണെന്നും പറഞ്ഞതായി ഷിജിലയുടെ അച്ഛന് ആറനാണി കരിയാടന്‍ വിജയന് പറഞ്ഞു.
പിന്നീട് ആശുപത്രി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് രാത്രി 8.30ഓടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷിജിലയെ സിസേറിയന് വിധേയയാക്കിയ ഡോ.പ്രസന്നാഭായുടെയും അനസ്തേഷ്യ നല്കിയ ഡോ.ദീപക്കിന്റെയും അശ്രദ്ധയും ജാഗ്രതക്കുറവുമാണ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചുപോകാന്‍ കാരണമെന്ന് നാട്ടകാരും ആരോപിച്ചു. പത്രസമ്മേളനത്തില്‍ അച്ഛന് വിജയനും, ഭര്‍ത്താവ് സൂരജിനും, സഹോദരി വിജലക്കും പുറമെ കെ.പി.രാജേഷും പങ്കെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ ഇന്ദിരാഗാന്ധി ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. മോഹനന് മാനന്തേരി ഉദ്ഘാടനം ചെയ്തു. വി.ജ്യോതിബാബു, പി.രവീന്ദ്രന്, പ്രത്യുഷ് തൊക്കിലങ്ങാടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: