ആലപ്പുഴ: വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ദേശീയപാതയില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അടിയന്തരമായി പദ്ധതിരേഖ തയ്യാറാക്കാന്‍ കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി അതോറിട്ടി യോഗം നിര്‍ദ്ദേശിച്ചു. കെ.സി. വേണുഗോപാല്‍ എ.പി, ജി. സുധാകരന്‍ എംഎല്‍എ, ജില്ലാ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തില്‍ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരനും സന്നിഹിതനായിരുന്നു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 2,962 അപകടങ്ങളാണ് നടന്നത്. ഇതില്‍ 367 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 3,266 പേര്‍ക്കു പരുക്കേറ്റു. ഈ വര്‍ഷം ഓഗസ്റ്റ് വരെ 269 പേരുടെ ജീവന്‍ ദേശീയപാതയില്‍ നഷ്ടപ്പെട്ടു. ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രശ്‌നം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റ് സമിതിയില്‍ അവതരിപ്പിച്ച് ജില്ലയ്‌ക്ക് കൂടുതല്‍ റോഡ് സുരക്ഷാ ഫണ്ട് അനുവദിപ്പിക്കുന്നതിനു ശ്രമിക്കുമെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
ജില്ലയില്‍ മൂന്നു വര്‍ഷത്തതിനിടെ നടന്ന റോഡപകടങ്ങളുടെ എണ്ണം, ഒരു വര്‍ഷത്തിനിടെ ദേശീയപാതയില്‍ നടന്ന അപകടങ്ങളുടെ വിവരം, അപകടമേഖലകള്‍ എന്നിവ കണ്ടെത്തി സപ്റ്റംബര്‍ 22നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗത്തില്‍ എം.പി. പറഞ്ഞു. ദേശീയപാതയുടെ 110 കിലോമീറ്റര്‍ ദൂരമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ ജില്ലയ്‌ക്ക് പ്രത്യേക പരിഗണന ലഭിക്കണം. ജില്ലയ്‌ക്ക് വേണ്ടവിധത്തില്‍ റോഡ് സുരക്ഷാ ഫണ്ട് ലഭിക്കാത്ത സാഹചര്യം പരിഹരിക്കാന്‍ കേന്ദ്രതലത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സേഫ്റ്റി സംബന്ധിച്ച് ബോധവത്കരണം നടത്താനും റോഡ് സുരക്ഷ സംബന്ധിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും നടപടിയെടുക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് എം.പി. ആവശ്യപ്പെട്ടു.
ദേശീയപാതയോരത്ത് അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ കേസെടുക്കുകപോലും ചെയ്യരുതെന്ന് ജി. സുധാകരന്‍ എം.എല്‍എ ആവശ്യപ്പെട്ടു. പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കുന്നതിനു മുമ്പ് വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മില്‍ ധാരണയിലെത്തണം. അല്ലാതെ റോഡ് കുഴിക്കരുതെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. ജില്ലയില്‍ ട്രാഫിക് പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. പാതയോരത്ത് ഗതാഗതതടസ്സമുണ്ടാക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരേ ഉടന്‍ നോട്ടീസ് നല്‍കി പ്രത്യേക അധികാരം ഉപയോഗിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ റോഡുകളിലെ അപകടമേഖലകള്‍ കണ്ടെത്തി അതിന്റെ മാപ്പ് തയ്യാറാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദേശീയപാതയില്‍ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ വേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി രണ്ടാഴ്ചയ്‌ക്കകം സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനീയര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ അനുമതി കേന്ദ്രത്തില്‍ നിന്ന് ഉടന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ദേശീയപാതയില്‍ ട്രാഫിക് സിഗ്‌നല്‍ വേണ്ട സ്ഥലങ്ങള്‍, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍, ദേശീയപാതയിലെ പാലങ്ങളുടെ ബീമുകള്‍ തമ്മില്‍ ചേരുന്ന സ്ഥലത്ത് തകരാറുള്ള സ്ഥലങ്ങള്‍, റോഡില്‍നിന്ന് വളരെ താഴ്ന്നുനില്‍ക്കുന്ന നടപ്പാതയുള്ള സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തി പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ഇതിനായി ഉദ്യോഗസ്ഥസംഘം ദേശീയപാതയില്‍ പരിശോധനനടത്തും. റോഡിന്റെ ഉയരത്തിനൊപ്പം നടപ്പാത ഉയര്‍ത്തും. ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മിക്കും.
റോഡപകടങ്ങള്‍ സംബന്ധിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്താന്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബോധവത്കരണത്തിന് സ്ഥിരം സംവിധാനം ആലോചിച്ച് നടപ്പാക്കും.
















