കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ മുഴുകിയിരിക്കുന്നവര്ക്കിടയില് നിന്നും സേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് മാത്തോട്ടം വാട്സ്ആപ്പ് ഗ്രൂപ്പ്. വിദ്യാര്‍ഥികളെ സ്കൂളിലേക്കും തിരികെ എത്തിക്കാനും സൗജന്യ ബസ് സര്‍വീസ് നടത്തിക്കൊണ്ടാണ് ഇവര്‍ ശ്രദ്ധേയരാവുന്നത്.
സ്കൂള്‍ ദിവസങ്ങളില്‍ രാവിലെ 8.45ന് അരക്കിണര്‍ മുതല്‍ മീഞ്ചന്ത റെയില്‍വേ ഗേറ്റ് വരെ ഏഴു സ്റ്റോപ്പുകളില്‍ നിന്ന് വിദ്യാര്‍ഥികളെ കയറ്റി മാനാഞ്ചിറ ബി.എം സ്കൂള്‍ വരെ പോകും. ഇതിനിടയിലുള്ള ഏത് സ്കൂളിലെ കുട്ടികള്‍ക്കും ബസ്സില്‍ കയറാം. വൈകീട്ട് 3.50നാണ് രണ്ടാമത്തെ ട്രിപ്പ്. മാനാഞ്ചിറയില്‍ നിന്ന് പുറപ്പെട്ട് ബേപ്പൂരില്‍ സര്‍വീസ് അവസാനിക്കും. ഇതിനിടയിലുള്ള ഏത് സ്കൂളിലെ കുട്ടികള്‍ക്കും ബസ്സില്‍ കയറുകയും ഏത് സ്റ്റോപ്പിലും ഇറങ്ങുകയും ചെയ്യാം.
ഈ സ്റ്റുഡന്റ്സ് ഓണ്‍ലി ബസ് സര്‍വീസിന്റെ ഉദ്ഘാടനം സപ്തംബര്‍ 15ന് രാവിലെ 8.30ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് മാത്തോട്ടത്ത് വച്ച് നിര്‍വഹിക്കും. ഒരു മാസത്തെ സര്‍വീസിനുള്ള വാടക മുന്‍കൂറായി കെട്ടിവയ്ക്കും. പ്രവാസികളും നാട്ടുകാരുമടങ്ങിയ ഗ്രൂപ്പ് അംഗങ്ങളാണ് ഇതിനു വേണ്ടിയുള്ള ചെലവ് കണ്ടെത്തുക. ‘സ്റ്റുഡന്റ്സ് ഓണ്‍ലി സൗജന്യ ബസ് യാത്ര’ എന്ന ബോര്‍ഡ് വച്ചായിരിക്കും സര്‍വീസ് നടത്തുക.
വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കാനൊരുങ്ങുന്ന ഓപ്പറേഷന് സവാരിഗിരിഗിരിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരമൊരു ബസ് സര്‍വീസ് ആരംഭിക്കുന്നതെന്ന് ഗ്രൂപ്പിന്റെ കണ്‍വീനര്‍ സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. മാത്തോട്ടം നിവാസികളായ നിസാര്‍, ജാബിര്‍, മിര്‍ഷാ, ഡോ. മുജീബ് എന്നിവരാണ് ഗ്രൂപ്പിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: