തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് ബൂട്ട് ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കായി നാസ്കോമുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിക്കുന്ന നാസ്കോം സ്റ്റാര്‍ട്ടപ് 2020 തിരുവനന്തപുരം ജോണ്‍ കോക്സ് മെമ്മോറിയല്‍ സിഎസ്ഐ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ ആരംഭിച്ചു.
ജി. വിജയരാഘവന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സിഎസ്ഐ ബിഷപ് എ. ധര്‍മരാജ് റസാലം, സ്റ്റാര്‍ട്ടപ് മിഷന് സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ്, നാസ്കോം സീനിയര്‍ ഡയറക്ടര്‍ കെ. പുരുഷോത്തമന്, എസ്ബിഎം പോളിടെക്നിക് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി പ്രൊഫ. വൈ.ഐ. ഷാ, എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ അധ്യാപകന് ഉമേഷ് കെ. മേനോന്, ദേവാംഗ് മേത്ത ഫൗണ്ടേഷന് ട്രസ്റ്റി പാര്‍ഥസാരഥി ശ്രീഗണേഷ്, ജോണ്‍ കോക്സ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ ഡോ, അന്‍സലാം രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്റ്റാര്‍ട്ടപ് പരിപാടികളെ തങ്ങളുടെ പഠനവിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഉപാധികളായി കാണരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജി. വിജയരാഘവന് നിര്‍ദ്ദേശിച്ചു. ഭാവി കരുപ്പിടിപ്പിക്കാന്‍ വിദ്യാഭ്യാസത്തിനു തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. അഭിനിവേശത്തോടെ മുന്നോട്ടുവരുന്ന വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ആശയങ്ങളുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ജീവിതവിജയം നേടും. ഒരു സംരംഭകന് പരാജയങ്ങളില്‍ നിന്നുപോലും ധാരാളം പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ് മിഷന് സംസ്ഥാനത്തുടനീളം കോളജുകളില്‍ നടത്തിയ ബൂട്ട് ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത സംരംഭക സ്വഭാവമുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് പരിചയസമ്പന്നരെ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളെ പല ഗ്രൂപ്പുകളായി തിരിച്ച് മൂന്നു ദിവസം ഇവിടെത്തന്നെ താമസിപ്പിച്ച് പരീശിലനം നല്കുന്നു. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ആശയങ്ങളെ സ്ഥാപനവത്കരിക്കുകയും ചെയ്യും. ഇന്ത്യയിലെ സോഫ്റ്റ്വെയര് കമ്പനികളുടെ ഏകോപന സ്ഥാപനമായ നാസ്കോമും സ്റ്റാര്‍ട്ടപ് മിഷനും ഇതിനുവേണ്ട എല്ലാ സഹായവും പിന്തുണയും നല്‍കും.
മൂന്നു ദിവസത്തിനുള്ളില്‍ ഒരു ആശയത്തെ സ്ഥാപനമാക്കി വളര്‍ത്തുന്നതിനാവശ്യമായ പരിശീലനത്തോടൊപ്പം പുതിയ അറിവും അനുഭവവും ക്യാംപ് നല്‍കുമെന്ന് സ്റ്റാര്‍ട്ടപ് മിഷന് സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: