ചെറുതോണി : അറ്റകുറ്റ പണികളുടെ പേരില്‍ അടച്ചിട്ട ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തീയേറ്റര്‍ രണ്ടരമാസം പിന്നിട്ടിട്ടും തുറന്നില്ല. എല്ലാ വര്‍ഷവും അണു വിമുക്തമാക്കുന്നതിനായി രണ്ടാഴ്ചക്കാലം ഓപ്പറേഷന് തീയറ്റര്‍ പൂട്ടുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ മുകള്‍ നിലയില്‍ നിന്നുള്ള മലിനജലം കോണ്‍ക്രീറ്റിനിടയിലൂടെ ഓപ്പറേഷന് തീയറ്ററിലേക്ക് അരിച്ചിറങ്ങുന്നതുമൂലം കൂടുതല്‍ അറ്റകുറ്റ പണികള്‍ നടത്തണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനാല്‍ ഒരു മാസത്തിനുള്ളില്‍ തുറന്നുപ്രവര്ത്തിക്കാനാകുമെന്ന് കരുതിയെങ്കിലും രണ്ടര മാസം പിന്നിട്ടിട്ടും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായിട്ടില്ല. ജില്ലയുടെ വിദൂര മേഖലകളായ മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍, മാങ്കുളം, വണ്ടിപെരിയാര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദ്ധനരായ ആയിരക്കണക്കിനാളുകളാണ് ദിനംതോറും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നത്. ഇതിനു പുറമേ വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും ഓപ്പറേഷന് തീയറ്ററിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുന്നത് ദുരിതമായിരിക്കുകയാണ്. തീയറ്ററിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീകളുടെ വാര്‍ഡിനോടു ചേര്‍ന്നുള്ള ശുചി മുറികളില്‍ നിന്നുള്ള മലിന ജലമാണ് തീയേറ്ററിനുള്ളിലേക്ക് വ്യാപിച്ചത്. അതിനാല്‍ ഇവ പൊളിച്ചു നീക്കുവാനും, സ്ത്രീകളായ രോഗികളെ പുരുഷന്മാരുടെ പ്രീ ഓപ്പറേഷന് തീയറ്ററിലേക്കും കുട്ടികളുടെ വാര്‍ഡിലേയ്ക്കും മാറ്റികൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രധാന ഓപ്പറേഷന് തീയേറ്റിനു പുറമേ നേത്രരോഗ വിഭാഗത്തിനായും, പൊതുവായി മറ്റൊന്നും ഉള്‍പ്പടെ മൂന്ന് തീയേറ്ററുകളാണ് സജ്ജമാക്കുന്നത്. 20 ലക്ഷം രൂപയാണ് ഇതിനായി വക കൊള്ളിച്ചിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുവാന്‍ ഇനിയും ഒരു മാസം കൂടി വേണ്ടി വരുമെങ്കിലും താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി അടുത്ത ബുധനാഴ്ചയോടെ പ്രധാന ഓപ്പറേഷന് തീയേറ്റര്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തീയേറ്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ സൗജന്യ ചികിത്സ ലഭിക്കേണ്ട ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ ഉള്‍െപ്പടെയുള്ളവര്‍ വന്‍ തുക ചിലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഓപ്പറേഷന് തീയേറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വൈകിക്കുന്നത് സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: