ഇക്കഴിഞ്ഞ ഓണം അവിസ്മരണീയമായിരുന്നു. ഒന്നാമതായി ഞങ്ങള്‍ക്ക് ഓണാഘോഷമുണ്ടായിരുന്നില്ല. പത്നിയുടെ സഹോദരന് അന്തരിച്ച് ആണ്ടു തികയാതിരുന്നതിനാല്‍ ആര്‍ഭാടങ്ങള്‍ ഇല്ലാതെ ഓണം കടന്നുപോയി. അതേസമയം തൊടുപുഴയിലെ സ്വയംസേവകര്‍ക്കൊപ്പം വികാരനിര്‍ഭരമായ ഒരു സന്ദര്‍ശനത്തിന് അവസരമുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രചാരകനായിരുന്ന ശേഷം ശാരീരികാവശതയുണ്ടായി കഴിയുന്ന ബിജുവിനെ സന്ദര്‍ശിച്ചതായിരുന്നു അവസരം. ആറേഴുവര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം തന്റെ വീടിന്റെ അറ്റുകുറ്റപ്പണിക്കായി പുരപ്പുറത്തു കയറി ജോലി ചെയ്യവേ അവിടം തകര്‍ന്നു താഴെ വീഴുകയും നട്ടെല്ലിന് ക്ഷതം പറ്റി അവശനാകുകയും ചെയ്തതാണ്. കോലാനി എന്ന സ്ഥലത്തു ഒരു കുന്നിന്മുകളിലായിരുന്നു വീട്. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചതും ചികിത്സ ചെയ്തതും. സാമ്പത്തികമായി അവശത അനുഭവിക്കുന്ന കുടുംബമാണ് ബിജുവിന്റേത്. മരപ്പണിയാണ് കുലത്തൊഴില്‍. പൂര്‍ണമായും സംഘത്തില്‍ ലയിച്ച് പ്രചാരകനായിവന്നു. കുന്നുംകുളം, വടക്കാഞ്ചേരി ഭാഗങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവിടത്തെ സമൂഹത്തിന്റെ ഹൃദയം കവരാന്‍ അദ്ദേഹത്തിനധികം സമയം വേണ്ടിവന്നില്ല.
പരിക്ക് പറ്റിയശേഷം ചികിത്സകളെല്ലാം സംഘ സ്വയംസേവകരുടെ ഉത്സാഹത്തില്‍ നടന്നു. പക്ഷേ നട്ടെല്ലിന്റെ ക്ഷതം സൃഷ്ടിച്ച പരാധീനതയില്‍നിന്ന് മോചനം നേടാന്‍ കഴിഞ്ഞില്ല. അതിനാല്‍ എല്ലാ കൃത്യങ്ങളും കിടന്നുകൊണ്ടുതന്നെ വേണ്ടിവരുന്നു. തിരുവില്വാമലയ്ക്കടുത്ത് പാമ്പാടിയില്‍ സ്വാമി നിര്‍മലാനന്ദ ഗിരിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആയുര്‍വേദ ചികിത്സാലയത്തില്‍ പരിചരണം നേടി. ആശ്വസ്തനായെങ്കിലും ഇപ്പോഴും നടക്കാന്‍ സാധ്യമായിട്ടില്ല. പക്ഷേ ചക്രക്കസേരയില്‍ തന്നെത്താന്‍ കയറിയിരിക്കാനും വീട്ടിനുള്ളില്‍ സഞ്ചരിക്കാനും കഴിയുന്ന സ്ഥിതി ആയിട്ടുണ്ട്. ആധുനികരീതിയിലുള്ള ചക്രക്കസേര സ്വാമി അയ്യപ്പദാസ് ബിജുവിനു നല്‍കിയിട്ടുണ്ട്.
അദ്ദേഹം അവശനിലയിലാണെന്നറിഞ്ഞപ്പോള് മുതല്‍ വീട്ടില്‍ ചെന്നുകാണണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്റെ ആരോഗ്യസ്ഥിതിയില്‍, മലകയറേണ്ട എന്ന സ്വയംസേവകരുടെ ഉപദേശം മാനിക്കുകയായിരുന്നു. ഓണം,വിഷു മുതലായ വിശേഷ ദിവസങ്ങളില്‍ സ്വയംസേവകര്‍ അദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ച് അച്ഛനമ്മമാരോടും സഹോദരങ്ങളോടുമൊപ്പം സമയം ചെലവഴിക്കാറുണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ പത്നി ശ്രീകൃഷ്ണപുരത്തെ സാന്ദീപനി വിദ്യാലയത്തില്‍ പഠിപ്പിക്കുന്നുമുണ്ട്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് തൊടുപുഴയിലെ സ്വയംസേവകര്‍ പാറക്കടവ് എന്ന സ്ഥലത്തു സൗകര്യമായൊരു വീട് കണ്ടെത്തുകയും അതു വാടകയ്ക്കെടുത്ത് ആ കുടുംബത്തെ അങ്ങോട്ട് മാറ്റുകയും ചെയ്തു. വീടുവരെ വാഹനം ചെല്ലുമെന്നതിനാല്‍ ബിജുവിന് ആസ്പത്രിയില്‍ പോകാന്‍, മറ്റാരുടെയും ചുമലില്‍ കയറേണ്ടിവരുന്നില്ല. എനിക്കും പോകാനും അദ്ദേഹത്തെയും കുടുംബത്തെയും കണ്ട് ഓണ സന്തോഷം പങ്കുവെക്കാനും സാധിച്ചു. അത് അദ്ദേഹത്തിനും വളരെ സന്തോഷകരമായി.
ഇങ്ങനെ പരിക്കുപറ്റി അവശരായ പല സംഘപ്രവര്‍ത്തകരുടെയും കാര്യം ഓര്‍ക്കാന്‍ ഈ യാത്ര ഉപകരിച്ചു. ആദ്യത്തെ സംഭവം 1959 ല്‍ തലശ്ശേരിയില്‍ പ്രചാരകനായിരിക്കെയാണ്. ഇന്നത്തെ വടകര ജില്ലയില്‍ നാദാപുരം താലൂക്കില്‍ (അന്ന് ഈ ഭാഗത്തെ സംഘപ്രവര്‍ത്തനം തലശ്ശേരിയില്‍ നിന്നാണ് നോക്കി വന്നത്) ചിക്കോന്നുമ്മല്‍ ശാഖയിലെ ഒരു സ്വയംസേവകന് (പേരു കുമാരന് എന്നാണോര്‍മ) ജീപ്പിടിച്ച് ഇടുപ്പിന്റെ ഭാഗം തകര്‍ന്ന് അവശനായി. ബന്ധുക്കളും സ്വയംസേവകരും അദ്ദേഹത്തെ തലശ്ശേരി ആസ്പത്രിയില്‍ കൊണ്ടുവന്നു. ഒരു ജീപ്പില്‍ ഒടിഞ്ഞുമടങ്ങിയ മട്ടിലാണ് കൊണ്ടുവന്നത്. വഴിയില്‍ പെരിങ്ങത്തൂര്‍ പുഴയില്‍ കടത്തു കടക്കേണ്ടി വന്നു. അന്നു പെരിങ്ങത്തൂര്‍ പാലമില്ല. തലശ്ശേരിയില്‍ അന്നത്തെ ആസ്പത്രി ഒരു നരകം തന്നെയായിരുന്നു. അവിടെനിന്നും കോഴിക്കോട്ടേക്കു കൊണ്ടുപോകാനാണ് നിര്‍ദ്ദേശം കിട്ടിയത്. അന്നവിടെ പ്രചാരകനായിരുന്ന വി.പി.ജനാര്ദ്ദനന് കത്തുമായി അവരെ അയച്ചു. അന്ന് മെഡിക്കല്‍ കോളേജിന്റെ പുതുമണം മാറിയിരുന്നില്ല. മൂന്നുമാസത്തെ ചികിത്സകൊണ്ട് ഒടിഞ്ഞ അസ്ഥികള്‍ കൂട്ടിയോജിപ്പിച്ചു. അദ്ദേഹം ചിക്കോന്നുമ്മല്‍ മടങ്ങിയെത്തി. തുടര്‍ന്നു ഒരു കുരിക്കളുടെ മര്‍മ്മ ചികിത്സയിലൂടെ ആരോഗ്യം ഒരുവിധം നേരെയായി. അദ്ദേഹത്തിന് ശാഖാ പരിപാടികളില്‍ പങ്കെടുക്കാമെന്നായി. പ്രാകൃതമെന്നു പറയാവുന്ന അന്നത്തെ സ്ഥിതിയിലല്ല ഇക്കാലത്ത് ആശുപത്രികള്‍.
പിന്നീട് ഓര്‍മയില്‍ വന്ന സംഭവം ഒരു ദുരന്തമായിരുന്നു. 1972 ലോ 73 ലോ ആണ് മട്ടാഞ്ചേരിയിലെ കൊച്ചിന് കോളേജിലെ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചിരുന്ന പി.വിജയന് അവിടുത്തെ എസ്എഫ്ഐ, മാര്‍ക്സിസ്റ്റ് നേതൃത്വത്തിന് കണ്ണില്‍ കരടായിത്തീര്‍ന്നു. എബിവിപിയെ എങ്ങനെ തകര്‍ക്കണമെന്ന് ഉന്നതതലത്തിലെടുത്ത തീരുമാനത്തിന്റെ ഫലമായി അവര്‍ വിജയനെ മാരകമായി കുത്തിമലര്‍ത്തി. അദ്ദേഹത്തിന്റെ സുഷുമ്നാ നാഡിക്കു തന്നെയാണ് കുത്തേറ്റത്. വളരെ കഠിനമായ പരിതസ്ഥിതിയിലായ വിജയന്റെ അരയ്ക്കു കീഴോട്ടുള്ള ഭാഗം നിശ്ചലമായി. എറണാകുളത്തും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. അടിയന്തരാവസ്ഥക്കാലത്ത് നിസ്സഹായനായി കിടക്കേണ്ടിവന്നതില്‍ ആ മനസ്സ് കഠിനമായി വേദനിക്കുന്നുണ്ടായിരുന്നു. 1980 ല്‍ ആ ജീവിതം പൊലിഞ്ഞു. വിജയന്റെ അമ്മയുടെ തറവാട് മഞ്ചേരിയിലാണ്. അമ്മാവന് പത്മനാഭന് ഗ്വാളിയര്‍ റയോണ്‍സിലെ ബിഎംഎസ് യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഇനിയും ഓര്‍മയില്‍ തെളിഞ്ഞത് ജന്മഭൂമിയുടെ കണ്ണൂര്‍ പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന അഴിക്കോടന്‍ ദാമോദരനാണ്. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ജയിലില്‍, ഒരുമിച്ചു നാലുമാസം രാജ്യരക്ഷാ നിയമപ്രകാരം ചുമത്തപ്പെട്ട കള്ളക്കേസില്‍ തടവില്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. തളിപ്പറമ്പിലെ കണ്ണേട്ടനും പരേതനായ പെരച്ചേട്ടനും മറ്റുമായിരുന്നു സഹതടവുകാര്‍. പന്ത്രണ്ട് വര്ഷമായിക്കാണും ഒരു രോഗിയെ ആംബുലന്‍സില്‍ മംഗലാപുരത്ത് ആസ്പത്രിയിലാക്കി തിരിച്ചുവരുമ്പോള്‍ കാസര്‍കോട്ടു തൈപ്പറമ്പില്‍ ആ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്, അത്യന്തം ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തുതന്നെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലുകളൊക്കെ ഒന്നുംരണ്ടും സ്ഥലങ്ങളില്‍ പൊട്ടിപ്പോയിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കും പരിചരണങ്ങള്‍ക്കും ശേഷമാണ് ദാമോദരന്‍ എഴുന്നേറ്റു നടക്കാറായത്.
പല അസ്ഥികളും നട്ടും ബോള്‍ട്ടും പട്ടയും ഇട്ട് മുറുക്കിയിരിക്കുകയാണ്. നടക്കുമ്പോഴും ഇരുന്നെണീക്കുമ്പോഴും കടകട ശബ്ദം കേള്‍ക്കാന്‍ കഴിയും. സംഘപ്രവര്‍ത്തകരുടെ ശ്രദ്ധാപൂര്‍വമായ പരിചരണവും സഹായവും സ്നേഹവും അദ്ദേഹത്തിനും കുടുംബത്തിനും നല്കിയ ആശ്വാസവും ആത്മവിശ്വാസവും അപാരമാണ്. ജന്മഭൂമിയില്‍നിന്ന് വിരമിച്ച് ഇപ്പോഴദ്ദേഹം കണ്ണൂരിനടുത്ത് പത്രപ്രവര്‍ത്തക കോളനിയിലെ സ്വന്തം വീട്ടില്‍ കഴിയുന്നു. ഇടയ്ക്കിടെ വിശേഷങ്ങളറിയിക്കാറുമുണ്ട്. എന്റെ പുത്രന് അനുനാരായണന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദാമോദരനും തളിപ്പറമ്പിലെ കണ്ണേട്ടനും (ഇരുവരും എന്റെ സഹതടവുകാരാണെന്നു സൂചിപ്പിച്ചുവല്ലോ) ഈ വഴിയൊക്കെ താണ്ടി (350 കി.മീ.) തൊടുപുഴയിലെത്തിയിരുന്നു. കണ്ണേട്ടന്റെ മേല്‍ 1965 ലാണെന്നു തോന്നുന്നു ജീപ്പിടിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ തലയോട്ടിക്കു ക്ഷതമുണ്ടായിരുന്നു. തലയനക്കാതെ പതിനഞ്ചുദിവസം കിടന്നശേഷമാണ് മറ്റു പരിചരണങ്ങള്‍ ഡോക്ടര്‍മാര്‍ ചെയ്തുതുടങ്ങിയത്.
1955 ല്‍ പട്ടാമ്പിയില്‍ കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കൃഷ്ണശര്മാജിയ്ക്കും 15 ദിവസം അനങ്ങാതെ കിടക്കേണ്ടിവന്നുവല്ലൊ. അതിനുശേഷമാണ് ജീവന് ലഭിക്കുമെന്ന് ആശ്വസിക്കാനായത്. പക്ഷേ അദ്ദേഹത്തിനു വര്‍ഷങ്ങളോളം അപസ്മാരം സഹിക്കേണ്ടിവന്നു. ജീവന്മരണങ്ങള്ക്കിടയിലെ നൂല്പാലത്തിന്മേലെ കടന്നുപോയ ഏതാനും സ്വയംസേവകരെ ഓര്‍ക്കാന്‍ ഈ ഓണത്തിന് നാള് അവസരമുണ്ടായി. സംഘത്തിനു മാത്രം നല്കാന് കഴിയുന്ന സഞ്ജീവനൗഷധിയാണ്. വിവരണാതീതമായ ആ സ്നേഹവായ്പ് അവര്‍ക്ക് തുണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: