ഞാനും നീയും ഇന്ന്
രണ്ട് അന്യഗ്രഹ ജീവികളേപ്പോലെ..
മധ്യേ അലസം വീണദൂരം
വന്യമരുവിടംപോലെ നീണ്ടും നിവര്‍ന്നും..
നമുക്കിടയില്‍ നുരഞ്ഞു ഘനീഭവിച്ച മൗനവും
കാഴ്ചകളെക്കെട്ടി രാത്രിസാനുക്കളും..
പറയാന്‍ ബാക്കിവെച്ച വാക്കുകള്‍ എന്റെ
ബോധത്തെ വല്ലാതെ കാര്‍ന്നുതിന്നുന്നു..
യാത്രയുടെയെത്രയോ ധന്യഘട്ടങ്ങളില്
ഒരുപാടുദൂരം ചേര്‍ന്നുനടന്നു നാം..
ഒരേപാഥേയമുണ്ടു, പിന്നെ നിറയെ
തളിര്‍ത്ത കിനാക്കളും കണ്ടു..
ഋതുഭേദങ്ങളെ, നിലാവിനെ ഒക്കെയും
ഒരേനിര്വൃതിയോടെ തൊട്ടറിഞ്ഞൊരുകാലം
ഇന്നു സമാധിസമാനം, പുരാവൃത്തം..
സ്നേഹഗാഥകള്‍ പാടിവന്നോര്ക്കൊപ്പം
ഒരേസത്രത്തില് നമ്മളൊന്നിച്ചതും
അവര്‍ പങ്കുവെച്ച ആകുലതകള്‍ നമ്മളെ
പിന്നെയും യാത്രികരാക്കിയതൊക്കയും
ഓര്‍മ്മയില്‍, ഒന്നുമറ്റൊന്നിനെ
അറിയാതെപോലും തൊട്ടുതീണ്ടാതെ…
ഉറക്കെച്ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെയും
ഉത്തരങ്ങള്‍ നേര്ത്തുനേര്ത്തുവന്നരാവൊന്നില്
പെയ്തൊഴിയാത്ത തുലാവര്ഷത്തിലേക്കു നീ
നനഞ്ഞിറങ്ങി ഗൂഢം നടന്നുമറഞ്ഞതും
ഒരാര്ദ്രസ്മൃതി..വലിയചോദ്യം..ഇന്നും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: