നാണയത്തുട്ടുകള്‍ നമ്മുടെ നിത്യജീവിതത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. അധികം വൈകാതെ ഇന്ന് കൈമാറ്റത്തിലിരിക്കുന്ന നാണയങ്ങളും ചരിത്രത്തിന്റെ ഭാഗമാകും. നാണയങ്ങള്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തിന്റെ മുഖമുദ്രയാല്‍ ആലേഖനം ചെയ്യപ്പെട്ടവയാണ്. പണ്ടത്തെ അഞ്ചുപൈസയും പത്തുപൈസയുമെല്ലാം ഇന്ന് നമ്മുടെ വീട്ടിലെ അലമാരയുടെ ഏതെങ്കിലും ഒരു മൂലയില്‍ അവശേഷിക്കുന്നുണ്ടാവാം. ഇന്നതിന് മൂല്യമില്ലെങ്കിലും മനസുകൊണ്ട് അമൂല്യമായി കരുതുന്നതിനാല്‍ മാത്രം സൂക്ഷിച്ചുവയ്ക്കപ്പെടുന്നവ.
ഒരോ രാജ്യത്തിന്റേയും ചരിത്ര പശ്ചാത്തലം കൂടിയുള്‍ക്കൊള്ളുന്ന നാണയങ്ങള്‍ വിസ്മൃതിയില്‍ ഒതുങ്ങേണ്ടവയല്ലെന്ന് തെളിയിക്കുകയാണ് പാലക്കാട്ടുകാരന് കെ.ബി. ബാബുരാജ്. കാല്പ്പതിറ്റാണ്ടു പിന്നിടുന്നു, ബാബുരാജ് നാണയ ശേഖരം തുടങ്ങിയിട്ട്. നാണയത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനുള്ള-അറിയുവാനുള്ള ആഗ്രഹം തുടങ്ങിയത് 1990 ല്‍ രണ്ട് വിദേശികള്‍ തന്റെ നാട്ടില്‍ (പാലക്കാട് പഴത്തറ തേന്ക്കുറുശ്ശി) സാക്ഷരതയെക്കുറിച്ച് പഠിക്കാനെത്തിയപ്പോഴായിരുന്നു. അവര്‍ ആവശ്യപ്പെട്ട പ്രകാരം നാണയങ്ങള്‍ ശേഖരിക്കുവാന്‍ തുടങ്ങി. പിന്നീട് പല സംസ്ഥാനങ്ങളിലും കറങ്ങിയടിച്ച് നാണയശേഖരവും ഒപ്പം അവയുടെ വിശദവിവരങ്ങളും സമ്പാദിച്ചു.
നാണയങ്ങളുടെ ചരിത്രത്തിലേക്ക്…
ഭാരതത്തിലെ പൗരാണിക നഗരങ്ങളായ ഹാരപ്പയ്ക്കും മോഹന്ജദാരോവിനും ഈജിപ്തുമായും മധ്യപൂര്‍വ ഏഷ്യയുമായും വാണിജ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും നാണയങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ല. ബിസി 500 നും ബിസി 600 നും ഇടക്ക് ഇടയഗോത്രത്തില്‍പ്പെട്ട ആര്യന്മാര് ഗംഗാ നദീ തടത്തില്‍ ഒരു കാര്‍ഷികഘടന വളര്‍ത്തിയെടുത്തെന്നും ”നിഷ്ക”, ”സുവര്‍ണ്ണ” എന്നീ പേരുകളില്‍ മൂല്യമുള്ള ലോഹത്തുണ്ടുകള്‍ ദക്ഷിണയായി പുരോഹിതന്മാര്ക്ക് നല്‍കിയിരുന്നു എന്നും വൈദികസാഹിത്യത്തില്‍ പരാമര്‍ശമുണ്ട്. പക്ഷേ, ഭാരതത്തില്‍ രണ്ടാം വല്‍ക്കരണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന ബിസി 600 മുതലാണ് കൈമാറ്റ മാധ്യമമായി നാണയങ്ങള്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയത്.
വടക്കേ ഭാരതത്തില്‍ ബിസി 600 മുതല്‍ എഡി100 വരെയും തെക്കെ ഭാരതത്തില്‍ വിജയനഗര
രാജാക്കന്മാരുടെ ഭരണം വരെയും പഞ്ച് മാര്‍ക്ക്ഡ് നാണയങ്ങളായിരുന്നു. സാങ്കേതിക വിദ്യ പ്രകാരം, ലോഹത്തകിടുകള്‍ ചുട്ടുപഴുത്തിരിക്കുമ്പോള്‍ അതില്‍ അടയാളങ്ങളും പ്രതീകങ്ങളും (മരം, പുഷ്പം, കിളി, മൃഗം) പതിപ്പിക്കുന്നതായിരുന്നു രീതി.
ഭാരതത്തില്‍ ബിസി 2000-ാം നൂറ്റാണ്ട് മുതല്‍ എഡി മൂന്നാം നൂറ്റാണ്ട് വരെ ഗോത്ര റിപ്പബ്ലിക്കുകള്‍, നഗര രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ ജനപദ നാണയങ്ങള്‍ പ്രചാരണത്തിലായിരുന്നു. അശോകന്റെ മരണശേഷമുള്ള രാഷ്ട്രീയ തകര്‍ച്ച, നാണയ നിര്‍മാണത്തിന് ഈ കാലഘട്ടത്തില്‍ ഉപയോഗിച്ച ലോഹത്തിലും പ്രതിബിംബിക്കുന്നുണ്ട്. ഏറെയും ചെമ്പ് നാണയങ്ങളാണ് ഈ അഞ്ച് നൂറ്റാണ്ടുകളിലും ഗോത്ര റിപ്പബ്ലിക്കുകളില്‍ പ്രചാരത്തിലിരുന്നത്. നാണയത്തില്‍ ആദ്യമായി (ഭാരതത്തില്‍) പേര് മുദ്രണം ചെയ്യാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. രാജാക്കന്മാരുടെ പേരിന് പുറമെ യഹൂദയാ, അര്ജ്ജുനായന, മാലവ, വൃക്ഷ്ണി എന്നീ ഗോത്ര റിപ്പബ്ലിക്കുകളുടെ പേരുകളും നാണയങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം.
ഭാരതീയ നാണയ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് ഗ്രീക്കുകാര്‍. ബിസി 175 മുതല്‍ 155 വരെ ഭരിച്ചിരുന്ന ഇന്‍ഡോ-ഗ്രീക്ക് രാജാവായ എവുക്രാദിത്തസ് വൃത്ത ചതുരാകൃതിയിലുള്ള നാണയങ്ങള്‍ വെള്ളിയിലും ചെമ്പിലും ഇറക്കുകയുണ്ടായി. രാജാവിന്റെ ചിത്രത്തോടുകൂടിയതും ദ്വിഭാഷകളില്‍ മുദ്രണം ചെയ്തിട്ടുള്ള ‘ദ്രാക്മാകള്’ ‘തേത്രാദ്രാക്മാകള്’ എന്നിവ എവുക്രാദിത്തസിന്റെയും പിന്‍ഗാമികളുടെയും നാണയ സംഭാവനകളാണ്.
ഗ്രീക്കുകാര്‍ സ്വര്‍ണം, വെള്ളി, ചെമ്പ്, ഈയം എന്നീ ലോഹങ്ങളില്‍ നാണയം ഇറക്കിയിരുന്നുവെങ്കിലും അവരുടെ സ്വര്‍ണനാണയങ്ങള്‍ ബാക്ട്രീയ പ്രദേശത്തു മാത്രമായി ഒതുങ്ങി. ഇന്തോ- ഗ്രീക്ക് നാണയങ്ങള്‍ സേവൂസ്, സെരാക്ലൂസ്, ദിയോസ്തൂരി എന്നീ ഗ്രീക്ക് ദേവന്മാരുടെയും ദേവിമാരുടേയും ചിത്രങ്ങളോടെയും നിര്‍മിക്കപ്പെട്ടിരുന്നു. ചില നാണയങ്ങളില്‍ ഹൈന്ദവ ദേവന്മാരും ദേവിമാരും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇന്തോ-സ്തീത്തിയന് രാജാക്കന്മാരായ മവുയെസ്, അസെസ്, അസിലസിസ്സ് മുതലായവര്‍ ഇറക്കിയ നാണയങ്ങളും ഗ്രീക്ക് ദേവന്മാരുടെ ചിത്രങ്ങള്‍ മുദ്രണം ചെയ്തവയായിരുന്നു. ചഷ്ടാന, നഹപാന എന്നീ പാശ്ചാത്യ ക്ഷത്രപ രാജാക്കന്മാരുടെ കാലങ്ങളില്‍ ഇറക്കിയ നാണയങ്ങളില്‍ മുന്‍വശത്ത് കുറിപ്പുകളും മറുവശത്ത് ബ്രഹ്മി, കാരാഷ്ടി എഴുത്തുകളുമായിരുന്നു ആലേഖനം ചെയ്തിരുന്നത്.
എഡി ഒന്നാം നൂറ്റാണ്ടു മുതല്‍ നാലാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന കുഷാന്‍ രാജാക്കന്മാരുടെ കാലത്ത് കച്ചവടാവശ്യത്തിനായി നാണയങ്ങളില്‍ മാറ്റം വരുത്തുകയുണ്ടായി. കഡ്ഫീസസ് രാജാവാണ് ആദ്യമായി ഭാരതത്തില്‍ സ്വര്‍ണനാണയങ്ങള്‍ ഇറക്കിയത്.
ഇരട്ട ദിനാറുകള്‍, കാല് ദിനാറുകള്‍ എന്ന പേരില്‍ വീമക്ഡ് ഫാസ്സ് രാജാവ് സ്വര്‍ണനാണയം ഇറക്കിയിരുന്നു. കുശാന്‍ കാലഘട്ടത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന റോമന്‍ സ്വര്‍ണനാണയങ്ങള്‍ കുഷാന്‍ രാജാക്കന്മാരുടെ ചിത്രവും പേരും ചേര്‍ത്ത് പുനഃമുദ്രണം നടത്തിയതാണ് ഇവ എന്ന് പറയപ്പെടുന്നു. മധ്യ ഏഷ്യയിലെ ആള്ട്ടൈ മലകളില്‍നിന്ന് കിട്ടിയ സ്വര്‍ണവും റോമാ സാമ്രാജ്യവുമായി നടന്ന വ്യാപാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണവും കുശാന്‍ സ്വര്‍ണനാണയങ്ങള്‍ക്ക് വേണ്ട ലോഹമായി മാറി എന്നതാണ് സത്യം.
കുശാന്‍ രാജാവായ കനിഷ്കന്റെ നാണയങ്ങളില്‍ പാശ്ചാത്യ ദേവന്മാരായ ഹീലിയോസ്, സലേനെ, നാന എന്നിവരുടെ ചിത്രം കൂടി മുദ്രണം ചെയ്യപ്പെട്ടിരുന്നു. കുശാര്‍ കാലഘട്ടത്തിലെ വളരെയേറെ സ്വര്‍ണനാണയങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും കുശാന്‍ കാലഘട്ടത്തില്‍ ഇറക്കിയ അധികം വെള്ളി നാണയങ്ങള്‍ കിട്ടിയിട്ടില്ല.
ഗുപ്ത രാജാക്കന്മാര് ഇറക്കിയ ആയിരക്കണക്കിന് സ്വര്‍ണം, വെള്ളി, ചെമ്പ്, ഈയം നാണയങ്ങള്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കിട്ടിയിട്ടുണ്ട്. നാണയങ്ങള്‍ക്ക് തദ്ദേശീയ ഘടനയും രൂപവും മാനവും കൈവരുന്നത് ഗുപ്ത രാജാക്കന്മാരുടെ കാലത്താണ്. സമുദ്രഗുപ്തന്റെ അശ്വമേധ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സംസ്കൃത-ബ്രഹ്മി ലിപികളിലാണ് പേരുകളും വിവരങ്ങളും മുദ്രണം ചെയ്തിരുന്നത്.
ചെമ്പുനാണയങ്ങള്‍ ഗുപ്ത കാലഘട്ടത്തില്‍ താരതമ്യേന കുറവായിരുന്നു. ചന്ദ്രഗുപ്തന് രണ്ടാമന്റെയും കുമാരഗുപ്തന്റെയും പേരില്‍ ഇറക്കിയ ചില ചെമ്പു നാണയങ്ങള്‍ ബീഹാറില്‍നിന്നും അയോദ്ധ്യയില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുമുണ്ട്.
ഭാരതം ഭരിച്ച അറബ്, തുര്‍ക്കി, മുഗള്‍ വംശജര്‍ തുടങ്ങിയ മുസ്ലിം രാജാക്കന്മാരുടെ നാണയങ്ങളില്‍ ഇസ്ലാമിക വിശ്വാസപ്രമാണങ്ങളും (കലിമ) അബൂബക്കര്‍, ഉമര്‍, ഉസ്മാന്, അലി എന്നീ ആദ്യ ഖലീഫകളുടെ പേരും ചേര്‍ത്തിരുന്നു. ഈ നാണയങ്ങളിലെ മതേതര ഘടകങ്ങള്‍ ഭരിച്ചിരുന്ന രാജാവിന്റെ പേരില്‍ നാണയവും ഇറക്കിയ സ്ഥലവും തീയതിയും മാത്രമായിരുന്നു. ഔറംഗസീബിന്റെ നാണയങ്ങളില്‍ കലിമ (ഇസ്ലാമിക വിശ്വാസ പ്രമാണം) മുദ്രണം ചെയ്യുന്നത് അദ്ദേഹം വിലക്കിയിരുന്നു.
പോര്‍ച്ചുഗീസുകാര്‍, ഗോവ, കൊച്ചി, ബാസ്റ്റെയിന് എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണം, വെള്ളി, ചെമ്പ് നാണയങ്ങള്‍ ഇറക്കുകയുണ്ടായി. ക്രുസാദോ സ്വര്‍ണനാണയം സെറാപ്പിന്, പര്താവൂ എന്ന വെള്ളി നാണയം ബസ്റ്റാറുക്കോസ് ചെമ്പ് നാണയവും ഭാരതത്തില്‍ പ്രചാരത്തിലിരുന്ന ഡച്ച് നാണയങ്ങളും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭംവരെ ഭാരതത്തിലെ തീരപ്രദേശങ്ങളിലെ കൈമാറ്റ മാധ്യമമായിരുന്നു.
യൂറോപ്പില്‍നിന്ന് ആവശ്യത്തിന് വെള്ളിപോലുള്ള അമൂല്യലോഹം കിട്ടാനില്ലായിരുന്ന ഒരു സാഹചര്യത്തില്‍ ഡച്ച് കോട്ടകളിലും അധിനിവേശ പ്രദേശങ്ങളിലും എത്തുന്ന വിദേശ നാണയങ്ങളില്‍ (പേര്‍ഷ്യന്‍, അബാസിഡ് നാണയങ്ങള്‍, ഇന്തോ-പോര്‍ച്ചുഗീസ് തങ്കം, ബീജാപ്പൂര്‍ സുല്‍ത്താന്റെ ലാരീസ്, മുഗള്‍ രാജാക്കന്മാരുടെ രൂപ) എന്ന് ഡച്ച് മുദ്ര കുത്തി കൈമാറ്റത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നു.
1613 ല്‍ സുറക്ടിക് ഫാക്ടറി സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ സ്പാനിഷ് ഡോളറായിരുന്നു കൈമാറ്റത്തിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1672 മുതല്‍ ബോംബെ നാണയ കേന്ദ്രത്തില്‍നിന്നും യൂറോപ്യന്‍ രീതിയിലുള്ള കരോളിന (സ്വര്‍ണനാണയം) ആഞ്ചലീന (വെള്ളി നാണയം) കോപ്പറോവന് (ചെമ്പു നാണയം) എന്നിവയാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കായി ഇറക്കിയിരുന്നത്. അതിനുശേഷം വലിയ ഇടപാടുകള്‍ നടത്തുന്നതിനുവേണ്ടി പകോട എന്ന സ്വര്‍ണനാണ്യവും ചെറിയ കൈമാറ്റങ്ങള്‍ക്കായി പണം എന്ന ചെറിയ ഇനം നാണയവും മദ്രാസില്‍നിന്ന് വരുത്തുകയുണ്ടായി.
കൊല്‍ക്കത്തയില്‍നിന്നും വെള്ളിയില്‍ ‘രൂപ’ എന്ന നാണയം മുഗള്‍ ചക്രവര്‍ത്തിയായ ആലംഗീര്‍ രണ്ടാമന്, ഷാ ആലം രണ്ടാമന് എന്നിവരുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ഇറക്കി. 1853 നോടുകൂടി മുഗള്‍ രീതിയിലുള്ള നാണയ നിര്‍മാണം ഉപേക്ഷിക്കുകയും മൊഹാര്‍, രൂപ എന്നീ നാണയങ്ങള്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിമാരുടെ പേരോടെ കൊല്‍ക്കത്തയില്‍ നിന്നും ബോംബെയില്‍ നിന്നും ഇറക്കാന്‍ തുടങ്ങി. പിന്നീട് ഏകീകൃത നാണയ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയില്‍ എല്ലായിടത്തും നടപ്പിലാക്കുകയും ചെയ്തു. നാണയങ്ങളോടുള്ള ഇഷ്ടത്തിനൊപ്പം നൂമിസ്മാറ്റിക്സ്(നാണയങ്ങളെക്കുറിച്ചുള്ള പഠനം) ശാഖയിലും അവഗാഹമുണ്ട്.
പൗരാണിക ഭാരതത്തിലെ നാണയങ്ങളുടെ ചരിത്രമെല്ലാം ബാബുരാജിന് മനപാഠമാണ്. നാല്‍പ്പത്തിയെട്ടുകാരനായ ബാബുരാജ,് പ്രത്യേകം തയ്യാറാക്കിയ കാര്‍ഡ്ബോര്‍ഡ് ഷീറ്റില്‍ നാണയങ്ങള്‍ പതിപ്പിച്ച് ലാമിനേറ്റ് ചെയ്ത്, അത് ഗ്ലാസ്കൂടിനകത്തുവച്ചുകൊണ്ടാണ് പ്രദര്‍ശനമേളകളില്‍ എത്തിക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് ഇന്ത്യ പോസ്റ്റുകാര്ഡുകളുടെ ശേഖരം ഉള്ളതും ബാബുരാജിന്റെ പക്കലാണ്. 247 രാജ്യങ്ങളുടെ കറന്‍സികള്‍ ഇതിന് മുമ്പ് ബാബുരാജ് ശേഖരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം അതെല്ലാം വില്‍ക്കുകയായിരുന്നു. 2012ല്‍ സംസ്ഥാന ഭാഗ്യക്കുറിയിലൂടെ 25 ലക്ഷം രൂപ ഭാഗ്യദേവതയുടെ രൂപത്തില്‍ ബാബുരാജിനെ തേടിയെത്തുകയായിരുന്നു. സാമ്പത്തികമായി വളരെയധികം പിന്നിലായിരുന്ന ബാബുരാജ് കടങ്ങളെല്ലാം തീര്‍ത്ത് ഇപ്പോള്‍ ഒരു വീട് പണിതുകഴിഞ്ഞു.
തേങ്കുറുശ്ശി പഴയതറ ദര്‍ശനയില്‍ പരേതനായ ഭാസ്കരന്റെയും സരസ്വതിയുടെയും നാല് മക്കളില്‍ മൂത്തവനാണ് ബാബുരാജ്. നാണയശേഖരണത്തിന്റെ ഭാഗമായി ചെലവ് ഏറെ വന്നിട്ടുണ്ട്. വിദേശ കറന്‍സികള്‍ വീണ്ടും ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബാബുരാജ്. ഭാര്യ ഷൈലജ റീ സര്‍വ്വേ ഉദ്യോഗസ്ഥയാണ്. മകന് ദീപക് പ്ലസ്ടുവിനും മകള്‍ ദിയ ഒന്നാം ക്ലാസിലും പഠിക്കുന്നു.
2007 ല്‍ തിരുവനന്തപുരം പോസ്റ്റല്‍ വകുപ്പില്‍ നിന്നും പുരസ്കാരം ലഭിച്ചിരുന്നു. പാലക്കാട് ന്യൂമിസ്മാറ്റിക് അസോസിയേഷന് ഗോള്‍ഡ് മെഡല്‍, 2008 ല്‍ ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ എക്സിബിഷനില്‍ നിന്നും അവാര്‍ഡ് ലഭിച്ചു. കോയമ്പത്തൂര്‍ പോസ്റ്റല്‍ വകുപ്പ്, പാലക്കാട് പോസ്റ്റല്‍ വകുപ്പ് എന്നിവയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
വരുംതലമുറക്ക് ഭാരതീയ സംസ്കാരം നിറഞ്ഞ നാണയത്തിന്റെയും അവയുടെ മൂല്യങ്ങളെക്കുറിച്ചും അറിവ് പകരാനുള്ള തയ്യാറെടുപ്പിലാണ് ബാബുരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: