മണ്ണാര്‍ക്കാട്: ചങ്ങലീരി അമ്പലവട്ടയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയതിനെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധം. വിദ്യാലയത്തിനു സമീപം ക്ഷേത്രത്തിലേക്കുള്ള വഴിയരികിലാണ് മാലിന്യ നിക്ഷേപം. ഇതിനെതിരെ പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അവഗണന കാണിക്കുന്നതിലും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. ശ്രീമൂകാംബികാ വിദ്യാനികേതന്‍ അധികൃതര്‍ സംഭവത്തില്‍ നടപടിവേണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രദേശത്തെ ഒന്നിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടുത്താണ് രാത്രിയുടെമറവില്‍ വന്‍തോതില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്നിട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യം ഒഴുകി വള്ളമ്പുഴ ക്ഷേത്രപരിസരത്ത് ദുര്‍ഗന്ധ പൂരിതമയിട്ടുണ്ട്.
റോഡരികിലെ കാനയിലാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. ജനവാസം തീരെ കുറവായ പ്രദേശമായതിനാലാണ് ഈ സ്ഥലംതന്നെ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ രണ്ടുമാസംമുമ്പ് ഇവിടെ കല്ലുവെട്ടുകുഴിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയ അസഹ്യ ദുര്‍ഗന്ധമുള്ള കോഴിമാലിന്യവുമായെത്തിയ മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തകര്‍ത്തിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഈ സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിനടുത്ത റോഡരികില്‍ വീണ്ടും മാലിന്യം തള്ളിയിട്ടിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പധികൃതര്‍ സ്ഥലത്തെത്തി മാലിന്യം അണുമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. തുടര്‍ന്ന്, കുറ്റക്കാരെ കണ്ടെത്തുന്നതിനായി പോലീസില്‍ പരാതിനല്‍കി.
നിരന്തരമായി ഇവിടെ മാലിന്യം കൊണ്ടുവന്നിടുന്നതിനെതിരെ അധികാരികള്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: