കട്ടപ്പന: പതിറ്റാണ്ടുകളായി പട്ടയ സ്വപ്നവുമായി കഴിയുകയാണ് കോവില്‍ മലയിലെ 35 കുടുംബങ്ങള്‍. ഏതു വകുപ്പിന്റെ പരിധിയിലാണെന്ന് അറിയാതെ കിടക്കുന്ന 37 ഏക്കര്‍ ഭൂമിയില്‍ പട്ടയ സ്വപ്നവുമായി കഴിയുകയാണിവര്‍. ലാന്‍ഡ് രജിസ്റ്ററില്‍ പേരില്ലാത്തതിനാല്‍ പട്ടയം അനുവദിക്കാന്‍ കഴിയില്ലെന്ന് റവന്യൂ വകുപ്പും ഇവിടെ വനഭൂമിയില്ലെന്ന് വനം വകുപ്പും വ്യക്തമാക്കുമ്പോള്‍ ആരെ സമീപിക്കണമെന്നറിയാതെ കഴിയുകയാണ് ഈ വനവാസികള്‍. ഇടുക്കി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് അയ്യപ്പന്‍കോവില്‍ മേഖലയില്‍ നിന്ന് കുടിയിറക്കുണ്ടായപ്പോള് ഒറ്റപ്പെട്ട സ്ഥിതിയിലായ ഇവിടുത്തുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഭൂമിക്കു ചുറ്റും സര്‍ക്കാര്‍ നട്ടുപിടുപ്പിച്ച തേക്കുമരം വെട്ടിമാറ്റിയശേഷം 1978 ല്‍ അയ്യപ്പന്‍കോവിലില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് പ്ലോട്ട് തിരിച്ചു ഭൂമി നല്കി കുടിയിരുത്തുകയാണുണ്ടായത്. ഇതിനായി സര്‍വേ നടത്തിയപ്പോള്‍ പഴയ കൈവശക്കാരുടെ ഭൂമി ഒറ്റപ്ലോട്ടായി ബ്ലോക്ക് 63 ല്‍ സര്‍വേ നമ്പര്‍ 45 ആയി തിരിച്ചിട്ടു. എന്നാല്‍ കൈവശക്കാരുടെ പേരുവിവരം ഇതില്‍ രേഖപ്പെടുത്തിയില്ല. ചുറ്റുമുള്ളവര്‍ക്കെല്ലാം പട്ടയം കിട്ടിയതോടെ ഈ കുടുംബങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ചു. ലാന്‍ഡ് അസൈന്മെന്റ് ഓഫീസിലെ രജിസ്റ്ററില്‍ ഫോറസ്റ്റ് പ്ലാന്റേഷന്(എഫ്.പി) എന്നാണ് ഈ സ്ഥലത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനാല്‍ പട്ടയം അനുവദിക്കാനാവില്ലെന്ന് റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വനം വകുപ്പില്‍ നിന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ചപ്പോള്‍ ഇവിടം വനഭൂമിയില്‍ പെടാത്ത സ്ഥലമാണെന്നായിരുന്നു മറുപടി. മേഖലയില്‍ അധിവസിക്കുന്നവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും റേഷന്‍ കാര്‍ഡ് ഉള്ളവരും വീട്ടു നമ്പര്‍ ഉള്ളവരും വീടിനു കരം അടയ്ക്കുന്നവരുമാണ്. കൂടാതെ 1955 ല്‍ മുതല്‍ ഇവിടെ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്ന റവന്യു അധികൃതര്‍ നല്കിയ വിവിധ രേഖകളുമുണ്ട്. 1960 മുതല്‍ റേഷന്‍ കാര്‍ഡ് ഉള്ളവരുമുണ്ട്. ഇവയൊക്കെ ചൂണ്ടിക്കാട്ടി വില്ലേജ്താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റിലും റവന്യൂ മന്ത്രിയുടെ ഓഫീസിലും കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: