മുട്ടില്‍ : സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ സ്വയം പ്രതിരോധ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുമ്പോള്‍ പേടിച്ച് കരഞ്ഞിരുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു. ഇത്തരംസാഹചര്യങ്ങളില്‍ നിമിഷനേരം കൊണ്ട് അക്രമിയെ കീഴടക്കാനും സ്വയംരക്ഷപ്പെടാനുമുള്ള മാര്‍ഗങ്ങള്‍ ജില്ലയിലെ സ്ത്രീകളെ പരിശീലിപ്പിക്കുന്നുണ്ട്. മാലപൊട്ടിക്കല്‍, ബാഗ് തട്ടിപ്പറിക്കല്‍, ബലാല്‍ക്കാരം, അഭിമാനക്ഷതമുണ്ടാകുന്ന മറ്റ് പ്രവര്‍ത്തികള്‍ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളില്‍ ആത്മധൈര്യം വീണ്ടെടുത്ത് പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള ശേഷി കൈവരിക്കുന്നതിനുള്ളതാണ് പരിശീലനം. പരിപാടിയുടെ ഉദ്ഘാടനം മുട്ടില്‍ ഡബ്ല്യുഎംഒ കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദ് നിര്‍വ്വഹിച്ചു.
സമൂഹത്തില്‍ ആദരിക്കപ്പെടേണ്ട സ്ത്രീകളും ലാളിക്കപ്പെടേണ്ട കുട്ടികളും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശീലനം അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദ് പറഞ്ഞു.
വിവിധ സന്ദര്‍ഭങ്ങളില്‍ വനിതകള്‍ നേരിടുന്ന അതിക്രമ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ സ്വയം പര്യാപ്തരാക്കുക, അത്തരം സാഹചര്യങ്ങളില്‍ സ്വയരക്ഷക്കായി പെട്ടെന്ന് സ്വീകരിക്കാവുന്ന പ്രതിരോധ തന്ത്രങ്ങള്‍ സ്വായത്തമാക്കുക, അതുവഴി സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍ ജില്ലാ പോലീസ് മേധാവി അജീതാ ബീഗത്തിന്റെ ആശയമാണ് പരിശീലനത്തിന് വഴിയൊരുക്കിയത്. പോലീസ് അസോസിയേഷനുകള്‍, കലാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രാദേശിക തലത്തിലാണ് പരിശീനലം സംഘടിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട വനിതാ പോലീസുകാര്‍ക്കും താല്‍പ്പര്യമുള്ള വനിതകള്‍ക്കും പരിശീലനം നല്‍കുന്നതിന് സംസ്ഥാന തലത്തി ല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 15വനിതാ പോലീസുകാര്‍ക്കും 25വനിതകള്‍ക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവര്‍ മറ്റുഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും. ഒരുവര്‍ഷം കൊണ്ട് ജില്ലയില്‍ 25000 വനിതകള്‍ക്ക് പരിശീലനം ഉറപ്പാക്കും. കായികപരിശീലനത്തിനു പുറമേ അതിക്രമ സാഹചര്യങ്ങളില്‍ ആത്മവിശ്വാസവും ധൈര്യവും നിലനിര്‍ത്താനുള്ള പരിശീലനവും നല്‍കും. ഡബ്ല്യുഎംഒ കോളേജിലെ പരിശീലനം സെപ്റ്റംബര്‍ ഏഴിന് സമാപിക്കും. സന്നദ്ധ സംഘടനകളോ സ്വയം സഹായ സംഘങ്ങളോ കോളേജുകളോ താ ല്‍പ്പര്യപ്പെടുന്നപക്ഷം പരിശീലനം നല്‍കുമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ വനിതാ െസല്‍ സിഐ സി.ഉഷാകുമാരി അറിയിച്ചു.
ജില്ലാപോലീസ് മേധാവി എം.കെ.പുഷ്‌കരന്‍ അധ്യക്ഷനായി. പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. രാജശേഖര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കെ.ജമാലുദ്ദീന്‍, സ്റ്റാഫ് അഡൈ്വസര്‍ സിബിജോസഫ്, ഡോ. ഹേമലത.സി.പി, പോലീസ് വെല്‍ഫെയര്‍ ബ്യൂറോ പ്രതിനിധി മുഹമ്മദ് അജീബ്.എ.പി, മായന്‍ മണിമ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിവൈ എസ്പിമാരായ പ്രിന്‍സ് എബ്രഹാം സ്വാഗതവും എസ്.പ്രഭാകരന്‍ നന്ദിയും പറഞ്ഞു. വിമന്‍ സെല്‍ഫ് ഡിഫന്‍സ് ടെക്‌നിക്‌സ് ടീം ഡെമോണ്‍സ്‌ട്രേഷനും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: