കല്‍പ്പറ്റ : വികസന വിരോധിയായ വയനാട് എംപിയെ ജനം ബഹിഷ്ക്കരിക്കുമെന്ന് ബിജെപി പാര്‍ലമെന്റ് ചീഫ് വിപ്പും രാജസ്ഥാനിലെ എംപിയുമായ അര്‍ജ്ജുന്റാം മേഘ്വാള്. പാര്‍ലമെന്റില്‍ ജനോപകാരപ്രദമായ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിനും ക്രിയാത്മക ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിനുപകരം മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം കൂട്ടുനിന്ന വയനാട് എംപി എം.ഐ.ഷാനവാസിനെ ജനം തൂത്തെറിയുന്നകാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും പരാജയമായ വയനാട് എംപിയുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനുള്ള ദൗത്യം പാര്‍ട്ടി തന്നെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് എംപിയുമായി ബന്ധപ്പെട്ടിട്ടുള്ള ഏതൊരാവശ്യത്തിനും ബിജെപി വഴി തന്നെ സമീപിക്കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നാടിന്റെയും നാട്ടുകാരുടെയും പുരോഗതി തടസ്സപ്പെടുത്തുന്ന എംപിമാരെ ജനമധ്യത്തില്‍ തുറന്നുകാട്ടുന്നതിനായി ബിജെപി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് ഒരു അജണ്ട മാത്രമേ ഉള്ളൂ, അത് വികസന അജണ്ടയാണ്. സിപിഎം എംപി രാഗേഷിന്റെ മണ്ഡലത്തിലാണ് എന്ഐഇടി അനുവദിച്ചത്. അതിനൊരു നന്ദി വാക്ക് പോലും പറയാന്‍ എംപി തയ്യാറായില്ല. യുഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെടാതെതന്നെ നിധിന് ഗഡ്ഗരി 34000 കോടി രൂപ കേരളത്തിലെ റോഡ് വികസനത്തിന് അനുവദിച്ചു. കേരളത്തിലെ ഒരു എംപിയും ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചത്. യുപിഎ യുടെ എട്ട് മന്ത്രിമാര്‍ മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ എന്താണ് ചെയ്തതെന്ന് കേരളജനതക്കറിയാം. ലോകം ഇന്ന് ഭാരതത്തെ ഉറ്റുനോക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം ഇതിന്റെ ഉത്തമ തെളിവാണ്. നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തെ ഇരുകയ്യും നീട്ടിയാണ് യുഎഇയും അവിടുത്തെ മലയാളികളും സ്വീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സുല്‍ത്താന്റെ അഞ്ച് മക്കളും ഒരു പ്രധാനമന്ത്രിയെ സ്വീകരിക്കനായെത്തുന്നത്. ഭാരതത്തിലെ വിവിധ ബാങ്കുകളില്‍ തൊഴിലാളികളുടെ 27000 കോടി രൂപയാണ് കുടുങ്ങികിടക്കുന്നത്. തങ്ങളുടെ സമ്പാദ്യത്തെകുറിച്ച് പല തൊഴിലാളികള്‍ക്കും ഇന്നറിയില്ല. സസ്പെന്‍സ് അക്കൗണ്ടിലുള്ള ഈ തുക ഓരോ തൊഴിലാളിയുടെയും വീട്ടില്‍ കൃത്യമായി മോദിസര്ക്കാ ര്‍ എത്തിക്കും. തൊഴില്‍നിയമങ്ങള്‍ പരിഷ്ക്കരിച്ചും കാലോചിതമായി വേതനവര്‍ദ്ധനവ് വരുത്തിയും മോദിസര്‍ക്കാര്‍ തൊഴിലാളികളുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നു. കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകിപോകുന്നതുകണ്ട സിപിഎം കേരളത്തി ല്‍ അക്രമം അഴിച്ചുവിടുകയാണ്. യുപിഎ സര്‍ക്കാരിനെ തൂത്തെറിഞ്ഞ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ ജനോപകാര പദ്ധതികളിലൂടെ ഭാരതീയരുടെ മനം കവര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷവിഭാഗങ്ങള്‍ ഭാരതീയ ജനതാപാര്‍ട്ടിയിലേക്ക് ആകൃഷ്ടരാകുന്നതിനെ തടയുക എന്ന കുതന്ത്രവും ഇക്കൂട്ടര്‍ നടത്തിവരുന്നു. ധാരാളം വിദേശരാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തി വിദേശ ധനസഹായ കൂമ്പാരമാണ് മോദി സര്‍ക്കാര്‍ ഭാരതത്തിലെത്തിച്ചത്. ഇതില്‍ വിറളിപൂണ്ട ഇടത്പക്ഷവും കോ ണ്‍ഗ്രസും ബിജെപിക്കെതിരെ കുപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ഭാരതം വന്‍ശക്തിയാകുന്നതിനെ തടയുക എന്നതുതന്നെയാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഏതുവിധേയനേയുംതടയുകയാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നയം. ജിഎസ്ടി ബില്‍ ഇരുസഭകളിലും പാസായി. 2016 ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ബഹളംമൂലം ഇത് തടയപ്പെട്ടു.
യോഗത്തില്‍ കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കെ.ജി.രാമചന്ദ്രന്, ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, വൈസ് പ്രസിഡണ്ടുമാരായ ടി.എ.മാനു, എന്‍.കെ.പൊന്നു, ജില്ലാസെക്രട്ടറി വി.നാരായണന്, എസ്ടി-എസ് സി മോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ആര്.വിജയന്, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് ഗംഗാധരന്, പി.വി.ന്യൂട്ടന്, മുകുന്ദന് പള്ളിയറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: