കോഴിക്കോട്: പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്മാര് ഗ്രാമ നഗരവീഥികള്‍ കീഴടക്കാന്‍ ഇനി ഒരു ദിനം മാത്രം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ബാലഗോകുലം – ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വീടിന് ഗോവ് നാടിന് കാവ് മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശവുമായാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നാളെ 3000 ശോഭായാത്രകള്‍ നടക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ സംഗമിച്ച് 500 ഓളം മഹാശോഭായാത്രകളാകും. കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്മാര്, ഗോപികാവേഷം ധരിച്ച ബാലികമാര്‍, താലപ്പൊലി, ചെണ്ടമേളം, പഞ്ചവാദ്യം, വിവിധ നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ തുടങ്ങിയവ ശോഭായാത്രകള്‍ക്ക് മാറ്റുകൂട്ടും. പ്രാദേശിക ശോഭായാത്രകള്‍ ഉച്ചയ്ക്ക് ശേഷം 3.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് പ്രധാന സ്ഥലങ്ങളില്‍ സംഗമിച്ച് മഹാശോഭായാത്രയായി വൈകീട്ട് 5.30ഓടെ ക്ഷേത്രങ്ങള്‍, ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സമാപിയ്ക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടത്തും.
ആര്‍എസ്എസ് അഖില ഭാരതീയ സഹസേവാ പ്രമുഖ് അജിത്ത് മഹാപാത്ര, ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാര്‍ എന്നിവര്‍ കോഴിക്കോട്ട് നടക്കുന്ന മഹാശോഭായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ബാലഗോകുലം മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. രാജന് മാസ്റ്റര്‍ കുന്ദമംഗലത്തും സംസ്ഥാന സെക്രട്ടറി സ്മിത വത്സലന്‍ നാദാപുരത്തും സംസ്ഥാന സമിതി അംഗങ്ങളായ കെ.സി. മോഹനന്, പി. ഗോപാലകൃഷ്ണന് എന്നിവര്‍ വടകരയിലും രാധാകൃഷ്ണന് ഉണ്ണികുളം പന്തീരാങ്കാവിലും പെണ്ണൂട്ടി ടീച്ചര്‍ പാറോപ്പടിയിലും നടക്കുന്ന മഹാശോഭായാത്രകളില്‍ പങ്കെടുക്കും.
ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തിലുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി സപ്തംബര്‍ അഞ്ചിന് രാവിലെ അഞ്ചിന് ‘ഭജനരഥങ്ങള് നഗരപ്രദക്ഷിണം ചെയ്യും. തുടര്‍ന്ന് രാവിലെ ഏഴിന് മാനസികാരോഗ്യ കേന്ദ്രം- കുതിരവട്ടം, ബാലസദനം- വെള്ളിമാടുകുന്ന്, വൃദ്ധസദനം- വെള്ളിമാട്കുന്ന്, ബാലികാസദനം – ചേവായൂര്‍, ബാലസദനം- ചെറുവറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസാദവിതരണം നടത്തി ബാലദിനസന്ദേശം നല്‍കും.
നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന ആയിരക്കണക്കിന് ബാലികാബാലന്മാര് കൃഷ്ണവേഷത്തില്‍ അണിനിരക്കുന്ന മഹാശോഭായാത്ര ഉച്ചയ്ക്ക് ശേഷം 3.30ന് ശ്രീകണ്ഠേശ്വരക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ശ്രീകൃഷ്ണനാണ് മഹാശോഭായാത്ര നയിക്കുക. വിവിധ നഗര്‍ സമിതികളുടെ ആഭിമുഖ്യത്തില്‍ എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, വെള്ളയില്‍ ശ്രീ വലിയ കാമ്പുറം ഗുരുക്ഷേത്ര പരിസരം, ശ്രീ അഴകൊടി ദേവീ ക്ഷേത്രം, തറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രം, പന്നിയങ്കര ജംഗ്ഷന് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന വിവിധ ഉപശോഭായാത്രകള്‍ ബലരാമനും പഞ്ചപാണ്ഡവരും നയിക്കും.
ഈ ഉപശോഭായാത്രകള്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മഹാശോഭായാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്ണ്ണേശ്വരിക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമ്പാടിയില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും.
ബാലഗോകുലം മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. രാജന്‍മാസ്റ്റര്‍, മേഖലാ പ്രസിഡന്റ് പി.എം. ശ്രീധരന് മാസ്റ്റര്‍, മേഖലാ ട്രഷറര്‍ കെ.ടി. ബാലചന്ദ്രന്, കോഴിക്കോട് മഹാനഗരം സ്വാഗതസംഘം പ്രസിഡന്റ് കൃഷ്ണാനന്ദ കമ്മത്ത്, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി എ.വി. രംഗനാഥന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: