കോഴിക്കോട്:വിദ്യാഭ്യാസവകുപ്പിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സ്കൂള്‍ വസ്തുവകകള്‍ വില്‍പ്പന നടത്തുകയോ പണയപ്പെടുത്തുകയോ ചെയ്യരുതെന്ന് എല്ലാ സ്കൂള്‍ മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. വിദ്യാഭ്യാസവകുപ്പിന്റെ അനുവാദമില്ലാതെ നടത്തിയ സ്കൂളുകളുടെയും അവയുടെ സ്ഥലങ്ങളുടെയും കൈമാറ്റം അസാധുവാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസവകുപ്പിന്റെ അനുവാദം വാങ്ങാതെയുളള കൈമാറ്റം അസാധുവാണെന്ന് മാനേജര്‍മാരെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന് ചെയര്‍ പേഴ്സണ്‍ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന.സി.യു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയിലെ പാറോപ്പടി ചോലപ്പുറത്ത് എ.യു.പി. സ്കൂളില്‍ നാട്ടുകാര്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ പോലീസ് തടഞ്ഞതായി വന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് കമ്മീഷന് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദ്ദേശം.
സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ഹെഡ്മിസ്ട്രസ് ആവശ്യപ്പെടുന്നപക്ഷം, സംരക്ഷണം ലഭ്യമാക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന 58 സെന്റ് സ്ഥലം വിദ്യാഭ്യാസവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോയ സാഹചര്യം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊളളാന്‍ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍, പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവരോടും കമ്മീഷന് ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: