സ്വന്തം ലേഖകന്‍
വടകര: പ്രശസ്ത യോഗാ ചാര്യന് ആചാര്യ രവീന്ദ്രസ്വാമികളുടെ വേര്‍പാട്മൂലം വടകരയ്ക്ക് നഷ്ടമായത് യോഗയുടെ കുലപതിയെ. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 18-ാം വയസ്സില്‍ ബോധാനന്ദ സ്വാമികളുടെ ശിഷ്യനായാണ് യോഗയുടെ രംഗത്തേക്ക് കടന്നുവന്നത്. സ്വാമി വിദ്യാധരാനന്ദ, സ്വാമി കണ്ണപുരന് തുടങ്ങിയവര്‍ യോഗ പരിശീലനത്തില്‍ ഇദ്ദേഹത്തിന് മാതൃകയായി. ബ്രഹ്മാനന്ദ ശിവയോഗിയില്‍ നിന്നും സന്ന്യാസം സ്വീകരിച്ച സ്വാമി രവീന്ദ്ര ഭാരത പര്യടനവും നടത്തിയിരുന്നു. 1960 മുതല്‍ യോഗ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇതിനായി ആരംഭിച്ച ശ്രീകുറുമ്പ യോഗാസന മന്ദിരം കുരിയാടിയില്‍ രാജ്യത്തിന്റെ അകത്തു നിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ശിഷ്യന്മാര് യോഗാസനം പരിശീലിച്ചിരുന്നു. കൊറിയ, ജപ്പാന്, ഫ്രാന്‍സ്, എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പ്രതിഫലേച്ഛ കൂടാതെയാണ് യോഗ പരിശീലനം നടത്തിയിരുന്നത്. രാമായണ മാസാചരണത്തിനും നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിലും സ്വാമി രവീന്ദ്ര നേതൃത്വം നല്‍കിയിരുന്നു. മാരക രോഗങ്ങള്‍ക്ക് യോഗയും ആയുര്‍വേദവും ഫലപ്രദമാണെന്നതിന്റെ അനുഭവ സാക്ഷ്യം പലര്‍ക്കുമുണ്ട്. പിതാവ്: കുഞ്ഞനന്തന്. അമ്മ: കുഞ്ഞിപ്പെണ്ണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: